train

തിരുവനന്തപുരം: മലബാർ ഭാഗത്തേക്ക് തിരുവനന്തപുരത്തു നിന്നുള്ള ഒരേയൊരു രാത്രികാല ട്രെയിൻ പുറപ്പെടുന്നത് സ്ഥിരമായി കൊച്ചുവേളിയിൽ നിന്നാക്കാൻ റെയിൽവേ നീക്കം. ജനുവരിയിൽ തത്കാലത്തേക്കെന്നു പറഞ്ഞ് സെൻട്രൽ സ്റ്റേഷനിൽ നിന്ന് കൊച്ചുവേളിയിലേക്കു മാറ്റിയ മംഗലാപുരം എക്‌സ്‌പ്രസ്‌ രണ്ടര മാസത്തോളമായിട്ടും തിരികെ കൊണ്ടുവന്നിട്ടില്ല. ഇപ്പോഴത്തെ അറിയിപ്പനുസരിച്ച് മാറ്റം ജൂൺ ഒന്നു വരെയാണ്. യാത്രക്കാരുടെ പ്രതികരണം രൂക്ഷമല്ലെങ്കിൽ ഈ മാറ്റം സ്ഥിരമാക്കാനാണ് റെയിൽവേയുടെ പരിപാടിയെന്നാണ് സൂചന.

തിരുവനന്തപുരം മെഡിക്കൽ കോളേജിലും ആർ.സി.സിയിലും ശ്രീചിത്രയിലും ചികിത്സയ്ക്കെത്തി മടങ്ങുന്ന വടക്കൻ ജില്ലക്കാരാണ് മംഗലാപുരം എക്‌സ്‌പ്രസിലെ യാത്രക്കാരിൽ അധികവും. രാത്രി ഏഴിനുള്ള മലബാർ എക്‌സ്‌പ്രസ് കഴിഞ്ഞാൽ തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്, കണ്ണൂർ ഭാഗത്തേക്ക് എട്ടരയുടെ മംഗലാപുരം എക്സ്‌പ്രസാണുള്ളത്. ഇത് കൊച്ചുവേളിയിലേക്കു മാറ്റിയതോടെ തിരുവനന്തപുരത്തു നിന്ന് പോകാൻ പുലർച്ചെ 3.35 വരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്.

മംഗലാപുരം എക്‌സ്‌പ്രസിന് പേട്ടയിൽ സ്റ്റോപ്പ് അനുവദിച്ചതുതന്നെ ആർ.സി.സിയിലെ രോഗികളെ ഉദ്ദേശിച്ചാണ്. മെഡിക്കൽ കോളേജ്, ശ്രീചിത്ര, ആർ.സി.സി എന്നിവിടങ്ങളിൽ നിന്ന് പേട്ടയിലെത്തി ട്രെയിൻ പിടിക്കാനാണ് എളുപ്പം. വണ്ടി കൊച്ചുവേളിയിലേക്കു മാറ്റിയതോടെ ഈ രോഗികളുടെ മടക്കയാത്ര കഷ്‌ടത്തിലായി. നിലവിൽ ട്രെയിൻ പുറപ്പെടുന്ന കൊച്ചുവേളിയിലേക്ക് മെഡിക്കൽ കോളേജ് ഭാഗത്തുനിന്ന് രാത്രിയിൽ ബസ് സർവീസില്ല. കൊച്ചുവേളിയിലേക്ക് ആട്ടോയോ ടാക്‌സിയോ പിടിച്ചാൽ ട്രെയിനിൽ കോഴിക്കോട്ടേക്കുള്ള ട്രെയിൻ ടിക്കറ്റിനെക്കാൾ കൂടിയ നിരക്കാണ് ചോദിക്കുന്നത്.

സെൻട്രൽ സ്റ്റേഷനിൽ കോച്ചുകൾ നന്നാക്കാൻ പിറ്റ്ലൈൻ നിർമ്മിക്കുന്ന കാരണം പറഞ്ഞാണ് ജനുവരിയിൽ മംഗലാപുരം എക്‌സ്‌പ്രസ് കൊച്ചുവേളിയിലേക്കു മാറ്റിയത്. ഒരു മാസത്തേക്കാണ് നീട്ടിയതെങ്കിലും പിന്നീട് അത് മാർച്ച് വരെയാക്കി. അതാണിപ്പോൾ ജൂൺ ഒന്നു വരെ നീട്ടിയത്.

സമയമാറ്റം അമൃത രാജ്യറാണിക്കു വേണ്ടി ?

രാത്രി പത്തരയ്ക്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന മധുരയ്ക്കുള്ള അമൃത രാജ്യറാണി എക്സ്‌പ്രസ് മേയ് 9 മുതൽ രണ്ട് ട്രെയിനുകളാകും. ഇതിലൊന്ന് കൊച്ചുവേളിയിൽ നിന്ന് നിലമ്പൂരിലേക്കും മറ്റൊന്ന് തിരുവനന്തപുരത്തു നിന്ന് മധുരയ്ക്കുമാണ് സർവീസ് നടത്തുക. രാത്രി പത്തരയ്ക്കു പകരം എട്ടരയ്ക്കായിരിക്കും ഇൗ ട്രെയിനുകളുടെ സർവീസ്. മധുരയ്ക്കുള്ള അമൃത എക്സ്‌പ്രസ് നാഗർകോവിലിൽ നിന്ന് പുറപ്പെടുന്നതും പരിഗണനയിലുണ്ട്. ഇത് നാഗർകോവിലിൽ നിന്ന് പുറപ്പെട്ട് രാത്രി എട്ടരയ്ക്ക് തിരുവനന്തപുരം സെൻട്രലിൽ എത്തുന്ന തരത്തിലാണ് സമയക്രമം. ഇൗ സമയമാറ്റത്തിന്റെ സൗകര്യത്തിനായാണ് മംഗലാപുരം എക്സ്‌പ്രസ് കൊച്ചുവേളിക്ക് മാറ്റുന്നതെന്നാണ് കരുതുന്നത്.