heat-

തിരുവനന്തപുരം : സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അത്യുഷ്ണത്തിന് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

എറണാകുളം, കോഴിക്കോട്, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉഷ്ണകാലത്തെക്കാൾ മൂന്ന് ഡിഗ്രിവരെ അധികം ചൂട് അനുഭവപ്പെടാനിടയുണ്ട്. ജാഗ്രതപാലിക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയും മുന്നറിയിപ്പ് നൽകി.

അതേസമയം ഉഷ്ണദുരന്തം, സൂര്യാഘാതം, പൊള്ളൽ എന്നിവയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. സഹായത്തിനുള്ള മാനദണ്ഡങ്ങളും നിശ്ചയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി നിർദ്ദേശിച്ചതിനെ തുടർന്നാണ് തീരുമാനം.

ഉഷ്ണതരംഗം, സൂര്യാഘാതം, പൊള്ളൽ എന്നിവ കാരണം മരിക്കുന്നവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ ലഭിക്കും. 40 മുതൽ 50 ശതമാനം വരെ കാഴ്ച നഷ്ടപ്പെട്ടവർക്ക് 59,100 രൂപയും, 60 ശതമാനത്തിലധികം നഷ്ടമായവർക്ക് രണ്ട് ലക്ഷവും നൽകും. ഗുരുതര പരിക്കോടെ ഒരാഴ്ചയിലധികം ആശുപത്രിയിൽ കഴിയേണ്ടി വന്നാൽ 12,700 രൂപയും ഒരാഴ്ചയിൽ താഴെയാണെങ്കിൽ 4,300 രൂപയും നൽകും. നഷ്ടമാവുന്ന കറവ മൃഗങ്ങൾക്ക് (എരുമ, പശു, ഒട്ടകം, യാക്, മിഥുൻ) 30,000 രൂപയും ആട്, പന്നി തുടങ്ങിയവയ്ക്ക് 3000 രൂപയും ഭാരം വലിക്കുന്ന മൃഗങ്ങൾക്ക് 25,000 രൂപയും കോഴിയൊന്നിന് 50 രൂപയും കഴുത, കോവർകഴുത തുടങ്ങിയവയ്ക്ക് 16,000രൂപയും നൽകും.

കടൽ പ്രക്ഷുബ്‌ധമായേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ ഇന്ന് രാവിലെ 11 മുതൽ 18ന് രാത്രി 11.30വരെ കടൽ പ്രക്ഷുബ്‌ധ‌മാകാനിടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരകളുടെ ഉയരം രണ്ടുമീറ്റർ വരെ ഉയരാൻ സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. മീൻ പിടിക്കാൻ പോകുന്നവർക്ക് അപകടസാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ലക്ഷദ്വീപ് തീരത്തും ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.