നേമം: ജില്ലാ കളക്ടർ ഡോ. കെ. വാസുകിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന 'സി 5: ചേയ്ഞ്ച് ക്യാൻ ചേയ്ഞ്ച് ക്ലൈമറ്റ് ചേയ്ഞ്ച്' പരിസ്ഥിതി -മാലിന്യ സംസ്കരണ പദ്ധതി വിജയകരമായി മുന്നേറുന്നു. നഗരപ്രദേശങ്ങളായ തൈക്കാട് ജവഹർനഗർ, കണ്ണമ്മൂല, കരമന, കിഴക്കേകോട്ട, പടിഞ്ഞാറെകോട്ട എന്നിവിടങ്ങളിലെ മാലിന്യക്കൂമ്പാരം നീക്കം ചെയ്ത് സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കിയ ശേഷം ഗ്രാമപ്രദേശങ്ങളിലേക്ക് നീങ്ങിത്തുടങ്ങി. കഴിഞ്ഞ ദിവസം ബാലരാമപുരം മേഖലയിൽ ഊഷ്മളമായ തുടക്കത്തോടെ നഗരാതിർത്തി കടന്ന് പദ്ധതി വ്യാപിച്ചു. കളക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാമിലെ ഇന്റേർണീസിന്റെ നേതൃത്വത്തിൽ പൊതുജനങ്ങളുടെ സഹകരണത്തോടെ നടക്കുന്ന ശുചീകരണയജ്ഞമാണ് 'ഉദ്യാനം' പദ്ധതി. പദ്ധതിയുടെ മേഖലാതല ഉദ്ഘാടനം വെങ്ങാനൂർ പഞ്ചായത്തിലെ ഇടുവ വാർഡിലെ കൊച്ചുകട ചന്തയിൽ (മംഗലത്തുകോണം) സബ് കളക്ടർ പ്രിയങ്ക നിർവഹിച്ചു. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.എസ്. ശ്രീകല, ഇടുവ വാർഡ് മെമ്പർ ലതാകുമാരി തുടങ്ങിയവർ യജ്ഞത്തിൽ പങ്കെടുത്തു. മാർക്കറ്റ് മാലിന്യങ്ങൾ ശരിയായ രീതിയിൽ നിർമ്മാർജ്ജനം ചെയ്യാത്തതിനാലും സുസ്ഥിരമായ മാലിന്യ സംസ്കരണ രീതി നിലവിലില്ലാത്തതിനാലും വർഷങ്ങളായി മാലിന്യക്കൂമ്പാരമായി തുടർന്ന സ്ഥലമാണ് ഉദ്യാനം പദ്ധതിയിൽ ക്ലീൻ ആയത്.
കഴിഞ്ഞ ദിവസം വടക്കേകോട്ടയിൽ നിന്നു പടിഞ്ഞാറേകോട്ട വരെ പ്രദേശത്തെ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വൃത്തിയാക്കുകയും ഗ്രോ ബാഗുകളിൽ ചെടികൾ വച്ചു പിടിപ്പിക്കുകയും 'ഉദ്യാനത്തിന്റെ' ബാനർ സ്ഥാപിക്കുകയും ചെയ്തത് ജനങ്ങളിലേക്ക് മാലിന്യ സംസ്കരണ അവബോധം എത്തിക്കാൻ ഉദ്യാനം പദ്ധതിക്കു കഴിഞ്ഞെന്നതിന്റെ
തെളിവാണെന്ന് സംഘാടകർ പറഞ്ഞു.