തിരുവനന്തപുരം: കരിക്കകം ശ്രീ ചാമുണ്ഡി ദേവീക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ച് നാളെ രാവിലെ 5 മുതൽ വെെകിട്ട് 5 വരെ കഴക്കൂട്ടം- കോവളം ബെെപാസ് റോഡിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
കിഴക്കേകോട്ട, തമ്പാനൂർ ഭാഗങ്ങളിൽ നിന്നു കരിക്കകം ക്ഷേത്രത്തിലേക്ക് സർവീസ് നടത്തേണ്ട കെ.എസ്.ആർ.ടി.സി ബസുകൾ പേട്ട പൊലീസ് സ്റ്റേഷൻ ഭാഗത്ത് നിന്നു തിരിഞ്ഞ് കണ്ണമ്മൂല-കുമാരപുരം-പൂന്തിറോഡ്-കിംസ്-വെൺപാലവട്ടം ജംഗ്ഷനിലെത്തി ആളെ ഇറക്കിയശേഷം തെക്കോട്ട് തിരിഞ്ഞ് സർവീസ് റോഡ് വഴി ചാക്ക ഭാഗത്തേക്ക് പോകണം
കോവളം, ഈഞ്ചയ്ക്കൽ ഭാഗങ്ങളിൽ നിന്ന് ഭക്തജനങ്ങളുമായി വരുന്ന വാഹനങ്ങൾ ചാക്ക ഭാഗത്ത് നിന്നു നേരെ ലോർഡ്സ് ജംഗ്ഷനിലെത്തി ആളെ ഇറക്കിയ ശേഷം മേൽപ്പാലം വഴി വേൾഡ് മാർക്കറ്റിൽ പാർക്ക് ചെയ്യണം
ആറ്റിങ്ങൽ, കഴക്കൂട്ടം ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ മേൽപ്പാലം തുടങ്ങുന്ന സ്ഥലത്ത് ആളെ ഇറക്കിയ ശേഷം സർവീസ് റോഡ് വഴി വന്ന് വേൾഡ് മാർക്കറ്റിൽ പാർക്ക് ചെയ്യണം
തുമ്പ, വേളി, പെരുമാതുറ ഭാഗങ്ങളിൽ നിന്ന് പൊങ്കാലയിടാൻ ഭക്തരുമായി വരുന്ന വാഹനങ്ങൾ ആൾസെയിന്റ്സ് ജംഗ്ഷനിൽ ആളെ ഇറക്കിയ ശേഷം ശംഖുംമുഖം പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം
നോ പാർക്കിംഗ് ആൻഡ് നോ എൻട്രി
ലോർഡ്സ് ജംഗ്ഷൻ മുതൽ വെൺപാലവട്ടം ജംഗ്ഷൻ വരെയുള്ള റോഡിലും വേൾഡ് മാർക്കറ്റ് ജംഗ്ഷന് സമീപമുള്ള വാഴവിള പാലത്തിൽ നിന്നു ക്ഷേത്രത്തിലേക്കും, ശ്രീരാഗം ലെയിൻ, പമ്പ് ഹൗസ്, ഗണപതി കോവിൽ എന്നീ ഭാഗങ്ങളിൽ നിന്നും ഭക്തജനങ്ങളെ മാത്രമേ ക്ഷേത്ര ഭാഗത്തേക്ക് കടത്തിവിടുകയുള്ളൂ.
മാധവപുരം- വേളി- വെൺപാലവട്ടം റോഡിലും, വെൺപാലവട്ടം ക്ഷേത്ര ജംഗ്ഷൻ, കിംസ് ആശുപത്രി എന്നിവിടങ്ങളിലും കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യരുത്.
വാഹനങ്ങൾ വഴിതിരിച്ച് വിടുന്ന സ്ഥലങ്ങൾ
ഈഞ്ചയ്ക്കൽ ജംഗ്ഷനിൽ നിന്ന് കഴക്കൂട്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കല്ലുംമൂട്- പൊന്നറപ്പാലം- വലിയതുറ- ശംഖുംമുഖം- വെട്ടുകാട് വഴിയോ ആൾസെയിന്റ്സ്- തുമ്പ വഴിയോ പോകണം
പാളയം ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങൾ പേട്ട- കുമാരപുരം- കണ്ണമ്മൂല- മെഡിക്കൽകോളേജ്- ഉള്ളൂർ വഴി പോകണം
കൊല്ലം- ആറ്റിങ്ങൽ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കഴക്കൂട്ടം ബെെപാസ് ഒഴിവാക്കി കഴക്കൂട്ടത്ത് നിന്ന് തിരിഞ്ഞ് ശ്രീകാര്യം- ഉള്ളൂർ വഴി നഗരത്തിലേക്ക് പോകണം
പൊങ്കാല കഴിഞ്ഞുള്ള ട്രാഫിക് ക്രമീകരണം
പൊങ്കാല നിവേദ്യം കഴിഞ്ഞ് ഭക്തജനങ്ങൾ മടങ്ങുന്ന സമയം മുതൽ ചാക്ക ഭാഗത്ത് നിന്നു കഴക്കൂട്ടം ഭാഗത്തേക്കും കഴക്കൂട്ടം ഭാഗത്ത് നിന്ന് ചാക്ക ഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിടില്ല
ആറ്റിങ്ങൽ, കഴക്കൂട്ടം, പോത്തൻകോട് എന്നീ ഭാഗങ്ങളിലേക്ക് ഭക്തർക്ക് പോകുന്നതിനായി കെ.എസ്.ആർ.ടി.സി ബസുകൾ നേരത്തേ വന്ന് ആനയറ കെ.എസ്.ആർ.ടി.സി ഗാരേജ് മുതൽ ടോൾഗേറ്റ് വരെ ഗതാഗത തടസമില്ലാതെ പാർക്ക് ചെയ്യണം
നെയ്യാറ്റിൻകര, കോവളം, കാട്ടാക്കട, തമ്പാനൂർ, കിഴക്കേകോട്ട, വെള്ളയമ്പലം ഭാഗങ്ങളിലേക്ക് പോകുന്നതിനായി കെ.എസ്.ആർ.ടി.സി ബസുകൾ ലോർഡ്സ് ജംഗ്ഷനിൽ പാർക്ക് ചെയ്യണം
കുമാരപുരം, കിംസ്, വെൺപാലവട്ടം വരെയുള്ള റോഡ് പൊങ്കാല കഴിയുന്ന സമയം മുതൽ വൺവേ ആയിരിക്കും
ഈ സമയം കുമാരപുരം ഭാഗത്ത് നിന്ന് വെൺപാലവട്ടത്തേക്ക് വാഹനങ്ങൾ കടത്തിവിടില്ല
എയർപോർട്ടിലേക്ക് വരുന്ന വാഹനങ്ങൾ മുക്കോലയ്ക്കൽ നിന്ന് തിരിഞ്ഞ് തുമ്പ-വേളി- മാധവപുരം- ആൾസെയിന്റ്സ് വഴി പോകണം