വിതുര: വേനൽ ചൂടിന്റെ കാഠിന്യം വർദ്ധിച്ചതോടെ കാട്ടുമൃഗങ്ങളും നാട്ടിലിറങ്ങി വിഹരിക്കുകയാണ്. വിതുര പഞ്ചായത്തിലെ കല്ലാർ മേഖലയിൽ കാട്ടുമൃഗങ്ങളുടെ ശല്യം മൂലം സ്വൈരജീവിതത്തിന് ഭംഗമുണ്ടാകുന്നതായി പരാതി. കാട്ടാന, കാട്ടുപോത്ത്, കുരങ്ങുകൾ, പന്നി, മ്ളാവ് എന്നിവയാണ് ഇൗ മേഖലയിൽ ഭീതിയും, നാശവും പരത്തി വിഹരിക്കുന്നത്. തെങ്ങ്, വാഴ, മരിച്ചീനി, കമുക്, പച്ചക്കറി തുടങ്ങിയ കൃഷികൾ വ്യാപകമായി നശിപ്പിക്കും. കാട്ടാനക്ക് പുറമേ കാട്ടുപോത്തുകളും കാട്ടുപന്നിയും എത്തുന്നതോടെ നാശനഷ്ടങ്ങളുടെ കണക്ക് ഉയരും. നാശനഷ്ടങ്ങളുടെ കണക്ക് നിരത്തി അനവധി തവണ വനം മന്ത്രിക്കും, വനപാലകർക്കും പരാതി നൽകിയെകിലും ഫലമില്ലെന്ന് കല്ലാർ നിവാസികൾ പരാതിപ്പെടുന്നു. കാട്ടുമൃഗശല്യം രൂക്ഷമായതോടെ ഇൗ മേഖലയിൽ കൃഷി അന്യമായിരിക്കുകയാണ്. പകൽ പോലും കാട്ടാനകളും കാട്ടുപോത്തും നാട്ടിലേക്കിറങ്ങാറുണ്ട്. മാസങ്ങളായി ഇൗ മേഖലയിൽ കാട്ടുമൃഗശല്യം രൂക്ഷമാണ്.
ആനനശല്യത്തിന് തടയിടുവാൻ വനം വകുപ്പ് ആവിഷ്കരിച്ച ആനക്കിടങ്ങും വൈദ്യുതിവേലി നിർമ്മാണവും കടലാസിലൊതുങ്ങി. കാട്ടുമൃഗശല്യം തടയുവാൻ സത്വര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അനവധി തവണ കല്ലാർ നിവാസികൾ സമരപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. പഞ്ചായത്തിൽ പൊടിയക്കാലക്ക് പുറമേ ഏറ്റവും കൂടുതൽ കാട്ടാനശല്യമുള്ള സ്ഥലം കൂടിയാണ് കല്ലാർ. കഴിഞ്ഞ ദിവസം ഒരു കൂട്ടം കുരങ്ങൻമാർ കല്ലാറിലെ വീടുകളിൽ അതിക്രമിച്ചുകയറി ഭക്ഷണപദാർത്ഥങ്ങൾ നശിപ്പിച്ചു. തെങ്ങിൽ നിന്നും കരിക്കും മറ്റും അടർത്തിയിടുകയും വീടുകളുടെ ഒാടുകൾ ഇളക്കി തറയിലും ഇട്ടു. കുരങ്ങൻമാർ ഇൗ മേഖലയിൽ തമ്പടിച്ചിരിക്കുകയാണെന്ന് നാട്ടുകാർ അറിയിച്ചു. കല്ലാർ മൊട്ടമൂട് മേഖലയിൽ പുലിയാണ് വില്ലൻ. ഇവ മനുഷ്യരേയും വളർത്തുമൃഗങ്ങളെയും ആക്രമിക്കുന്നതും പതിവാണ്.