atl17ma

ആ​റ്റിങ്ങൽ: നാട്ടുകാരുടെ നടുവൊടിക്കാൻ റോഡിൽ വലിയ ഹമ്പുകൾ സ്ഥാപിക്കുന്നതായി പരാതി. റോഡിലെ കുഴികൾ യാത്രക്കാരുടെ നടുവൊടിക്കുമ്പോഴാണ് വീണ്ടും ദുരിത യാത്രയുടെ ആക്കം കൂട്ടാൻ ഹമ്പുകൾ സ്ഥാപിക്കുന്നത്. ആറ്റിങ്ങൽ മുനിസിപ്പൽ ഓഫീസിന് എതിർവശത്ത് നിന്ന് പാലസ് റോഡിലേക്ക് പോകുന്ന ഇടറോഡാണ് കുണ്ടും കുഴിയുമായി തകർന്ന് കിടക്കുന്നത്. രാത്രിയിൽ ഇവിടെ അപകടം പതിവാണ്. കുണ്ടും കുഴിയും നികത്താതെ ഹമ്പുകൾ സ്ഥാപിക്കുന്ന ആറ്റിങ്ങൽ മുനിസിപ്പാലി​റ്റിയുടെ നടപടിക്കെതിരെ വൻ ജനരോഷമാണുയരുന്നത്. ദേശീയപാതയിൽ നിന്ന് ഈ റോഡിലേക്ക് കയറുന്ന ഭാഗത്ത് ധാരാളം കുഴികളുണ്ട്. ചെറുതും വലുതുമായ ഈ കുഴികളിൽ ദിവസവും യാത്രക്കാർ അപകടത്തിൽപ്പെടുകയാണ്. ഹമ്പ് നിർമ്മിച്ചതിന് തൊട്ടടുത്തായുളള കുഴികൾ പോലും നികത്താൻ അധികൃതർ തയ്യാറായിട്ടില്ല. ഹമ്പിൽ കയറുന്ന വാഹനങ്ങൾ കുഴികളിലേക്കിറങ്ങുന്നതോടെ നിയന്ത്റണം തെ​റ്റി മറിഞ്ഞുവീഴും. നിരവധി അപകടങ്ങളാണ് ശനിയാഴ്ച ഈ റോഡിൽ നടന്നത്.

ഉയരത്തിൽ ഹമ്പ് നിർമ്മിച്ചതല്ലാതെ അതിന്റെ സൂചനകളൊന്നും നൽകിയിട്ടില്ല. ഹമ്പ് നിർമ്മിക്കുമ്പോൾ സൂചനയായി വെള്ള വര നിർബന്ധമായി വേണമെന്നാണ് നിബന്ധന. കൂടാതെ ഹമ്പ് അടുക്കുന്നതിന് തൊട്ടുമുൻപ് അടുത്ത് ഹമ്പ് ഉണ്ട് എന്ന സൂചനാ ബോർഡും സ്ഥാപിക്കേണ്ടതുണ്ട്. ഇതൊന്നും പാലിക്കാതെയാണ് ഹമ്പ് നിർമ്മിച്ചിരിക്കുന്നത്. അയിലം റോഡിൽ കിഴക്കേ നാലുമുക്കിൽ നിന്ന് അയിലത്തേയ്ക്ക് തിരിയുന്ന സ്ഥലത്തും തൊട്ടടുത്തും രണ്ട് ഹമ്പുകൾ സ്ഥാപിച്ചിരിക്കുന്നത് എന്തിനാണെന്നാണ് നാട്ടുകാരുടെ ചോദ്യം. ആറ്റിങ്ങലിൽ ദേശീയപാതയിലൂടെ സഞ്ചരിക്കുന്നത് ദുരിതമാണ്. അതിന്റെ കൂടെയാണ് ഇടറോഡുകളിൽ വലിയ ഹമ്പു സ്ഥാപിച്ച് യാത്രക്കാരെ വലയ്ക്കുന്നത്. ഇത് സംബന്ധിച്ച് അധികൃതർക്ക് പരാതി നൽകിയിരിക്കുയാണ് നാട്ടുകാർ.