kara

തിരുവനന്തപുരം: കരമനയിൽ ലഹരിമാഫിയ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ അനന്തുവിന്റെ അമ്മ മിനിയും അമ്മൂമ്മ സുമതിയും പൊലീസിന്റെ ഗുരുതരമായ വീഴ്ചയാണ് ദുരന്തത്തിനിടയാക്കിയതെന്ന് ആരോപിച്ചു.

പൊലീസിന്റെ കാലു പിടിച്ച് പറഞ്ഞിട്ടും കാര്യമായി അന്വേഷിച്ചില്ലെന്നും പൊലീസ് ശ്രമിച്ചിരുന്നെങ്കിൽ കൊലപാതകം ഒഴിവാക്കാമായിരുന്നെന്നും മിനി ഒരു ചാനലിനോട് പറഞ്ഞു.

''തട്ടിക്കൊണ്ട് പോയപ്പോൾ തന്നെ പരാതിപ്പെട്ടിരുന്നു. ഒരു ജോലി തേടി പോയതായിരുന്നു അനന്തു. ഇത്രയും പൊലീസ് സ്​റ്റേഷനുകൾ ഉണ്ടായിട്ടും എന്റെ കുഞ്ഞിനെ രക്ഷിക്കാനായില്ലല്ലോ. ഞങ്ങളിനി എന്തു വേണം?''- അവർ പറഞ്ഞു. തട്ടിക്കൊണ്ടുപോയെന്ന് പരാതി കിട്ടിയിട്ടും കൃത്യമായി അന്വേഷിച്ചില്ലെന്ന് ആരോപണം ഉയരുന്നതിനിടെയാണ് അനന്തുവിന്റെ കുടുംബം പൊലീസിനെതിരെ രംഗത്തെത്തിയത്. പൊലീസ് സ്​റ്റേഷന് അടുത്തു നിന്നാണ് അനന്തുവിന്റെ മൃതദേഹം കിട്ടിയത്. അനന്തുവിനെ കാണാനില്ലെന്ന് അറിഞ്ഞിട്ടും ഈ പ്രദേശത്ത് എന്തുകൊണ്ട് ഒരു തവണ പോലും അന്വേഷണം നടത്തിയില്ലെന്നും ബന്ധുക്കൾ ചോദിക്കുന്നു. മാർച്ച് 11ന് വൈകിട്ട് നാലരയ്ക്കാണ് അനന്തു ഗിരീഷിനെ പ്രതികൾ തട്ടിക്കൊണ്ടുപോയത്. കരിക്ക്, കല്ല്, കമ്പ് എന്നിവയുപയോഗിച്ച് മർദ്ദിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.