വിഴിഞ്ഞം: വിപണിയിൽ സ്വർണ വില ഏറ്റക്കുറച്ചിലുകൾ നേരിടുമ്പോഴും വിഴിഞ്ഞത്തെ സ്വർണത്തെരുവിന് മാറ്റ് കുറയുകയാണ്. തെരുവീഥികളിൽ കേട്ടിരുന്ന സ്വർണശാലകളിലെ ചുറ്റിക ശബ്‍ദങ്ങൾ ഇപ്പോൾ കേൾക്കാനില്ല. തൊഴിലാളികൾ ജീവവായുവിൽ ഊതിക്കാച്ചിയ പൊന്നിന്റെ തിളക്കം നഷ്ടപ്പെട്ടിരിക്കുന്നു. ചരിത്രപഴമകളുടെ ശേഷിപ്പും അരിപ്പൊടിക്കോലങ്ങളും നിറയുന്ന വിഴിഞ്ഞത്തെ സ്വർണത്തെരുവിന്റെ കാഴ്ചയാണിത്. ഏതാനും വർഷങ്ങൾക്കു മുൻപ് കുലത്തൊഴിലായ സ്വർണപ്പണിയിൽ സജീവമായിരുന്നു വിഴിഞ്ഞം. തമിഴ് ബ്രാഹ്മണ്യത്തിന്റെ ആചാരാനുഷ്ഠാനങ്ങളോടെ, വിഴിഞ്ഞം ജംഗ്ഷൻ മുതൽ കല്ലുവെട്ടാൻ കുഴി വരെയുള്ള വീഥിക്കു ഇരുവശവുമായി ജീവിക്കുന്നത് സ്വർണപ്പണി കുലത്തൊഴിലായി സ്വീകരിച്ചവരാണ്. പാരമ്പര്യമായി സ്വർണപ്പണിയിൽ ഏർപ്പെട്ടിരിക്കുന്ന നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്നതിനാലാണ് ഇവിടം സ്വർണത്തെരുവ് എന്ന പേരിൽ അറിയപ്പെടുന്നത്. ഇവരുടെ വരവോടുകൂടി വിഴിഞ്ഞം സ്വർണാഭരണങ്ങൾക്കും പേരുകേട്ടു തുടങ്ങി. ആധുനിക യന്ത്ര സംവിധാനങ്ങൾ വരുന്നതിനു മുൻപുവരെ നഗരത്തിൽ നിന്നു വരെ വിവാഹാവശ്യങ്ങൾക്ക് സ്വർണാഭരണങ്ങൾ തേടി ആൾക്കാർ എത്തിയിരുന്നു. അക്കാലത്തു ചാലക്കമ്പോളമായിരുന്നു ഇവരുടെ പ്രധാന വിപണന കേന്ദ്രം. എന്നാൽ വിപണന രംഗത്ത് പുതിയ വൻകിട കമ്പനികൾ വന്നതോടെ ചാലയിലെ ചെറു കടകളിൽ നിന്നു സ്വർണ വിപണി വൻ ആഭരണ വില്പന കേന്ദ്രങ്ങളിലേക്ക് മാറി. ഇക്കാരണത്താൽ വിഴിഞ്ഞത്തെ പാരമ്പര്യ സ്വർണാഭരണങ്ങൾക്ക് ഡിമാൻഡ് കുറഞ്ഞു. ചെയ്യുന്ന ജോലിക്കു ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽ കുടുംബം പോറ്റാനാകാതെ പലരും ഈ തൊഴിൽ ഉപേക്ഷിച്ചു മറ്റു തൊഴിലുകൾ തേടി പോയി.
തമിഴ് വിശ്വബ്രഹ്മ സമാജം എന്ന സമുദായത്തിൽ പെട്ടവരാണ് സ്വർണത്തെരുവിലുള്ളത്. ചേര -ചോള - പാണ്ഡ്യ സാമ്രാജ്യത്തിനു മുൻപേ ഇവിടെ നിലനിന്നിരുന്ന ആയ് രാജവംശകാലത്തു അന്യ ദേശങ്ങളിൽ നിന്ന് ഇവിടേക്ക് ക്ഷണിക്കപ്പെട്ടു വന്നവരാണ് തങ്ങളെന്ന് ചരിത്രരേഖകളിൽ ഉള്ളതായി ഇവിടത്തെ മുതിർന്ന തലമുറക്കാർ പറയുന്നു. കേരളത്തിന്റെ തെക്ക് നാഗർകോവിൽ വരെയും വടക്കു തിരുവല്ല വരെയും കിഴക്കു ചെങ്കോട്ട വരെയും ആയ് രാജവംശം വ്യാപിച്ചിരുന്നതായി പറയപ്പെടുന്നു. ആയ് കാലഘട്ടത്തിൽ രാജ്യത്തിന്റെ വാണിജ്യ നഗരമായിരുന്നു വിഴിഞ്ഞം. വാണിജ്യ വികസനത്തിനൊപ്പം കലാ - സാംസ്കാരിക രംഗത്തും ആയ് രാജാക്കൻമാർ ശ്രദ്ധ നൽകിയിരുന്നു. അതിനായി അയൽ രാജ്യങ്ങളിൽ നിന്നു കൈത്തൊഴിലിൽ സമർത്ഥരായവരെ ഇവിടേക്ക് ക്ഷണിച്ചുവരുത്തിയിരുന്നു. അങ്ങനെ തമിഴ്നാട്ടിൽ നിന്നു ഇവിടെ എത്തപ്പെട്ടവരാണ് ഇവിടത്തെ സ്വർണത്തൊഴിലാളികൾ എന്ന് പറയപ്പെടുന്നു.