തിരുവനന്തപുരം: യു.ഡി.എഫ് നേതാക്കൾ എസ്.ഡി.പി.ഐയുടെ പിന്തുണ തേടിയത് തീക്കളിയാണെന്ന് ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ പറഞ്ഞു. ആർ.എസ്.എസിന്റെ മറുവശമാണ് എസ്.ഡി.പി.ഐ. അങ്ങനെയുള്ള എസ്.ഡി.പിയുടെ പിന്തുണ തേടിയതോടെ ബി.ജെ.പിയുടെ അതേ വർഗീയരാഷ്ട്രീയമാണ് യു.ഡി.എഫും കളിക്കുന്നത്. മതനിരപേക്ഷതയുടെ കാര്യത്തിൽ യു.ഡി.എഫിനെ വിശ്വസിക്കാൻ കൊള്ളില്ലെന്നും വി.എസ് പറഞ്ഞു. എൽ.ഡി.എഫ് തിരുവനന്തപുരം പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം. വിജയകുമാർ അദ്ധ്യക്ഷനായിരുന്നു. മന്ത്രി കെ.രാജു, സ്ഥാനാർത്ഥി സി.ദിവാകരൻ, ബിനോയ് വിശ്വം, പിരപ്പൻകോട് മുരളി, ജി.ആർ അനിൽ, നീലലോഹിതദാസ് തുടങ്ങിയവർ പങ്കെടുത്തു.