ബാലരാമപുരം: മംഗലത്തുകോണം കാട്ടുനട ശ്രീഭദ്രകാളിദേവീക്ഷേത്രത്തിലെ തൂക്കമഹോത്സവത്തോടനുബന്ധിച്ച് അഡ്വ.എം.വിൻസെന്റ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു.കാട്ടുനട തൂക്ക മഹോത്സവം മംഗളകരമാക്കാൻ എല്ലാ വകുപ്പുകളുടേയും പരിപൂർണ്ണ പിൻതുണ ക്ഷേത്രകമ്മിറ്റിക്ക് നൽകണമെന്ന് എം.എൽ.എ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ രാഷ്ട്രീയപരമായ അസ്വാരസ്യങ്ങൾക്ക് ക്ഷേത്രം വേദിയാകരുതെന്നും ഇത് ഒഴിവാക്കാൻ ക്ഷേത്രകമ്മിറ്റിയും പൊലീസും ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്നും എം.എൽ.എ പറഞ്ഞു. കെ.എസ്.ഇ.ബി, ഫയർഫോഴ്സ്, വാട്ടർ അതോറിറ്റി, കെ.എസ്.ആർ.ടി.സി, സി.എച്ച്.സി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ക്ഷേത്ര കമ്മിറ്റി കുടിവെള്ള ടാങ്ക് സജ്ജമാക്കിയാൽ കുടിവെള്ളമെത്തിക്കാമെന്ന് വാട്ടർ അതോറിറ്റി ഓവർ സീയർ ദീപ അറിയിച്ചു. സംസ്ഥാന ജൈവവൈവിദ്ധ്യബോർഡിന്റെയും ശുചിത്വമിഷന്റെയും നിർദ്ദേശപ്രകാരം ഉത്സവമേഖലകൾ ഗ്രീൻപ്രോട്ടോകോൾ നടപ്പിലാക്കാൻ ക്ഷേത്രകമ്മിറ്റി ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഉത്സവം ഭംഗിയായി നടക്കുന്നതിലേക്കായി എല്ലാവിധ സഹായവും നൽകുമെന്ന് വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല പറഞ്ഞു. വെങ്ങാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെങ്ങാനൂർ സതീഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ ലതകുമാരി, ബ്ലോക്ക് മെമ്പർ പ്രഫുല്ല ചന്ദ്രൻ,വാർഡ് മെമ്പർമാരായ സുലേഖ, നന്നംകുഴി രാജൻ, സി.പി.എം നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ മംഗലത്തുകോണം രാജു, ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സിസിലിപുരം ജയകുമാർ, ബി.ജെ.പി നേതാവ് സന്തോഷ്, സി.എം.പി കോവളം ഏര്യാ സെക്രട്ടറി സുരേഷ്, മംഗലത്തുകോണം, കാട്ടുനട റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ ദീലീപ്, ഗീരീഷ്, ബാലരാമപുരം എസ്.ഐ സുരേഷ്, ജനമൈത്രി പൊലീസ് പി.ആർ.ഒ സജീവ്, തൂക്കമഹോത്സവ കമ്മിറ്റി പ്രസിഡന്റ് എം.എസ്.വാസവൻ, സെക്രട്ടറി ജി.രാജൻ, യൂണിയൻ കൗൺസിലർ ആർ.തുളസീധരൻ, വൈസ് പ്രസിഡന്റ് ജി.ഷിജുകുമാർ, അഡ്വ.എൻ.ബിനു തുടങ്ങിയവർ സംസാരിച്ചു.