ഭഗവാൻ ഏതുരൂപത്തിലും അവതരിക്കുമെന്ന് പറഞ്ഞതുപോലെ ഭീകരർ ഏതുവേഷത്തിലും എവിടെയും എത്തുന്ന കാലമാണിത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ച് നഗരത്തിലെ രണ്ട് മുസ്ളിം പള്ളികളിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നവരുടെ നേരെ യന്ത്രത്തോക്കുപയോഗിച്ച് തുരുതുരാ നിറയൊഴിച്ച ഭീകരൻ ആസ്ട്രേലിയക്കാരനായ വെള്ളക്കാരനാണ്. ലോകത്തെ ഏത് ഭീകരാക്രമണത്തിനു പിന്നിലും ഇസ്ളാം മതക്കാരാണെന്ന സ്ഥിരം ആക്ഷേപത്തിന് പ്രസക്തിയില്ലെന്ന് ബോദ്ധ്യപ്പെടുത്തുന്നതാണ് ശാന്തിയും സമാധാനവും നിലനിൽക്കുന്ന ന്യൂസിലൻഡിൽനടന്ന ഇൗ നരനായാട്ട്.
ഹെൽമറ്റിൽ ക്യാമറ ഘടിപ്പിച്ച് നരവേട്ടയുടെ മുഴുവൻ സമയ ചിത്രീകരണം നടത്തിക്കൊണ്ടാണ് ഇരുപത്തെട്ടുകാരനായ ഭീകരൻ ഭീകരാക്രമണ ചരിത്രത്തിൽ തികച്ചും പുതുമയാർന്ന അദ്ധ്യായം എഴുതിച്ചേർത്തിരിക്കുന്നത്. ഒരു മലയാളി വനിതയടക്കം 49 പേരാണ് വെടിയുണ്ടകൾക്കിരയായത്. ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൊടുങ്ങല്ലൂർ സ്വദേശിനി ആൻസി(23)യാണ് കൊല്ലപ്പെട്ട മലയാളി വനിത.വെടിയേറ്റവരിൽ ആറ് ഇന്ത്യക്കാർ ഉണ്ടെന്ന റിപ്പോർട്ടിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. വെള്ളക്കാരനായ വലതുപക്ഷ മതഭ്രാന്തന്റെ യന്ത്രത്തോക്കുകൾക്ക് ഇരയായവരിലേറെയും കുടിയേറ്റക്കാരാണെന്നാണ് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിൻ ആർഡേൽ പറഞ്ഞത്. ഭീകര ഭീഷണിയോ വംശീയ വിദ്വേഷമോ ഒന്നും പുലരാത്ത നാടായാണ് ന്യൂസിലൻഡ് പൊതുവേ അറിയപ്പെടുന്നത്. അഞ്ചുകിലോമീറ്ററിൽ താഴെ അകലത്തിലുള്ള രണ്ട് മുസ്ളിം പള്ളികളിൽ അടുത്തടുത്ത സമയങ്ങളിലാണ് ആക്രമണം നടന്നത്. രണ്ടിന്റെയും പിന്നിൽ ഒരാൾ തന്നെയാണോ വേറെയും ആൾക്കാരുണ്ടായിരുന്നോ എന്നും മറ്റും അന്വേഷിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. ഏതായാലും ന്യൂസിലൻഡ് മാത്രമല്ല ലോകം ഒട്ടാകെ ഒരിക്കൽക്കൂടി നടുങ്ങിയ ഭീകരാക്രമണമാണ് നടന്നിരിക്കുന്നത്. ബ്രന്റൺ ടറന്റ് എന്ന പേരായ കൊലയാളിയുവാവിന് പുറമേ ഒരു യുവതിയടക്കം മൂന്നുപേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
മുസ്ളിം വംശജരോടുള്ള ഒടുങ്ങാത്ത പകയും വിദ്വേഷവുമാണ് പള്ളിയിൽ പ്രാർത്ഥനയ്ക്കെത്തിയവരുടെ നേരെ വെടിയുതിർക്കാൻ ബ്രന്റൺ ടറന്റിനെ പ്രേരിപ്പിച്ചതെന്ന് സൂചന ഉണ്ട്. രണ്ടുവർഷത്തെ വിശാലമായ തയ്യാറെടുപ്പുകൾക്കുശേഷമാണ് തോക്കുമായി അയാൾ പള്ളികളിലെത്തിയതെന്നും വിവരം ലഭിച്ചിട്ടുണ്ട്. ലോകത്ത് സമാധാനം നിലനിൽക്കുന്ന അപൂർവരാജ്യങ്ങളിലൊന്നാണ് ശാന്തസുന്ദരമായ ന്യൂസിലൻഡ്. രണ്ടുലക്ഷത്തിലധികം ഇന്ത്യക്കാർ ഉൾപ്പെടെ ധാരാളം കുടിയേറ്റക്കാരുള്ള രാജ്യമാണിത്. ഒരു പക്ഷേ ഇതിൽ അസൂയ പൂണ്ടിട്ടാവാം വലതുപക്ഷ വംശീയവാദിയെന്ന് സ്വയം വിശേഷിപ്പിച്ച അക്രമി തന്റെ മൃഗീയ പദ്ധതി നടപ്പാക്കാൻ മുസ്ളിംപള്ളിയിലെ പ്രാർത്ഥനാ സമയംതന്നെ തിരഞ്ഞെടുത്തത്.
