തിരുവനന്തപുരം: കൊഞ്ചിറവിള സ്വദേശി അനന്തുഗിരീഷിനെ (21) തട്ടികൊണ്ട് പോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പ്രാവച്ചമ്പലം സ്വദേശി ബിപിൻ രാജിനെയാണ് കരമനയിലെ ബന്ധുവീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ ഇന്നലെ പുലർച്ചെ അന്വേഷണ സംഘം പിടികൂടിയത്. വിവിധ സ്ഥലങ്ങളിൽ ഒളിവിലായിരുന്ന. ഇയാൾ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അക്രമി സംഘത്തിന് വഴികാട്ടിയായിരുന്ന ബിപിനെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇതോടെ കേസിലെ 13 പ്രതികളിൽ 12 പേരും അറസ്റ്റിലായി. അവസാന പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
അനന്തുവിനെ അക്രമികൾക്ക് കാണിച്ചുകൊടുത്തതും ഇയാൾ പെൺസുഹൃത്തിനെ കണ്ട് അരശുംമൂട് തളിയൽ വഴി എത്തുന്ന വിവരം കൈമാറിയതും ബിപിനായിരുന്നു. കൊഞ്ചിറവിള ക്ഷേത്രോത്സവത്തിൽ അനന്തുവിന്റെ സംഘവുമായുള്ള ഏറ്റുമുട്ടലിൽ മർദ്ദനമേറ്റതിന് പകരം വീട്ടാൻ വിഷ്ണുരാജും സംഘവും തീരുമാനിച്ച വിവരവും ബിപിന് അറിയാമായിരുന്നു. ഉടൻ തിരിച്ചടിക്കണമെന്ന വിഷ്ണുരാജിന്റെയും കൂട്ടരുടെയും ആവശ്യം അറിഞ്ഞ ബിപിനാണ് അനന്തുവിനെ ഒറ്റയ്‌ക്ക കിട്ടാനുള്ള സാദ്ധ്യത മറ്റുള്ളവരെ അറിയിച്ചത്. തുടർന്ന് അരശുംമൂട് വഴി അനന്തു എത്തുന്ന വിവരം ബിപിൻ നീറമൺകരയിൽ തമ്പടിച്ച സംഘത്തിന് കൈമാറി. തുടർന്ന് സംഘത്തിലെ മൂന്ന് പേർ ഉടൻ ബൈക്കിൽ അനന്തുവിനെ തട്ടികൊണ്ടുപോകുകയായിരുന്നു.
പിടിയിലാകാൻ ഒരാൾ മാത്രം
അനന്തുവിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കരമന സ്വദേശി സുമേഷിനെയാണ് ഇനി പിടികൂടാനുള്ളത്. ഇയാൾ കേരളം വിട്ടതായാണ് പൊലീസിന് ലഭിച്ച വിവരം. സുമേഷ് ഉൾപ്പെടെയാണ് ഞരമ്പ് അറുത്തും കരിക്ക്, കല്ല് എന്നിവ ഉപയോഗിച്ച് തയ്ക്കടിച്ചുമാണ് അനന്തുവിനെ കൊലപ്പെടുത്തിയത്.