തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും മുതലാളിമാർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് കെ.പി.സി.സി പ്രചാരണവിഭാഗം അദ്ധ്യക്ഷൻ കെ. മുരളീധരൻ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളം കേന്ദ്രം സ്വകാര്യവത്കരിച്ചപ്പോൾ സംസ്ഥാനസർക്കാർ ലേലത്തിൽ പങ്കെടുത്ത് കേന്ദ്രസർക്കാരിനെ സ്വകാര്യവത്കരണത്തിന് സഹായിക്കുകയായിരുന്നുവെന്നും ഇന്ദിരാഭവനിലെ രാജീവ്ഗാന്ധി ആഡിറ്റോറിയത്തിൽ പബ്ലിസിറ്റി, കാമ്പെയിൻ കമ്മിറ്റികളുടെ സംയുക്തശില്പശാല ഉദ്ഘാടനം ചെയ്ത് മുരളീധരൻ കുറ്റപ്പെടുത്തി.
രാജ്യത്ത് മതേതര ആശയങ്ങൾ തകർത്തെറിഞ്ഞ അഞ്ച് വർഷങ്ങളാണ് കടന്നുപോയത്. പൊതുമേഖലാസ്ഥാപനങ്ങളെയെല്ലാം സ്വകാര്യവത്കരിച്ചു. മൗലികാവകാശങ്ങൾ പോലും നിഷേധിച്ച ഏകാധിപതിയായിട്ടാണ് മോദിയുടെ പ്രവർത്തനം. ജനങ്ങൾ എന്തു കഴിക്കണമെന്ന് തീരുമാനിക്കുന്നത് ആർ.എസ്.എസ് ആയി. ജി.എസ്.ടിയും നോട്ട്നിരോധനവും ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കി. മോദി വീണ്ടും അധികാരത്തിലെത്തിയാൽ ഏകീകൃത സിവിൽകോഡ് നടപ്പാക്കും. കാശ്മീരിന്റെ പ്രത്യേകപദവിയും എടുത്തുകളയും.
പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ വി.എസ്. ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.എം. ഹസൻ, ശശി തരൂർ എം.പി, എം. വിൻസന്റ് എം.എൽ.എ, തമ്പാനൂർ രവി, ടി. ശരത്ചന്ദ്രപ്രസാദ്, ശൂരനാട് രാജശേഖരൻ, നെയ്യാറ്റിൻകര സനൽ, എൻ. പീതാംബരക്കുറുപ്പ്, മണക്കാട് സുരേഷ്, വി.എസ്. ജോയി, ആർ. വത്സലൻ, അനിൽ ആന്റണി, പി.എസ്. പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.