ktct

കല്ലമ്പലം: അഹിംസായാത്ര നടത്തുന്ന ജൈനമതത്തിന്റെ പരമോന്നത ആചാര്യൻ ആചാര്യ മഹാശ്രമൺജിക്കും അനുയായികൾക്കും കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് കമ്മിറ്റി ഉജ്ജ്വല സ്വീകരണം നൽകി. രാവിലെ 9 ഒാടെ കടുവയിൽ ജുമാ മസ്ജിദിലെത്തിയ അദ്ദേഹത്തെയും അനുയായികളെയും കെ.ടി.സി.ടി ചെയർമാൻ പി.ജെ.നഹാസ്, ചീഫ് ഇമാം അബൂറബീഹ് സദഖത്തുള്ള, ജനറൽ സെക്രട്ടറി എ.എം.എ.റഹീം, കെ.ടി.സി.ടി കോളേജ് ചെയർമാൻ എം.എസ്.ഷെഫീർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ആഗോളസാഹോദര്യം, ലഹരിവിമുക്ത ലോകം, മതസൗഹാർദ്ദം, എല്ലാവർക്കും നീതി എന്നിവ ലക്ഷ്യമിട്ട് മഹാശ്രമൺജി നയിക്കുന്ന അഹിംസായാത്ര കാൽനടയായി പതിനായിരത്തോളം കിലോമീറ്റർ പിന്നിട്ടുകഴിഞ്ഞു. നൂറോളം സ്വാമിമാരും നാനൂറോളം അനുയായിവൃന്ദവും അനുഗമിക്കുന്നുണ്ട്. ഇവർക്ക് കടുവാപ്പള്ളിയിലും, ആഡിറ്റോറിയത്തിലും, കോളേജിലുമായി വിശ്രമസൗകര്യം ഒരുക്കി. ചെയർമാൻ പി.ജെ.നഹാസിന്റെ നേതൃത്വത്തിൽ ആചാര്യയ്ക്ക് കടുവയിൽ ട്രസ്റ്റിന്റെ ഉപഹാരം നൽകി. അഡ്വ. ബി.സത്യൻ എം.എൽ.എ ഉൾപ്പടെയുള്ള ഒട്ടേറെ പ്രമുഖർ ആചാര്യ മഹാശ്രമൺജിയെ സന്ദർശിച്ചു. സംഘം സന്ധ്യയോടെ കന്യാകുമാരിയിലേക്ക് പുറപ്പെട്ടു.