santhaoshkumar

ആര്യനാട്: വേനൽ കനത്തതോടെ മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. ആര്യനാട് - ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ വലിയകലുങ്ക്-പോങ്ങോട്-മരങ്ങാട് പ്രദേശങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നത്. കുന്നിൻ പ്രദേശങ്ങളിൽ താമസിക്കുന്നവർക്കാണ് ഏറെ ദുരിതം.

വലിയകലുങ്ക് ജംഗ്ഷൻ മുതൽ മരങ്ങാട് വരെയുള്ള നാല് കിലോമീറ്റർ ചുറ്റളവിൽ വെള്ളത്തിന്റെ ലഭ്യത വളരെ കുറവാണ്.

ആര്യനാട് പഞ്ചായത്തിലെ വലിയകലുങ്ക് വാർഡും ഉഴമലയ്ക്കൽ പഞ്ചായത്തിലെ കിളിയന്നി വാർഡുമാണ് റോഡിന്റെ ഇരു വശങ്ങളിലായുള്ളത്.താഴ്ന്ന പ്രദേശങ്ങളിൽപ്പോലും ജലസ്രോതസുകൾ വറ്റി ജല നിരപ്പ് താഴ്ന്നിരിക്കുകയുമാണ്.

വിദൂര സ്ഥലങ്ങളിൽ നിന്നും കുടിവെള്ളം വാഹനങ്ങളിൽ എത്തിക്കേണ്ട സ്ഥിതിയിലാണ് നാട്ടുകാർ.ഇവിടെ വാട്ടർ അതോറിട്ടിയുടെ പൈപ്പ്ലൈൻ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വെള്ളം കിട്ടുന്നില്ലെന്ന പരാതിയാണ് നാട്ടുകാർ ഉന്നയിക്കുന്നത്.

രണ്ട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായതിനാൽ ഇരു പഞ്ചായത്തുകളും ടാങ്കറിൽ കുടിവെള്ളം എത്തിക്കാൻ പോലും തയ്യാറാകുന്നില്ലന്ന് പ്രദേശവാസികൾ പറയുന്നു.ആര്യനാട് പഞ്ചായത്തിലെ തേവിയാരുകുന്ന് വാട്ടർ സപ്ലൈ സ്കീമിൽ നിന്നുമാണ് പറണ്ടോട് ഭാഗങ്ങളിൽ വെള്ളമെത്തിക്കുന്നത്.എന്നാൽ ഈ സ്കീമിലെ വെള്ളം എല്ലായിടത്തും എത്തിക്കാൻ കഴിയുന്നില്ലന്ന് ഉദ്യാഗസ്ഥർ പറയുന്നു.ഇവിടെ വരാൻപോകുന്ന പുതിയ പദ്ധതി യാഥാർത്ഥ്യമായാലേ പറണ്ടോട് മേഖലയിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയൂ.