നിരന്തരം പരാതി ഉയരുമ്പോഴും ഉച്ചഭാഷിണികൾ പ്രവർത്തിപ്പിച്ച് ശബ്ദമലിനീകരണം ഉണ്ടാക്കുന്നതിനെതിരെ നടപടി എടുക്കാത്തത് കോടതിയലക്ഷ്യവും ജനങ്ങളോടുള്ള നീതിനിഷേധവുമാണ്. സുപ്രീംകോടതി വിധിയും പൊലീസ് നൽകുന്ന അനുമതിപത്രത്തിലെ വ്യവസ്ഥകളും ലംഘിച്ചുകൊണ്ട് പരസ്യമായി നടത്തുന്ന ഇൗ ജനദ്രോഹത്തിനെതിരെ സർക്കാർ മൗനം പാലിക്കുന്നു.
ശബ്ദമലിനീകരണം കാരണം സ്വൈര്യമായി ജീവിക്കാനുള്ള മനുഷ്യാവകാശം ലംഘിക്കപ്പെടുകയാണ്. പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വിദ്യാർത്ഥികളും വൃദ്ധരും രോഗികളും വരെ ഇതുമൂലം കഷ്ടപ്പെടുന്നു . ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശ പ്രകാരം പരിഷ്കൃത രാജ്യങ്ങളിലെല്ലാം തന്നെ ഇത് കർശനമായി തടയപ്പെട്ടു കഴിഞ്ഞു.
പൊതുജനാരോഗ്യത്തെ സാരമായി ബാധിക്കുന്ന ഇൗ വിഷയത്തിൽ ജനങ്ങളുടെ നിസഹായാവസ്ഥ മനസിലാക്കി അധികൃതർക്കെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ കേരള ഹൈക്കോടതി തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു.
ടി.ജി. ചന്ദ്രപ്രകാശ്,
വണ്ടാനം, ആലപ്പുഴ.