തിരുവനന്തപുരം: യന്ത്രത്തിനൊപ്പം വിവിപാറ്റുപയോഗിക്കുന്നതു കാരണം ഇത്തവണത്തെ വോട്ടെടുപ്പിനും വോട്ടെണ്ണലിനും കൂടുതൽ സമയമെടുക്കും. ഇത് മുന്നിൽക്കണ്ടാണ് ഇത്തവണ ബൂത്തിലെ വോട്ടർമാരുടെ എണ്ണം 2000ത്തിൽ നിന്ന് 1400 ആക്കിയത്.
വിവിപാറ്റ് വോട്ടർമാരിൽ കൂടുതൽ വിശ്വാസ്യതയുണ്ടാക്കുമെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തിൽ മാദ്ധ്യമപ്രവർത്തകർക്കായി നടത്തിയ ഇ.വി.എം, വിവിപാറ്റ് ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിപാറ്റിൽ ഒരാൾക്ക് വോട്ടിടാൻ 12 സെക്കൻഡ് വേണ്ടിവരും. വിവിപാറ്റുണ്ടെങ്കിലും വോട്ടിടുന്നത് വരെയുള്ള നടപടികൾ മുൻപത്തെ പോലെയായിരിക്കും. വോട്ട് ചെയ്‌താൽ യന്ത്രത്തിന് സമീപത്തെ വിവിപാറ്റ് മെഷീനിലെ ചില്ല് ജാലകത്തിൽ രസീത് കാണാം. ആർക്ക് വോട്ടിട്ടെന്നും ഏത് ചിഹ്നത്തിലാണെന്നും ഇതിൽ കാണാം. ഇത് ഏഴ് സെക്കൻഡ് കാണാം. അത് കഴിഞ്ഞേ വോട്ടറെ ബൂത്തിൽ നിന്ന് പുറത്തേക്ക് വിടൂ. ഉദ്ദേശിച്ച സ്ഥാർത്ഥിക്കല്ല വോട്ട് വീണതെങ്കിൽ നിശ്ചിതഫോമിൽ പരാതി നൽകാം. തുടർന്ന് പ്രിസൈഡിംഗ് ഓഫീസറുടെയും ഉദ്യോഗസ്ഥരുടെയും മുന്നിൽ വീണ്ടും വോട്ടിടാൻ അനുവദിക്കും. ഇത് രഹസ്യവോട്ടായിരിക്കില്ല. വോട്ടറുടെ അവകാശവാദം തെറ്റാണെങ്കിൽ കേസെടുക്കും. ആറുമാസം തടവും ആയിരംരൂപ ശിക്ഷയും കിട്ടാം. വോട്ടർ പറഞ്ഞത് ശരിയാണെങ്കിൽ വോട്ടെടുപ്പ് നിറുത്തി പിന്നീട് റീപോളിംഗ് നടത്തും.
വോട്ടെണ്ണുമ്പോൾ മണ്ഡലത്തിലെ ഒരു പോളിംഗ് ബൂത്തിലെ വിവിപാറ്റ് സ്ളിപ്പുകൾ എണ്ണും. കൺട്രോൾ യൂണിറ്റിലെ കണക്കും സ്ളിപ്പുകളുടെഎണ്ണവും ഒന്നാണോയെന്ന് പരിശോധിക്കാനാണിത്. റിട്ടേണിംഗ് ഓഫീസർ നറുക്കെടുപ്പിലൂടെയാകും ഇതിനുള്ള പോളിംഗ്ബൂത്ത് കണ്ടെത്തുക. തുടർന്ന് വിവിപാറ്റിലെ സ്ളിപ്പുകൾ ഒന്നര മാസം ഭദ്രമായി സൂക്ഷിക്കും. വോട്ടെടുപ്പ് സംബന്ധിച്ച പരാതിയുണ്ടെങ്കിൽ വീണ്ടും പരിശോധിക്കാനാണിത്.
തിരഞ്ഞെടുപ്പിനായി വിപുലമായ ബോധവത്കരണം നടത്തും. ഇതിനായി ഒരുമിനിട്ടിന്റെ വീഡിയോ തയ്യാറാക്കിയിട്ടുണ്ട്. നൂതനമായ കൂടുതൽ പ്രചാരണപരിപാടികൾ വരുംദിവസങ്ങളിൽ നടപ്പാക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. ഇ.വി.എമ്മും വിവിപാറ്റും ഉപയോഗിക്കുന്ന വിധം മുഖ്യതിരഞ്ഞെുപ്പ് ഓഫീസറും സംസ്ഥാതല തിരഞ്ഞെടുപ്പ് മാസ്റ്റർട്രെയിനർ ഷാനവാസ് ഖാനും വിശദീകരിച്ചു. തുടർന്ന് മാദ്ധ്യമപ്രതിനിധികൾ വോട്ട് രേഖപ്പെടുത്തി ബോധവത്കരണത്തിൽ പങ്കാളികളായി. ജോയിന്റ് ചീഫ് ഇലക്ട്രൽ ഓഫീസർ കെ. ജീവൻബാബു, ഡെപ്യൂട്ടി സി.ഇ.ഒ സുരേന്ദ്രൻ പിള്ള ബി. എന്നിവർ പങ്കെടുത്തു.