ആധുനിക ലോകത്ത് അർബുദം പോലെ പടർന്നുകയറിക്കൊണ്ടിരിക്കുന്ന വംശീയ വിദ്വേഷത്തിന്റെ രാഷ്ട്രീയം ന്യൂസിലൻഡിലും എത്തിയിരിക്കുന്നുവെന്നത് സമാധാന പ്രേമികളെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഒരു രാജ്യവും ഭീകരന്മാരിൽനിന്ന് സുരക്ഷിതമല്ലെന്നും ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണം ഒാർമ്മിപ്പിക്കുന്നു. വംശീയ വിദ്വേഷവും ഫാസിസ്റ്റ് ആശയങ്ങളും മനസിൽ കൊണ്ടുനടക്കുന്ന നേർബുദ്ധി പൂർണമായും നഷ്ടപ്പെട്ട യുവാക്കളാണ് ലോകത്ത് നടന്നിട്ടുള്ള ഭീകരാക്രമണങ്ങളുടെയെല്ലാം പിന്നിലുള്ളതെന്ന് പഴയ സംഭവങ്ങൾ പരിശോധിച്ചാൽ കാണാം. ഭീകര പ്രവർത്തനം ഒരു മതമായി സ്വീകരിച്ചവരാണവർ. മനുഷ്യകുലത്തിന്റെ തന്നെ ശത്രുക്കളായി ജന്മമെടുത്ത ഇൗ മഹാപാപികൾ തങ്ങളുടെ ദുഷ്ടചെയ്തികളിലൂടെ എത്രയെത്ര നിരപരാധികളുടെ ജീവനാണെടുത്തിരിക്കുന്നത്.
ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര വേദികളിൽ ആഹ്വാനങ്ങളും പ്രതിജ്ഞകളുമൊക്കെ ഉണ്ടാകാറുണ്ടെങ്കിലും ഭീകരതയുടെ വിവിധ മുഖങ്ങൾ ലോകമെങ്ങും പത്തിവിരിച്ച് ആടുകയാണ്. ക്രൈസ്റ്റ് ചർച്ച് ആക്രമണത്തിനൊരുമ്പെട്ട വെള്ളക്കാരനായ ഭീകരനുമുണ്ട് തന്റെ ചെയ്തികൾ ന്യായീകരിക്കാൻ ചില വാദമുഖങ്ങൾ. ലോകത്ത് വെള്ളക്കാരാണ് ഏറ്റവും ഉൽക്കൃഷ്ടരായ മനുഷ്യവർഗമെന്ന അഹങ്കാരം നിഴലിക്കുന്നതാണ് കൂട്ടക്കുരുതിക്ക് പുറപ്പെടും മുൻപ് അയാൾ പുറത്തുവിട്ട പ്രകടനപത്രിക. കുടിയേറ്റക്കാർക്കും മുസ്ളിങ്ങൾക്കുമെതിരെ കടുത്ത വിമർശനങ്ങളും അതിലുണ്ട്. കുടിയേറ്റം വഴി തനത് സംസ്കാരത്തിനുണ്ടാകുന്ന അപഭ്രംശങ്ങൾ സഹിക്കാനാകാതെയാണത്രെ ഇൗ അരുംകൊലയ്ക്ക് അയാൾ ഒരുങ്ങിയത്. തലതിരിഞ്ഞുപോയ ഒരു യുവാവിന്റെ ഭ്രാന്തുപിടിച്ച ജല്പനങ്ങളായി മാത്രം ഇതിനെ കാണാനാവില്ല. പാശ്ചാത്യരാജ്യങ്ങളിൽ ഇപ്പോൾ സാമൂഹ്യചിന്താഗതിയെ സ്വാധീനിക്കുന്ന അതിഭീകരമായ ഒരു ആശയത്തിന്റെ പേടിപ്പെടുത്തുന്ന മുഖമാണത്. പലായനവും കുടിയേറ്റവുമൊക്കെ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഉയർന്ന ശ്രേണിയിൽ കഴിയുന്നവരെ എളുപ്പം സ്വാധീനിക്കാൻ കഴിയുന്ന മന്ത്രങ്ങളാണിതൊക്കെ. നോർവേയിൽ 2011-ൽ 77 പേരെ കൂട്ടക്കൊല ചെയ്ത വംശീയവിദ്വേഷി ആൻഡേഴ്സ് ബ്രെവിക്കാണ് ക്രൈസ്റ്റ് ചർച്ച് കൂട്ടക്കുരുതി നടത്തിയ ബ്രന്റൺ ടറന്റിന്റെ പ്രചോദനം. നിരപരാധികളുടെ ചുടുനിണമൊഴുക്കി ഇതുപോലെ ആത്മസായൂജ്യം തേടാൻ കൊതിക്കുന്ന മനുഷ്യാധമന്മാർ എല്ലായിടത്തുമുണ്ട്. അവരെ സംരക്ഷിക്കാനും പോറൽപോലും ഏൽക്കാതെ നോക്കാനും രാജ്യങ്ങളും രാഷ്ട്രത്തലവന്മാരുമുണ്ട്. ഭീകരാക്രമണങ്ങളിലൂടെ അനവധി പേരെ കാലപുരിക്കയച്ച ജയ്ഷെ തലവൻ മസൂദ് അസറിനെ ഭീകരരുടെ പട്ടികയിൽ പെടുത്താൻപോലും ഇതുവരെ ലോകസംഘടനയ്ക്ക് കഴിഞ്ഞിട്ടില്ല. ഒാരോ തവണ ഐക്യരാഷ്ട്രസഭയിൽ പ്രമേയം വരുമ്പോഴും ചൈന എതിർക്കുകയാണ്.