തിരുവനന്തപുരം : മദ്യലഹരിയിൽ വിമാനത്താവളത്തിൽ ബഹളമുണ്ടാക്കിയ യാത്രക്കാരരെ വലിയതുറ പൊലീസ് അറസ്റ്റു ചെയ്തു. പത്തനംതിട്ട അടൂർ സ്വദേശി ബെന്നി ജോയിസണാണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് ഒമാനിലേക്കുള്ള ഒമാൻ എയർവേസ് വിമാനത്തിൽ പോകാനെത്തിയ ഇയാൾ ടെർമിനലിലേക്കുള്ള പരിശോധനയ്ക്കായി സി.ഐ.എസ്.എഫ് അധികൃതർക്ക് മുന്നിലെത്തിയപ്പോഴാണ് അമിതമായി മദ്യപിച്ചെന്ന് മനസിലായത്. തുടർന്ന് ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞു. ഇതിൽ പ്രകോപിതനായ ജോയിസൺ ഉദ്യോഗസ്ഥരുമായി വാക്കുതർക്കത്തിലും കൈയാങ്കളിയിലേക്കും കടക്കുകയായിരുന്നു.
ഇതിനിടെ ടെർമിലിന് മുന്നിലെ ഗ്ളാസിൽ ഇയാൾ ഇടിച്ചു. തുടർന്ന് സി.ഐ.ഐ.എസ്.എഫ് അധികൃതർ യാത്രക്കാരനെ പൊലീസ് എയ്ഡ് പോസ്റ്റിൽ കൈമാറി. തുടർന്ന് വലിയതുറ പൊലീസെത്തി ഇയാളെ സ്റ്റേഷനിലേക്ക് മാറ്റി. സ്റ്റേഷനിലെത്തിയ ഇയാൾ തന്നെ സി.ഐ.എസ്.എഫ് കാർ മനപൂർവം മർദ്ദിച്ചെന്നും വൈദ്യസഹായം വേണമെന്നും ആവശ്യപ്പട്ടു. തുടർന്ന് വൈദ്യസഹായം ലഭ്യമാക്കി. എയർപോർട്ട് അതോറിട്ടി അധികൃതരുടെ പരാതിയിൽ പൊലീസ് കേസെടുത്തു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.