heat-wave
heat wave

തിരുവനന്തപുരം: 'ചൂടെന്ന് പറഞ്ഞാൽ കൊടും ചൂട്. കരയും കടലുമെല്ലാം തിളച്ചുമറിയുകയാണ്" അത്യുഷ്ണമുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകൾക്ക് പിന്നാലെ സംസ്ഥാനത്ത് ഇന്നലെ പലയിടത്തും രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടി. തൃശൂർ വെള്ളാനിക്കരയിലാണ് റെക്കാഡ് ചൂട് രേഖപ്പെടുത്തിയത്, 38 ഡിഗ്രി. ഇങ്ങനെ പോയാൽ രണ്ടാഴ്ചയ്ക്കുള്ളിൽ ചൂട് 40 ഡിഗ്രി കടക്കുമെന്ന് കാലാവസ്ഥാനിരീക്ഷകർ പറയുന്നു. താപനില ഉയർന്നതോടെ കടലിലും വൻതിരയിളക്കമാണ് അനുഭവപ്പെടുന്നത്. കേരളതീരത്ത് ഇന്ന് രാത്രി 11.30 മുതൽ 19ന് രാത്രി 11.30 വരെ വൻതിരയിളക്കത്തിന് സാദ്ധ്യതയുണ്ട്. തിരകൾ 1.8 മീറ്റർ മുതൽ 2.2 മീറ്റർ വരെ ഉയർന്നേക്കും.

ഉൾക്കടലിലെ അത്യുഷ്ണപ്രതിഭാസം മൂലമാണ് കടലിൽ വൻതിരയിളമുണ്ടാകുന്നത്. ഈ പ്രതിഭാസവും

വടക്കൻ മേഖലയിൽ നിന്നുള്ള ഉഷ്ണവാതവുമാണ് സംസ്ഥാനത്ത് ചൂട് വർദ്ധിക്കാൻ കാരണം.

സംസ്ഥാനത്ത് 2016 ലാണ് ഇതിന് മുമ്പ് 40 ഡിഗ്രിയിലേറെ ചൂട് അനുഭവപ്പെട്ടത്. ചൂടിനെ പ്രതിരോധിക്കാൻ ആരോഗ്യവകുപ്പും ദുരന്തനിവാരണ അതോറിട്ടിയും ബോധവത്കരണ പരിപാടികൾ നടത്തുന്നുണ്ട്.

ഇന്നലത്തെ അത്യുഷ്ണം

കോഴിക്കോട് 36.8

കൂടിയത് 3 ഡിഗ്രി

കോട്ടയം 36.7

കൂടിയത് 2 ഡിഗ്രി

ആലപ്പുഴ 35.6

കൂടിയത് 2.1ഡിഗ്രി

തിരുവനന്തപുരം 35.1

കൂടിയത് 2 ഡിഗ്രി

തൃശൂർ വെള്ളാനിക്കര 38.1

കൂടിയത് 3.2 ഡിഗ്രി

പുനലൂർ 37.4

കൂടിയത് 3 ഡിഗ്രി

കൊച്ചി 36.5

കൂടിയത് 1.8 ഡിഗ്രി

ഉഷ്ണതരംഗത്തിനും സാദ്ധ്യത

ശരാശരിയിൽ നിന്നു രണ്ട് മുതൽ നാല് ഡിഗ്രി വരെ ചൂട് ഉയർന്നു നിൽക്കുന്ന പ്രതിഭാസമാണ് അത്യുഷ്ണം. ശരാശരിയിൽ നിന്ന് താപനില 4.5 ഡിഗ്രി സെൽഷ്യസ് ഉയരുകയും ഇത് രണ്ട് ദിവസം തുടർച്ചയായി നിലനിൽക്കുകയും ചെയ്താലാണ് ഉഷ്ണതരംഗത്തിന് (ഹീറ്റ് വേവ്)​ സാദ്ധ്യത. താപനില കുത്തനെ വീണ്ടും കൂടിയാൽ അപകടകാരിയായ സിവിയർ ഹീറ്റ് വേവാകും. താപനില ഇപ്പോഴത്തെ സ്ഥിതിയിൽ മുന്നോട്ട് പോയാൽ ഉഷ്ണതരംഗത്തിന് സാദ്ധ്യതയുണ്ട്.