തിരുവനന്തപുരം: ആറയൂർ, തിരുവനന്തപുരം അഭേദാശ്രമങ്ങളിലെ മഠാധിപതിയും പ്രസിഡന്റുമായ സ്വാമി സുഗുണാനന്ദജി (93) സമാധിയായി. ഇന്നലെ രാവിലെ തിരുവനന്തപുരം കിഴക്കേകോട്ടയിലെ ആശ്രമത്തിൽ വച്ചായിരുന്നു സമാധി.1926 ൽ ആറയൂരിനടുത്തുള്ള കീഴമ്മാളത്താണ് സ്വാമി ജനിച്ചത്. സുകുമാരൻ നായർ എന്നായിരുന്നു പൂർവ്വാശ്രമത്തിലെ പേര്. 18 വയസുമുതൽ അഭേദാനന്ദയുടെ ശിഷ്യനായി. 1978 ൽ അഭേദാനന്ദ ഭാരതിയിൽ നിന്നു ദീക്ഷ സ്വീകരിച്ച് സന്യാസിയായി. തുടർന്ന് ആശ്രമത്തിലായിരുന്നു താമസം. 1992 മുതൽ ആശ്രമം വൈസ് പ്രസിഡന്റായി. 2002 ൽ ആശ്രമം മഠാധിപതിയും പ്രസിഡന്റുമായി.
താന്ത്രികാചാര്യൻ സ്വാമി ബ്രഹ്മാനന്ദ ശിഷ്യനായിരുന്നു. കേരളത്തിനകത്തും പുറത്തുമായി അനേകം കോടി അർച്ചനകളും ലക്ഷാർച്ചനകളും ഭാഗവത സപ്താഹങ്ങളും അഖണ്ഡനാമ ജപയജ്ഞങ്ങളും നടത്തിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് 4 നെയ്യാറ്റിൻകര ആറയൂർ അഭേദാശ്രത്തിൽ ശിഷ്യന്മാരുടെയും ഭക്തരുടെയും സാന്നിദ്ധ്യത്തിൽ സമാധി ചടങ്ങുകൾ നടന്നു.