രണ്ടുവർഷത്തിനിടെ എക്സൈസ് പിടിച്ചത് 1000 കോടിയുടെ മയക്കുമരുന്ന്
തിരുവനന്തപുരം: ലഹരിവ്യാപാരത്തിൽ രാജ്യത്ത് ഏറ്റവും മുന്നിലുള്ള പഞ്ചാബിനെ പിന്നിലാക്കുന്ന ദുരവസ്ഥയിലേക്കു കൂപ്പുകുത്തുകയാണ് ദൈവത്തിന്റെ സ്വന്തം നാട്. കോടികൾ വിലമതിക്കുന്ന ലഹരിവസ്തുക്കളാണ് നിത്യേന കേരളത്തിലെത്തുന്നത്. നഗരമെന്നോ ഗ്രാമമെന്നോ ഭേദമില്ല, എവിടെയും ഉന്മാദലഹരി സുലഭം.
സ്വകാര്യബസുകളും ട്രെയിനുകളും വഴിയാണ് പ്രധാന കടത്ത്. വെള്ളിയാഴ്ച മാത്രം100കിലോ കഞ്ചാവ് പിടികൂടി. കഴിഞ്ഞ മൂന്നുദിവസം 5000കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചു. രണ്ടുവർഷത്തിനിടെ 1000 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയതെന്ന് എക്സൈസ് കമ്മിഷണർ ഋഷിരാജ്സിംഗ് 'കേരളകൗമുദി'യോട് പറഞ്ഞു. കേരളത്തിലെത്തുന്ന മയക്കുമരുന്നിന്റെ അഞ്ചിലൊന്നുപോലും പിടിക്കപ്പെടുന്നില്ലെന്നത് മറ്റൊരു യാഥാർത്ഥ്യം.
അന്താരാഷ്ട്ര ലഹരിമരുന്ന് മാഫിയ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന കണ്ടെത്തൽ ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങൾ. മൂന്നാഴ്ചയ്ക്കിടെ മൂന്നുപേർ മയക്കുമരുന്ന് സംഘങ്ങളാൽ കൊല്ലപ്പെട്ടു. തട്ടിക്കൊണ്ടുപോകലും അതിക്രമങ്ങളും പെരുകി. തിരഞ്ഞെടുപ്പുകൂടി മുന്നിൽകണ്ട് ലഹരിവസ്തുക്കൾ ഒഴുക്കുകയാണ് മാഫിയകൾ. ഉന്മാദത്തിനായി നാവിലൊട്ടിക്കുന്ന എൽ.എസ്.ഡി സ്റ്റാമ്പ്, പെത്തഡിൻ, കൊക്കെയ്ൻ, ഹെറോയിൻ, കെറ്റമീൻ, മയക്കുഗുളികകൾ, ലഹരികഷായങ്ങൾ എന്നിവയെല്ലാം സുലഭം. 35ലക്ഷം അന്യസംസ്ഥാനക്കാരുള്ള കേരളത്തിൽ ആ വഴിക്കും ലഹരികടത്തുണ്ട്.
അന്യസംസ്ഥാന ബസുകളിലെ യാത്രക്കാരുടെ കൈവശം ചെറുപായ്ക്കറ്റുകളിലായി മയക്കുമരുന്ന് കടത്തുകയാണ് പുതിയ തന്ത്രം. 500രൂപ നൽകി ബാഗേജിനുള്ളിൽ ഇവ നിക്ഷേപിക്കും. വിദ്യാർത്ഥികളെയും കാരിയർമാരായി ഉപയോഗിക്കുന്നു. ഭൂഖണ്ഡങ്ങൾകടന്ന് വമ്പൻ ലഹരിയെത്തുന്നത് കൂടുതലും കൊച്ചിയിലേക്കാണ്. ഏറ്റവുംവലിയ മൂന്നാമത്തെ ലഹരിവിപണിയാണ് കൊച്ചി. അമൃത്‌സറും മുംബയുമാണ് മുന്നിൽ. രാജസ്ഥാനിൽ മരുന്നിനായി സർക്കാർ ഉത്പാദിപ്പിക്കുന്ന 'ഓപിയം' കടത്തിക്കൊണ്ടുവന്ന് കോഴിക്കോട്ട് മൊത്തവ്യാപാരം നടത്തുന്നുണ്ട്.
