പോത്തൻകോട്: കഴക്കൂട്ടം -അടൂർ മാതൃക സുരക്ഷാ റോഡ് പദ്ധതിയുടെ ദീർഘിപ്പിച്ച നിർമ്മാണ കാലാവധി അടുത്തമാസം അവസാനിക്കാനിരിക്കെ പദ്ധതിയുടെ ഭാഗമായ പോത്തൻകോട്ട് റോഡ് വികസനം എങ്ങുമെത്തിയില്ല. തുടർന്ന് ഈ പ്രദേശങ്ങൾ ഒഴിവാക്കി പദ്ധതി യാഥാർത്ഥ്യമാക്കാൻ നടത്തിപ്പ് ചുമതലയുള്ള കെ.എസ്.ടി.പി ശ്രമങ്ങൾ ആരംഭിച്ചു. നിർമ്മാണത്തിന് തടസം നിൽക്കുന്ന പഞ്ചായത്ത് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചാണ് ഈ നടപടി. പോത്തൻകോടിന്റെ അടിസ്ഥാന വികസനത്തിന് റോഡിന്റെയും ഓടയുടെയും പുനർനിർമ്മാണംനടത്തിയേ മതിയാകു. നിർമ്മാണത്തിലേക്ക് ആവശ്യമായ സ്ഥലസൗകര്യങ്ങൾ ലഭ്യമാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പഞ്ചായത്ത് അധികൃതരുടെ നിസഹകരണമാണ് പ്രശനങ്ങൾക്ക് കാരണമെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
തലസ്ഥാനത്തെ പ്രധാന വ്യാപാര വിപണന കേന്ദ്രമായ പോത്തൻകോട് ജംഗ്ഷനിൽ വാഹനങ്ങൾ മണിക്കൂറുകളോളം ട്രാഫിക് കുരുക്കിൽ പെട്ട് കിടക്കുക നിത്യ സംഭവമാണ്. കൂടാതെ പോത്തൻകോടും സമീപ പ്രദേശങ്ങളിലും ഓടകൾ പൊട്ടിയൊലിക്കുന്നതും മാലിന്യം നിറയുന്നതും പതിവായതിനെ തുടർന്നാണ് സുരക്ഷാ റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി വികസനം സാദ്ധ്യമാക്കാൻ കെ.എസ്.ടി.പി മുൻകൈയെടുത്തത്. കാലാവധി കഴിഞ്ഞതിനെ തുടർന്ന് ഏപ്രിൽ 29 വരെ പദ്ധതി നീട്ടിയിരുന്നു. മറ്റ് ഇടങ്ങളിൽ പദ്ധതിയനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഏറകുറെ പൂർത്തിയായെങ്കിലും പാതി വഴിയിൽ നിലയ്ക്കുകയായിരുന്നു. കളക്ടറുടെ നിർദ്ദേശപ്രകാരം താലൂക്ക് സർവേയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ റോഡ് വികസനത്തിനാവശ്യമായ സർക്കാർ ഭൂമി മാസങ്ങൾക്ക് മുൻപ് അളന്ന് തിട്ടപ്പെടുത്തുകയും പൊളിച്ചുമാറ്റേണ്ട സ്ഥലങ്ങൾ അടയാളപ്പെടുത്തിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. കഴക്കൂട്ടം അടൂർ മാതൃകാ സുരക്ഷാ പദ്ധതിയുടെ ഭാഗമായി പോത്തൻകോട് ജംഗ്ഷനിൽ നടപ്പിലാക്കേണ്ട പദ്ധതികൾ അട്ടിമറിക്കപ്പെടുന്നു എന്നാരോപിച്ച് പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങൾ സമരത്തിലാണ്.