തിരുവനന്തപുരം: ഒടുവിൽ കെ.എസ്.ആർ.ടി.സി തന്നെ ബസുകളിൽ പതിച്ചിരുന്ന സർക്കാർ പരസ്യങ്ങൾ നീക്കം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കർശന നിർദേശത്തെ തുടർന്നായിരുന്നു നടപടി. ബസുകളിലെ പരസ്യം അടിയന്തിരമായി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മോട്ടോർവാഹനവകുപ്പ് നാഷണലൈസ്ഡ് വിഭാഗം ആർ.ടി.ഒ, കെ.എസ്.ആർ.ടി.സി എം.ഡിക്ക് ഇന്നലെ രാവിലെ കത്ത് നൽകിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരമാണ് മോട്ടോർവാഹനവകുപ്പ് കത്ത് നൽകിയത്. പെരുമാറ്റചട്ടത്തിന്റെ ലംഘനമായതിനാൽ പരസ്യം അടിയന്തരമായി നീക്കം ചെയ്യണമെന്ന് ഇതിൽ നിർദേശിച്ചിരുന്നു.
പരസ്യം നീക്കണമെന്ന് വിവിധ ജില്ലാ കളക്ടർമാർ ആവശ്യപ്പെട്ടിരുന്നെങ്കിലും രണ്ട് ദിവസമായി സാങ്കേതിക കാരണങ്ങൾ നിരത്തി പോസ്റ്റർ സംരക്ഷിക്കുന്ന നിലപാടാണ് കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റ് സ്വീകരിച്ചിരുന്നത്. ഗതാഗത വകുപ്പും മൗനം പാലിക്കുകയായിരുന്ന. ഔദ്യോഗിക അറിയിപ്പ് ലഭിതോടെ ബസുകളിൽ നിന്നും ഇന്നലെ വൈകിട്ട് അഞ്ചിന് തന്നെ പരസ്യം നീക്കണമെന്ന് എം.ഡി യൂണിറ്റ് ഓഫീസർമാർക്ക് നിർദേശം നൽകി.