corpationതിരുവനന്തപുരം: വട്ടിയൂർക്കാവ് ജംഗ്ഷനിലെയും പരിസര പ്രദേശങ്ങളിലെയും വഴിയോര ശീതളപാനീയ കടകൾ കേന്ദ്രീകരിച്ച് നഗരസഭാ അധികൃതർ നടത്തിയ റെയ്‌ഡിൽ പഴകിയ പാലും നിരോധിത രാസവസ്‌തുക്കളുമുൾപ്പെടെയുള്ളവ പിടിച്ചെടുത്തു. വട്ടിയൂർക്കാവ് മേഖലാ ഓഫീസിലെ ഹെൽത്ത് ഇൻസ്പെക്ടർ ടി. മോഹനചന്ദ്രന്റെ നേതൃത്വത്തിൽ ഇന്നലെ​ രാവിലെയോടെയാണ് പരിശോധന നടത്തിയത്. യാതൊരു ലൈസൻസും ഇല്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന കടകളെക്കുറിച്ച് വ്യാപക പരാതികളുണ്ടായതിനെ തുടർന്നായിരുന്നു റെയ്ഡ്. പരിശോധനയിൽ മിൽക്ക് ഷേക്കുകൾ ഉണ്ടാക്കുന്നതിനായി പഴകിയ പാൽ ഉപയോഗിക്കുക, ജ്യൂസിൽ കൊമേഴ്സ്യൽ ഐസ് ഇടുക, തിളപ്പിക്കാത്ത പാൽ സർബത്തിൽ ചേർക്കുക, നിരോധിത ഇനത്തിൽപ്പെട്ട മാരക രാസവസ്തുക്കൾ അടങ്ങിയ കളർ ദ്രാവകങ്ങൾ ചേർക്കുക, ഓടകൾക്ക് മുകളിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുക, ഉപയോഗയോഗ്യമല്ലാത്ത ജലം ഉപയോഗിക്കുക, ലൈസൻസില്ലാതെ അനധികൃതമായി പ്രവർത്തിക്കുക തുടങ്ങിയ ഒട്ടേറെ ഗുരുതരമായ പ്രശ്നങ്ങൾ കണ്ടെത്തി. സാധനങ്ങൾ പിടിച്ചെടുക്കുകയും കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്‌തതായി അധികൃതർ അറിയിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അൻസാരി, ജയകൃഷ്ണൻ, ബുഷ്റ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.