തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളെ ഗവേഷണ കേന്ദ്രങ്ങളാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

എ.കെ.ജി ഹാളിൽ രണ്ടുദിവസത്തെ യംഗ് സ്കോളേഴ്സ് കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മെഡിക്കൽ കോളേജുകളിൽ പഠനവും ചികിത്സയും മാത്രമല്ല നടക്കേണ്ടത്. നിപ്പ പോലെ തിരിച്ചറിയാൻ കഴിയാത്ത രോഗങ്ങളും ജീവിതശൈലീരോഗങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അവിടെ ഗവേഷണത്തിനുള്ള സൗകര്യങ്ങളുമുണ്ടാകണം.
വിദ്യാർത്ഥികളെ ഗവേഷണത്തിലേക്ക് ആകർഷിക്കാൻ അദ്ധ്യാപകർ മുൻകൈ എടുക്കണം. ഇൗയിടെ നെതർലാൻഡുകാർ ചകിരിച്ചോർ ഉപയോഗിച്ച് മര ഉത്പന്നങ്ങളുണ്ടാക്കുന്നത് അറിഞ്ഞു. ഇൗ സാങ്കേതികവിദ്യ ലഭ്യമാക്കാനുള്ള കരാറിൽ സംസ്ഥാനസർക്കാർ ധാരണാപത്രം ഒപ്പുവയ്ക്കുകയും ചെയ്തു. അത്തരം ഗവേഷണസമീപനങ്ങളും കേരളത്തിലുണ്ടാകണമെന്നു മുഖ്യമന്ത്രി പറഞ്ഞു.

ഇടതുമുന്നണി കൺവീനർ എ.വിജയരാഘവൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി.സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എം.എ.ബേബി, ഗോപിനാഥ് രവീന്ദ്രൻ, രാജശ്രീ .എം.ആർ, ധർമ്മരാജ് അടാട്ട്, കെ.എം.സച്ചിൻ ദേവ്, വി.പി.മഹാദേവൻ പിള്ള, ശ്യാമിലി .കെ.എച്ച്, ബാബുജാൻ, ഡോ. രാജൻ ഗുരുക്കൾ തുടങ്ങിയവർ പങ്കെടുത്തു. ഡോ.വി.ശിവദാസൻ സ്വാഗതം പറഞ്ഞു.

പരിപാടിയിൽ വിവിധ സർവകലാശാലകളിൽ നിന്നായി 1500ഓളം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. 400 പ്രബന്ധങ്ങൾ അവതരിപ്പിക്കും. പൊളിറ്റിക്കൽ എക്കണോമി, ജെൻഡർ, ഐ.ടി, ശാസ്ത്രവും സമൂഹവും, നവകേരളം, മീഡിയ, കലയും സാഹിത്യവും, കായികം എന്നീ എട്ട് മേഖലകളിലാണ് പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടുക.