ലോകം കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും കൂടുതൽ പണമൊഴുകുന്ന തിരഞ്ഞെടുപ്പാണ് 17-ാം ലോക്സഭയ്ക്ക് വേണ്ടി നടക്കുന്നതെന്ന് ഇലക്ഷൻ കാര്യങ്ങളിൽ ഗവേഷണപരമായ അന്വേഷണം നടത്തുന്നവർ പറയുന്നു. ഇന്ത്യയുടെ ദേശീയ വരുമാനത്തിന്റെ 21 ഇരട്ടി വരുമാനമുള്ള അമേരിക്കയിൽ 2016 ലെ പ്രസിഡന്റിന്റെയും ജനപ്രതിനിധിസഭയായ കോൺഗ്രസിന്റെയും തിരഞ്ഞെടുപ്പിനായി ബന്ധപ്പെട്ടവർ ചെലവഴിച്ചത് 650 കോടി ഡോളർ (45,600 കോടിരൂപ) ആയിരുന്നു. എന്നാൽ നമ്മുടെ രാജ്യത്തെ മുൻകാല ഇലക്ഷൻ അനുഭവങ്ങളുടെയും ഉദിച്ചുയർന്നു വരുന്ന പുത്തൻ പ്രവണതകളുടെയും അടിസ്ഥാനത്തിൽ ഇപ്പോഴത്തെ ലോക്സഭ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ കക്ഷികളും മത്സരാർത്ഥികളും ചേർന്ന് 700 കോടി ഡോളർ (50,000 കോടിരൂപ) ചെലവഴിക്കുമെന്നാണ് വിദഗ്ദ്ധരുടെ വിധിയെഴുത്ത്.
2014 ലെ ലോക്സഭ ഇലക്ഷനിൽ 1587.78 കോടിരൂപ ചെലവാക്കിയെന്നാണ് ബന്ധപ്പെട്ടവർ സമർപ്പിച്ച കണക്കുകളിൽ കാണുന്നതെങ്കിലും രാഷ്ട്രീയപാർട്ടികളും സ്ഥാനാർത്ഥികളും ചേർന്ന് യഥാർത്ഥത്തിൽ 30,000 കോടിരൂപ ആ തിരഞ്ഞെടുപ്പിൽ ചെലവഴിച്ചുവെന്നാണ് പ്രമുഖ തിരഞ്ഞെടുപ്പ് പഠനകേന്ദ്രമായ സെന്റർ ഫോർ മീഡിയാ സ്റ്റഡീസിന്റെ കണ്ടെത്തൽ. ഇക്കുറി, തിരഞ്ഞെടുപ്പ് ചെലവ് 50,000 കോടിരൂപയെന്ന വമ്പൻ സ്കോറിലെത്തുമെന്ന നിഗമനത്തിന് പല കാരണങ്ങളുണ്ട്. അവയെ രണ്ട് ഗണത്തിൽ പെടുത്താം: ഒന്ന്, തിരഞ്ഞെടുപ്പുകൾക്ക് പൊതുവിൽ ബാധകമായ സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട ഘടകങ്ങൾ; രണ്ട് 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിനെ മുൻകാല ഇലക്ഷനുകളിൽ നിന്ന് വ്യത്യസ്ഥമാക്കുന്ന ചില പ്രത്യേക ഘടകങ്ങൾ.
യുദ്ധവും, ഉത്സവവും സംഗമിക്കുന്ന പ്രതിഭാസമാണ് ഇലക്ഷൻ. ഏറെ അദ്ഭുതസിദ്ധികളുള്ള അധികാരമെന്ന മാന്ത്രിക ദണ്ഡ് കൈയടക്കാനുള്ള യുദ്ധമാണ് ഇലക്ഷനിൽ നടക്കുന്നത്. ധാരാളിത്തത്തിന്റെ ധനശാസ്ത്രമാണ് എല്ലാ യുദ്ധങ്ങളെയും നയിക്കുന്നത്. രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങളിൽ ഒാരോ രാജ്യവും പണത്തിന്റെ പ്രവാഹം എങ്ങനെയെങ്കിലും ഉറപ്പുവരുത്തിയിരിക്കും. ഇതുതന്നെയാണ് തിരഞ്ഞെടുപ്പ് യുദ്ധത്തിലും സംഭവിക്കുന്നത്. യുദ്ധത്തിൽ ഉത്സവത്തിനും ഇടമുണ്ട്. മഹാഭാരതയുദ്ധത്തിന്റെ കാര്യം തന്നെ പറയാം. ഒാരോ ദിവസത്തെയും യുദ്ധം ആരംഭിച്ചിരുന്നത് വാദ്യഘോഷങ്ങളോടെയായിരുന്നു. പടയാളികളുടെ മനോവീര്യവും ആവേശവും ഉയർത്തിനിറുത്താനായി യുദ്ധത്തിനിടയിൽ നൃത്തവും സംഗീതവും വാദ്യം മുഴക്കലും അനിവാര്യമായിരുന്നു. ഇൗ ആഘോഷംതന്നെയാണ് തിരഞ്ഞെടുപ്പ് യുദ്ധത്തിലും സംഭവിക്കുന്നത്. പ്രവർത്തകരുടെയും അനുഭാവികളുടെയും സമ്മതിദായകരുടെയും ഉത്സാഹവും ആവേശവും പോരാട്ടവീര്യവും ഉയർത്തി പാരമ്യത്തിൽ എത്തിച്ചാലേ തിരഞ്ഞെടുപ്പ് യുദ്ധം ജയിക്കാനാവൂ. പോസ്റ്ററുകൾ, നോട്ടീസുകൾ, കൊടിതോരണങ്ങൾ തുടങ്ങിയ വഴി തിരഞ്ഞെടുപ്പ് ഉത്സവത്തിന് വർണശബളിമ പകരുന്നു. വാദ്യഘോഷങ്ങൾ, മൈക്ക് ആഹ്വാനങ്ങൾ, ഗാനങ്ങൾ, പരസ്യങ്ങൾ, യോഗങ്ങൾ, കൂറ്റൻ റാലികൾ തുടങ്ങിയവഴി പ്രവർത്തകരെയും സമ്മതിദായകരെയും ആവേശത്തിരയിലെത്തിക്കുന്നു.
യുദ്ധത്തെപ്പോലെ ഉത്സവത്തിനും ബാധകം ധാരാളിത്തത്തിന്റെ ധനശാസ്ത്രം തന്നെയാണ്. ഉത്സവാഘോഷങ്ങളിൽ മിതവ്യയത്തിന്റെ തത്വശാസ്ത്രങ്ങൾക്കൊന്നും ഇടമില്ലാതാകുന്നു. സാദാ സാമ്പത്തികയുക്തിയുടെ അതിർവരമ്പുകൾ മാഞ്ഞുപോകുന്ന യുദ്ധവും, ഉത്സവവും സമ്മേളിക്കുന്ന തിരഞ്ഞെടുപ്പിൽ ധനം അണപൊട്ടിയൊഴുകുന്നു.
മുൻകാല ഇലക്ഷനുകളിൽനിന്ന് ഇപ്പോഴത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കുന്ന ചില പ്രത്യേക ഘടകങ്ങളും സൂചിപ്പിക്കേണ്ടതുണ്ട്. ഏറ്റവും പ്രധാനമായത് ചരിത്രത്തിലെ ഏറ്റവും നിർണായകമായ തിരഞ്ഞെടുപ്പായി എല്ലാ രാഷ്ട്രീയ പാർട്ടികളും 2019 ലെ ഇലക്ഷനെ വീക്ഷിക്കുന്നുവെന്നതാണ്; ഇപ്പോഴല്ലെങ്കിൽ പിന്നെ ഒരിക്കലും ഉണ്ടാകില്ല എന്ന മട്ടാണ്. അതുകൊണ്ടുതന്നെ സർവസന്നാഹങ്ങളും വിന്യസിച്ചുകൊണ്ട് ഒാരോ സീറ്റും പിടിച്ചെടുക്കാൻ രാഷ്ട്രീയകക്ഷികളും സ്ഥാനാർത്ഥികളും യത്നിക്കുന്നു.
ചില സാമ്പത്തിക വിദഗ്ദ്ധരുടെ ഭാഷയിൽ പറഞ്ഞാൽ കഴുത്തറുപ്പൻ മത്സരത്തിൽ അധിഷ്ഠിതമായ ഒരു പടുകൂറ്റൻ തിരഞ്ഞെടുപ്പ് കമ്പോളമാണ് ഇന്ത്യയിലിപ്പോൾ രൂപപ്പെട്ടുവരുന്നത്. പരമ്പരാഗതമായ തിരഞ്ഞെടുപ്പ് ഉത്പന്നങ്ങൾ മാത്രമല്ല ഇവിടെ വൻതോതിൽ എത്തപ്പെടുന്നത്; പുതിയകാല ഉത്സവങ്ങളും അഭിനവ വിപണന തന്ത്രങ്ങളും കൂടിച്ചേർന്ന് അരങ്ങു തകർക്കുന്ന വേദിയാണത്. ഉദാഹരണമായി, രാഷ്ട്രീയ പാർട്ടികളും, നേതാക്കളും ബ്രാൻഡിംഗ് എന്ന വിപണന പ്രക്രിയയ്ക്ക് പാത്രമാകുന്നു. ഏതെങ്കിലും ഒരു ഷർട്ട് വാങ്ങുന്നതിന് ഉപരി, ഒരു പ്രത്യേക ബ്രാൻഡിലുള്ള ഷർട്ടിനോട് മമത രൂപപ്പെടുത്തിയെടുക്കുന്ന അതേ തന്ത്രം തന്നെയാണ് ഇവിടെയും പയറ്റുന്നത്. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇൗ തന്ത്രം ചെറിയ തോതിൽ പരീക്ഷിച്ചിരുന്നു.അതുവഴി 'മോദി "യെന്ന ബ്രാൻഡിന് തിരഞ്ഞെടുപ്പ് ഗോദയിൽ ഏറെ സ്വീകാര്യത ലഭിച്ചിരുന്നു. ഇന്നിപ്പോൾ ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളും ഇൗ പാതയുടെ സാദ്ധ്യതകൾ വിനിയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജനപ്രിയ ബ്രാൻഡായി രൂപപ്പെടുകയെന്നത് സ്വയംഭൂവായി സംഭവിക്കുന്ന സംഗതിയല്ല. ബോധപൂർവമായതും ഏറെ ചെലവേറിയതുമായ ഒരു പ്രക്രിയയിലൂടെ മാത്രമേ അത് ഫലവത്താകൂ. പുതിയ കാലത്തെ വിപണന-പരസ്യതന്ത്രങ്ങളുടെ ഭാഗം തന്നെയാണ് ഇലക്ഷൻ രംഗത്തെ സോഷ്യൽ മീഡിയയുടെ സാന്നിദ്ധ്യവും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇൗ മാർഗം ചെറിയ തോതിൽ വിനിയോഗിച്ചു നേട്ടമുണ്ടാക്കിയിരുന്നു. 2019 ലെ മഹാതിരഞ്ഞെടുപ്പ് യുദ്ധത്തിൽ എല്ലാ കക്ഷികളും ഇൗ ആയുധത്തെ വൻതോതിൽ ആശ്രയിക്കും. 2014 ലെ തിരഞ്ഞെടുപ്പിൽ സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണത്തിന് 250 കോടി രൂപ ചെലവഴിച്ചിരുന്നു ; ഇപ്പോഴത്തെ തിരഞ്ഞെടുപ്പിൽ അത് 5000 കോടിരൂപയായി ഒാടിക്കയറുമെന്നാണ് വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ.
ചുരുക്കത്തിൽ, യുദ്ധങ്ങളുടെ യുദ്ധവും പൂരങ്ങളുടെ പൂരവും ആകാൻപോകുന്ന തിരഞ്ഞെടുപ്പാണ് 17-ാം ലോക്സഭ ഇലക്ഷൻ എന്നുള്ളതുകൊണ്ടുതന്നെ അതിനായി ചെലവഴിക്കപ്പെടുന്ന സംഖ്യ കൊടുമുടി ചൂടുകതന്നെ ചെയ്യും.