ഉന്മാദത്തിൽ അരുംകൊല
വ്യക്തിവൈരാഗ്യങ്ങളും ബിസിനസ് വൈരങ്ങളും തുടങ്ങി കുടിപ്പകയും രാഷ്ട്രീയ വിദ്വേഷങ്ങളും വരെ തീർക്കാൻ ഗുണ്ടാസംഘങ്ങളെ ഉപയോഗപ്പെടുത്തുന്നത് വ്യാപകമായതോടെയാണ് ലഹരിക്കച്ചവടവും കേരളത്തിൽ വർദ്ധിച്ചത്. അമിതമായി പലതരം ലഹരിവസ്തുക്കൾ നൽകി ചെറുപ്പക്കാരെ ചെകുത്താന്മാരാക്കിയാണ് അരുംകൊലകൾ ചെയ്യാൻ തള്ളിവിടുന്നത്.
നാല് ഉന്മാദികൾ
കൊക്കെയ്ൻ
നിശാപാർട്ടികൾക്കും ഐ.ടി, സിനിമ മേഖലകളിലും ക്വട്ടേഷൻകാർക്കുമായി പോളണ്ട്, നെതർലൻഡ്സ്, ദക്ഷിണാഫ്രിക്ക, പോർച്ചുഗൽ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ നിന്ന് കൊക്കെയ്നെത്തിക്കുന്നു. പണംനൽകി ഓർഡർ ചെയ്താൽ തപാൽ വകുപ്പിന്റെ കൊറിയറിലൂടെ വീട്ടിലെത്തിക്കുന്ന ഓൺലൈൻ സൈറ്റുകളുമുണ്ട്.
മെത്ത്ട്രാക്‌സ്
കിലോയ്ക്ക് ഒരുകോടി വിലയുള്ള 'മെത്ത്ട്രാക്‌സ് ' അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നെത്തുന്നു. 5മില്ലിഗ്രാം ഉപയോഗിച്ചാൽ മണിക്കൂറുകളോളം ഉന്മാദം. ഒരിക്കൽ ഉപയോഗിച്ചാൽ ആജീവനാന്ത അടിമയാകും. ക്രിസ്റ്റൽ, പൊടി രൂപങ്ങളിൽ കിട്ടും. ലോകം മുഴുവൻ നിരോധിക്കപ്പെട്ട അപകടകാരിയായ മയക്കുമരുന്നാണിത്.
ഹാഷിഷ്
ബംഗളൂരുവിൽ നിന്നെത്തിക്കുന്നു. അഞ്ച് ഗ്രാമിന് 1000 രൂപയ്ക്കാണ് വില്പന. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചാണ് വില്പന. കഞ്ചാവ് ചെടി ഉണങ്ങുംമുൻപ് വാറ്റിയെടുക്കുന്ന ഹാഷിഷ് ഓയിലും സുലഭം. ആന്ധ്രയിൽ നിർമ്മിക്കുന്ന ഇത് ഡാൽഡയുടെ പായ്ക്കറ്റിലാണ് ട്രെയിനിൽ കടത്തുന്നത്.
എഫിഡ്രിൻ
ആസ്‌ത്‌മാ രോഗികൾക്ക് ശ്വാസതടസം മാറാൻ നൽകിയിരുന്ന എഫിഡ്രിൻ എന്ന മരുന്ന് നിരോധിച്ചെങ്കിലും, കിലോയ്ക്ക് മൂന്നുലക്ഷത്തിലേറെ വിലയുള്ള മയക്കുമരുന്നാണിപ്പോൾ. നാഡീവ്യൂഹത്തെയും ഹൃദയത്തെയും ഉത്തേജിപ്പിക്കാനുള്ള കഴിവാണ് എഫിഡ്രിന് ഡിമാന്റ് കൂട്ടിയത്.
''കേരളത്തിലേക്ക് ലഹരിയൊഴുക്ക് തടയാൻ തമിഴ്നാട്, കർണാടക പൊലീസുമായി ചേർന്ന് ശ്രമംനടത്തുന്നു. സ്കൂൾ, കോളേജ് പരിസരത്ത് വൈകുന്നേരങ്ങളിൽ സ്പെഷ്യൽ സ്ക്വാഡുകളുടെ പരിശോധന ഏർപ്പെടുത്തി.''
ഋഷിരാജ്സിംഗ്
എക്സൈസ് കമ്മിഷണർ
2017ൽ പിടികൂടിയ കൊക്കെയ്ൻ-220കോടി
വിമാനത്താവളങ്ങളിൽ പിടികൂടിയ എഫിഡ്രിൻ-1105കോടി