pol

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ഗുണ്ടാ- മയക്കുമരുന്ന് മാഫിയകളെ ഒതുക്കാനുള്ള സിറ്റി പൊലീസിന്റെ 'ഓപ്പറേഷൻ ബോൾട്ട് ' എന്ന പ്രത്യേക ദൗത്യത്തിൽ 422 പേർ അറസ്റ്രിലായി. സ്ഥിരം കുറ്റവാളികളായ 200 പേരുടെ വീടുകളിൽ മിന്നൽ പരിശോധന നടത്തി. സിറ്രി പൊലീസ് കമ്മിഷണർ സഞ്ജയ് കുമാർ ഗരുഡിന്റെ നേതൃത്വത്തിൽ നഗരാതിർത്തികൾ അടച്ചുള്ള പരിശോധനയാണ് ഇന്നലെ പുലർച്ചെ മുതൽ നടന്നത്.

ഗുണ്ടാ സംഘങ്ങളുടെയും മയക്കുമരുന്ന് മാഫിയയുടെയും അതിക്രമങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ് നടപടി. നഗരത്തിലേക്കുള്ള ലഹരിമരുന്ന് വ്യാപനം തടയുന്നതിനായി നഗരാതിർത്തികൾ അടച്ച്, ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ നടത്തിയ മിന്നൽ പരിശോധനയിൽ ലഹരിമരുന്നുകളുമായി 21പേർ പിടിയിലായി.

അന്തർസംസ്ഥാന ബസുകളിൽ ലഹരി കടത്തുന്നതായി എക്സൈസ് കമ്മിഷണർ ഋഷിരാജ് സിംഗ് വെളിപ്പെടുത്തിയതിനെത്തുടർന്നായിരുന്നു ഇന്നലെ പരിശോധന നടത്തിയത്. തമിഴ്നാട്ടിലേക്കുള്ള ബസുകളും പരിശോധിച്ചു. നഗരപരിധിക്കുളളിൽ 150 ലഹരി വില്പനക്കാർ ഉണ്ടെന്നാണ് പൊലീസിന് ലഭിച്ച സൂചന. ലഹരി വ്യാപാരം തടയാനും ഇവരെ കസ്​റ്റഡിയിലെടുക്കാനുമായി പ്രത്യേക സംഘത്തെ നിയോഗിക്കും. ആവശ്യമെങ്കിൽ ഇവരെ കരുതൽ തടങ്കലിൽ പാർപ്പിക്കും. നഗരത്തിൽ മയക്ക് മരുന്ന്- കഞ്ചാവ് വ്യാപാരം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ (സി​റ്റിസൺ പൊലീസ് വിജിൽ) 9497975000 എന്ന എമർജൻസി നമ്പരിൽ അറിയിക്കാം.

ശക്തമായ പരിശോധന

കഴക്കൂട്ടം വെട്ടുറോഡ് ഭാഗത്തും നേമം പള്ളിച്ചൽ ഭാഗത്തുമായിരുന്നു ബാരിക്കേഡ് സ്ഥാപിച്ചുള്ള പരിശോധന.
നഗരത്തിൽ സ്ഥിരമായി ലഹരിവ്യാപാരവും ഉപയോഗവും നടക്കുന്ന ഒഴിഞ്ഞ, കാടുപിടിച്ച സ്ഥലങ്ങളിലും പരിശോധന നടത്തി. പ്രശ്നബാധിത പ്രദേശങ്ങളിലും ചേരി പ്രദേശങ്ങളിലും നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്. രാത്രിയിൽ പൊലീസ് പട്രോളിംഗ് കൂടുതൽ ശക്തമാക്കും. നഗരത്തിലെ ഒഴിഞ്ഞയിടങ്ങളിൽ കഞ്ചാവ്, മദ്യം, മയക്കുമരുന്നുകൾ എന്നിവ ഉപയോഗിക്കുന്ന സംഘങ്ങളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ലോക്കൽ പൊലീസും ഷാഡോ പൊലീസും നിരന്തര പരിശോധനകൾ നടത്തും. ലഹരി ഉപയോഗിക്കുന്നവരെ പിടികൂടി അകത്താക്കും.