നെയ്യാറ്റിൻകര: നെയ്യാർ ജലസംഭരണിയിലേയ്ക്ക് ശുദ്ധജലം ശേഖരിക്കാനായി നെയ്യാറിന് കുറുകെ നിർമ്മിച്ച
തടയണ തകർന്നിട്ടും ഇതുവരെ പുനർ നിർമ്മിക്കാനായില്ല.അതിനാൽ കുടിവെള്ള വിതരണത്തിനായി പമ്പ് ഹൗസിൽ ശേഖരിക്കുന്നത് ചെളിവെള്ളം. കടവിൽ തടണ നിർമ്മിച്ച് നെയ്യാറിലെ ജലം തടാകം പോലെ കെട്ടി നിറുത്തി അവിടെ നിന്നാണ് മുൻപ് ജലം ശേഖരിച്ചിരുന്നത്. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ പാലക്കടവിന് സമീപമുള്ള ഈ തടയണ തകർന്നു.
അടുത്തിടെ നെയ്യാറ്റിൻകര ടൗണിലും പരിസര പ്രദേശത്തും മഞ്ഞ നിറം കലർന്ന ജലമാണ് കുടിവെള്ളമായി ലഭിച്ചിരുന്നത്.നെയ്യാറിനെ മലിനമാക്കുന്ന സാഹചര്യവും നിലവിലുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
നെയ്യാറിൽ നിന്നും ജലം ശേഖരിക്കുന്ന പമ്പ് ഹൗസും പരിസരവും സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നെയ്യാറിന്റെ കടവുകൾ ശുചിയാക്കി സംരക്ഷിച്ചിട്ടില്ല. മാത്രമല്ല നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിലെ മലിന ജലം ഒഴുകിയെത്തുന്നത് തൊട്ടുമുകളിലെ കടവിലേക്കാണ്. ആശുപത്രിയിലെ സെപ്ടിക് ടാങ്ക് ചോർന്ന് അതിൽ നിന്നും മാലിന്യം പുറത്തേക്ക് ഒഴുകി ആറുകടവിൽ വന്നു ചേരുന്നുണ്ട്. നെയ്യാറിലെ പാലക്കടവിലാണ് പരിസര വാസികൾക്ക് മാലിന്യം നിക്ഷേപിക്കാനുള്ള ക്യാബിൻ നഗരസഭ നിർമ്മിച്ചിരിക്കുന്നത്. മഴക്കാലത്ത് മാലിന്യവുമായി കലർന്ന് മഴവെള്ളവും നെയ്യാറിലെ കുടിവെള്ളം ശേഖരിക്കുന്ന കടവിലേക്ക് ഒലിച്ചിറങ്ങുന്നത് പതിവാണ്. മാലിന്യങ്ങൾ നെയ്യാറിലെ കുടിവെള്ളം ശേഖരിക്കുന്ന സ്ഥലങ്ങളിലേക്ക് ഒഴുകിയിറങ്ങാതിരിക്കാനും സംവിധനമില്ല.
നെയ്യാറിൽ പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന നെയ്യാർ കടവിൽ ക്വാളിഫാം ബാക്ടീരിയയുടെ തോത് എത്രമാത്രമുണ്ടെന്ന് അടിയന്തിരമായി പരിശോധിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു..
പെരുങ്കടവിള പഞ്ചായത്തിലേക്ക് ജലവിതരണം നടത്തുന്ന മാമ്പഴക്കര പാലത്തിന് സമീപത്തെ പമ്പിംഗ് സ്റ്റേഷൻ നന്നാക്കുന്നതിന്റെ മറവിൽ പരിസരം വൃത്തിഹീനമാക്കുന്നതായി പരാതി. ശുദ്ധജല വിതരണ പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കുവാനായി ജെ.സി.ബി ഉപയോഗിച്ച് റോഡരുക് കുഴിച്ചെങ്കിലും മിച്ചം വന്ന മണ്ണ് റോഡിലേക്ക് ഉപേക്ഷിച്ചത് കാരണം കാൽനട യാത്ര പോലും ദുഷ്കരമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.മഴക്കാലത്ത് പാലത്തിന് സമീപം കെട്ടി നിൽക്കുന്ന മഴവെള്ളം വാർന്ന് പോകുവാൻ സ്ഥാപിച്ച പൈപ്പുകൾ അടയ്ക്കുവാൻ നടത്തിയ ശ്രമം നാട്ടുകാർ ഇപ്പോൾ തടഞ്ഞിരിക്കുകയാണ്. പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ ഈ പ്രദേശത്ത് കഴിഞ്ഞ ഒരാഴ്ചക്കാലമായി ശുദ്ധജല വിതരണമില്ല. ജലവിതരണം ഉടൻ ആരംഭിക്കണമെന്നും പ്രൊട്ടക്ഷൻ സ്റ്റോൺ പുനരാരംഭിക്കണമെന്നും റോഡിലെ മണ്ണ് നീക്കം ചെയ്യണമെന്നും പാലത്തിന് കേടുവരാത്ത പരിഷ്കാരങ്ങൾ മാത്രം നടപ്പാക്കണെന്നും പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി ഡോ.സി.വി.ജയകുമാർ ആവശ്യപ്പെട്ടു.