nandheeshoram-temple

കുഴിത്തുറ: കന്യാകുമാരി ജില്ലയിൽ കുലശേഖരത്തിനടുത്ത് തിരുനന്തിക്കരയിൽ സ്ഥിതി ചെയ്യുന്ന ചരിത്രപരമായ ഗുഹാക്ഷേത്രം ഇന്ന് അവഗണനയാൽ നശിക്കുകയാണ്. നന്ദിയാറിന്റെ തീരത്തുള്ള ഈ ക്ഷേത്രം പുരാതനമായ കേരളീയ വാസ്തുശില്പ രീതിയിലാണ് പണികഴിപ്പിച്ചിട്ടുള്ളത്. ശിവാലയ ഓട്ടത്തിൽ പ്രസിദ്ധിയാർജ്ജിച്ച കന്യാകുമാരി ജില്ലയിൽ 12 ശിവാലയ ക്ഷേത്രത്തിൽ നാലാമത്തെ ക്ഷേത്രമായ നന്ദീശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. തിരുനന്തിക്കര ക്ഷേത്രത്തിനു മുന്നിൽ നിന്നാൽ ഈ ഗുഹാക്ഷേത്രം നമുക്ക് കാണാം. രൂപത്തിൽ ആന കിടക്കുന്നത് പോലെ തോന്നിക്കുന്ന ഈ പാറ ഉളുത് പാറ എന്നാണ് അറിയപ്പെടുന്നത്. ഈ പാറയിലെ ഗുഹാക്ഷേത്രത്തിൽ മൂന്ന് മുറികളാണുള്ളത്. മുറിക്കുള്ളിൽ കയറാൻ പാറയിൽ തന്നെ പടികൾ നിർമ്മിച്ചിട്ടുണ്ട്. ഇതിനുള്ളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ശിവലിംഗത്തിന് ദിവസേന പൂജാദികർമ്മങ്ങൾ നടത്തിവരുന്നുണ്ട്. ഒമ്പതാം നൂറ്റാണ്ടു വരെ ജൈന ക്ഷേത്രമായാണ് ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നത്. പിൽക്കാലത്ത് ഇവിടം ശിവക്ഷേത്രമായി മാറി. ഗുഹാക്ഷേത്രത്തിലെ പ്രവേശനകവാടത്തിൽ വലതുഭാഗത്തായി പാറയിൽ കൊത്തിയ ശിവലിംഗം കാണാം. ദേവിയുടെയും ദക്ഷണ മൂർത്തിയുടെയും ശിലകളും പാറയുടെ അടിവാരത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഉളുത് പാറയുടെ മുകൾഭാഗത്തായി ആഞ്ഞിലി മരത്തിന്റെ ചുവട്ടിലും ഒരു ശിവലിംഗം പ്രതിഷ്ഠയുണ്ട്. ഇതിനരികിലായി ഒരു കുളവുമുണ്ട്. ഈ ഗുഹാക്ഷേത്രത്തിന്റെ ചുവരുകളിൽ പഴയകാല ചരിത്രങ്ങൾ വട്ടെഴുത്തിലും സംസ്‌കൃതവും അടക്കം മറ്റു ലിപികളിലുമായി കാണാം. ശിവാലയ ഓട്ടത്തിന്റെ ഭാഗമായി വരുന്ന സന്ദർശകർ മാത്രമാണ് ഇവിടെ സന്ദർശനം നടത്താറ്. അതൊഴിച്ചാൽ മറ്റു സമയങ്ങളിൽ ഇവിടെ എത്തുന്ന സന്ദർശകർ വിരളമാണ്. ചരിത്ര പ്രധാനമായ ഈ ക്ഷേത്രത്തിന് വേണ്ട പരിഗണന നൽകി ഗുഹാക്ഷേത്രത്തിലെ അധികം സന്ദർശകരെ ആകർഷിക്കുന്ന രീതിയിലുള്ള പണികൾ കൈക്കൊള്ളാൻ സർക്കാർ നടപടിയെടുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.

ചരിത്ര വഴിയേ
ഇന്ന് ഈ ക്ഷേത്രം തമിഴ്നാട് ആർക്കിയോളജിക്കൽ ഡിപ്പാർട്ട്മെന്റിന്റെ സംരക്ഷണത്തിലാണ്. ഒമ്പതാം നൂറ്റാണ്ടിൽ ജൈനമതം മാറിയശേഷം പത്താം നൂറ്റാണ്ടിൽ രാജരാജചോളനാണ് ഇവിടെ ശിവലിംഗം സ്ഥാപിച്ചത്. ചില ചുമരുകളിൽ രാജരാജചോളന്റെ ജന്മദിനത്തെ കുറിച്ചും യുദ്ധവിജയങ്ങളെ കുറിച്ചും പരാമർശിച്ചിട്ടുണ്ട്. കന്യാകുമാരി ജില്ലയിലെ മറ്റ് സന്ദർശക സ്ഥലങ്ങൾക്കുള്ള പ്രാധാന്യം ഈ ഗുഹാക്ഷേത്രത്തിനു ലഭ്യമായിട്ടില്ല.

എത്തിച്ചേരാൻ

തൃപ്പരപ്പ് നിന്നും ഏകദേശം 7 കിലോമീറ്റർ