exam

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത് ലക്ഷത്തിലധികം വിദ്യാർത്ഥികൾ എഴുതുന്ന പ്ളസ് വൺ പ്ളസ് ടു പരീക്ഷ നടക്കുമ്പോൾ ഹയർ സെക്കൻഡറിയിൽ വീണ്ടും സ്ഥിരം ഡയറക്ടർ ഇല്ലാതായി. ഡയറക്ടറുടെ അധിക ചുമതല നൽകിയിരുന്ന കൃഷി ഡയറക്ടർ ഡോ. പി.കെ. ജയശ്രീയെ മാറ്റി. പകരം സീനിയർ ജോയിന്റ് ഡയറക്ടർ ഡോ. പി.പി. പ്രകാശനു ഡയറക്ടറുടെ ചുമതല നൽകി.

രണ്ടു മാസത്തിനിടെ നാല് ഡയറക്ടർമാരെയാണ് ഹയർസെക്കൻഡറിയിൽ മാറ്റി നിയമിക്കുന്നത്. ജനുവരി 19നാണ് ഡയറക്ടറായിരുന്ന പി.കെ. സുധീർബാബുവിനെ കോട്ടയം കളക്ടറായി നിയമിച്ചത്. പകരം കോട്ടയം കളക്ടർ ബി.എസ്. തിരുമേനി ഫെബ്രുവരി നാലിന് ഡയറക്ടറായി ചുമതലയേറ്റു.

ഒരാഴ്ച പിന്നിടുമ്പോഴേക്കും തിരുമേനിയെ പൊതുവിദ്യാഭ്യാസ ഡയറക്ടറാക്കി. തുടർന്ന് വി.ആർ. പ്രേംകുമാറിനെ ഹയർ സെക്കൻഡറി ഡയറക്ടറാക്കി. കഴിഞ്ഞ മാസം അഞ്ചിന് മന്ത്രിസഭാ യോഗം പ്രേംകുമാറിനെ അഡിഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) സി.ഇ.ഒ ആയി നിയമിച്ചു. ഇതോടെ ജോയിന്റ് ഡയറക്ടർ പ്രകാശന് വീണ്ടും ഡയറക്ടറുടെ ചുമതല നൽകി. ഹയർ സെക്കൻഡറി പരീക്ഷ തുടങ്ങുന്നതിനു തലേ ദിവസമായിരുന്നു ഈ മാറ്റം.

പരീക്ഷ തുടങ്ങുന്ന സമയത്ത് സ്ഥിരം ഡയറക്ടറില്ലെന്ന വിമർശനം ഉയർന്നതോടെ കൃഷി വകുപ്പ് ഡയറക്ടർ ഡോ. പി.കെ. ജയശ്രീക്ക് വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് ഹയർ സെക്കൻഡറി ഡയറക്ടറുടെ അധിക ചുമതല നൽകി. മാർച്ച് 31 നു മുമ്പ് കൃഷി വകുപ്പിലെ പദ്ധതി നിർവഹണം പൂർത്തിയാക്കേണ്ട കനത്ത ജോലിഭാരത്തിനിടെയാണ് ജയശ്രീക്ക് അധിതചുമതല വഹിക്കേണ്ടി വന്നത്. മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരമില്ലാതെ നടത്തിയ ക്രമീകരണം കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന്റെ വിമർശനത്തിനിടയാക്കിയതോടെയാണ് ജയശ്രീയിൽനിന്ന് ഇപ്പോൾ അധികചുമതല ഒഴിഞ്ഞത്. പകരം ഒരു സ്ഥിരം ഡയറക്ടറെ കണ്ടെത്താനുമായില്ല.

പരീക്ഷാ നടത്തിപ്പിനെ ബാധിച്ചേക്കും

ഹയർസെക്കൻഡറി പരീക്ഷ അവസാനിക്കുന്നത് മാർച്ച് 27 നാണ്. അതിനിടയിൽ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ സ്ഥിരം ഡയറക്ടറില്ലാത്തത് ബോർഡിന് തലവേദനയാകും. ഏപ്രിൽ ആദ്യവാരത്തിൽ മൂല്യനിർണയവും ആരംഭിക്കും. മേയിലായിരിക്കും ഫലം പ്രസിദ്ധീകരിക്കുക. ഈ സമയങ്ങളിൽ ഭാരിച്ച ഉത്തരവാദിത്വമാണ് ഡയറക്ടർക്കുള്ളത്.