തിരുവനന്തപുരം: ജൈന ശ്വേതാംബര തേരാപന്ഥ് വിഭാഗത്തിന്റെ പതിനൊന്നാമത് തലവൻ ആചാര്യ മഹാശ്രമണും അനുയായികളും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. തെക്കേ നടയിലെത്തിയ ആചാര്യനെയും അനുയായികളെയും ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസർക്ക് വേണ്ടി മാനേജർ ബി. ശ്രീകുമാർ സ്വീകരിച്ചു. ശ്രീപദ്മനാഭ സ്വാമിയെയും ഉപദേവന്മാരെയും വണങ്ങി എത്തിയ ആചാര്യന് ക്ഷേത്രം വക ഉപഹാരമായി ഓണവില്ല് എക്സിക്യൂട്ടിവ് ഓഫീസർ വി. രതീശനു വേണ്ടി മാനേജർ ബി. ശ്രീകുമാർ നൽകി.
'ഐക്യം, നീതി, അനാസക്തി' എന്ന സന്ദേശമുയർത്തി ആചാര്യ മഹാശ്രമൺ നയിക്കുന്ന അഹിംസായാത്രയുടെ ഭാഗമായിട്ടാണ് 90 അംഗ സംഘം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ എത്തിയത്. ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലായി ഏകദേശം15000 കിലോമീറ്റർ ദൂരം നഗ്നപാദരായിട്ടാണ് ഇവർ യാത്ര ചെയ്യുന്നത്. ഇന്നലെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സന്ദർശനത്തിനു ശേഷം കന്യാകുമാരിയിലേക്ക് തിരിച്ചു.