തിരുവനന്തപുരം: ചുണക്കുട്ടികളുടെ സ്ഥാനാർത്ഥിപട്ടികയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവകാശപ്പെട്ടെങ്കിലും ആദ്യഘട്ട സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായപ്പോൾ കോൺഗ്രസിൽ അസ്വസ്ഥതകളുടെ കനലെരിയുകയാണ്. ചില മണ്ഡലങ്ങളിൽ മികച്ചവരെ അവതരിപ്പിച്ചെന്ന ആശ്വാസമുണ്ട്. അതേസമയം, എ, ഐ ഗ്രൂപ്പുകളുടെ ബലാബലത്തിൽ കാര്യങ്ങൾ തീർപ്പാക്കപ്പെടുന്നതിൽ പാർട്ടിയിൽ അതൃപ്തി ശക്തമാണ്. ജയസാദ്ധ്യത മാത്രമാകും മാനദണ്ഡമെന്ന് നേതൃത്വം നേരത്തേ മുതൽ ആവർത്തിച്ച സ്ഥാനത്താണ് പതിവുള്ള ഗ്രൂപ്പ് വീതംവയ്പിലേക്ക് കാര്യങ്ങളെത്തിയത്. വയനാട് സീറ്റിനായി ഇരുഗ്രൂപ്പുകളും കടുംപിടിത്തം തുടരുകയാണ്. പ്രഖ്യാപിച്ച പട്ടികയിൽ എ ഗ്രൂപ്പിന്റെ സ്വാധീനം പ്രകടമാണെന്ന വിലയിരുത്തലുമുണ്ട്.
നാല് സിറ്റിംഗ് എം.പിമാരെ പരിഗണിച്ചപ്പോൾ പുറത്തായ കെ.വി. തോമസ് നീരസം പരസ്യമായി പ്രകടിപ്പിച്ചത് ആദ്യ വിവാദമായി. തോമസ് ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചപ്പോൾ ആദ്യമൊന്നും അദ്ദേഹം നിഷേധിക്കാതിരുന്നതിൽ കെ.പി.സി.സിക്ക് നീരസമുണ്ട്. ഇക്കുറി സീറ്റുണ്ടാകില്ലെന്ന് നേരത്തേ കണക്കുകൂട്ടിയിരുന്ന തോമസിനോട്, സിറ്റിംഗ് എം.പിമാർ ഉറപ്പായും ഉണ്ടാകുമെന്ന് പറഞ്ഞ് മോഹിപ്പിച്ചത് കേരളത്തിലെ ഉന്നതരാണെന്ന് അദ്ദേഹം അടുപ്പക്കാരോട് പറയുന്നു. നേതാക്കൾ വിളിച്ചപ്പോൾ ഡൽഹിയിൽ എത്തിയതും അതിനാലാണ്. അവസാനനിമിഷം വെട്ടിയപ്പോൾ അത് മുൻകൂട്ടി അറിയിക്കാത്തതിലാണ് തോമസിന് അമർഷം. എന്നാൽ, എറണാകുളത്തെ എതിർവികാരം തോമസിന് വിനയായി. എറണാകുളം മണ്ഡലത്തിലെ അഞ്ച് എം.എൽ.എമാർ തോമസിനെ നീക്കാൻ ഹൈക്കമാൻഡിനോട് രേഖാമൂലം ആവശ്യപ്പെട്ടു സി.പി.എമ്മിൽ പി. രാജീവ് മത്സരിക്കുമ്പോൾ പറ്റിയ സ്ഥാനാർത്ഥി ഹൈബി ഈഡനാകുമെന്ന പൊതുവിലയിരുത്തലുമുണ്ടായി. ഇത് മനസിലാക്കിയാണ് തോമസ് കീഴടങ്ങിയതെന്ന് കരുതുന്നു. ചാലക്കുടിയിൽ സ്ഥാനാർത്ഥിയായതോടെ യു.ഡി.എഫ് കൺവീനർ സ്ഥാനമൊഴിയാൻ ബെന്നി ബെഹനാൻ സന്നദ്ധനായതിനാൽ കെ.വി. തോമസിനെ ആ പദവിയിലേക്ക് നിയോഗിച്ചേക്കും.
പത്തനംതിട്ട ഡി.സി.സിയിൽ നിന്ന് തുടക്കത്തിൽ എതിർപ്പുണ്ടായിട്ടും ആന്റോ ആന്റണിക്ക് തന്നെ നറുക്ക് വീണത് ഉമ്മൻ ചാണ്ടിയുടെയും എ ഗ്രൂപ്പിന്റെയും വിജയമായി. ഇടുക്കിയിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഡീൻ കുര്യാക്കോസും ചാലക്കുടിയിൽ ബെന്നി ബെഹനാനും ഉമ്മൻ ചാണ്ടിയുടെ നോമിനികളാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കര സിറ്റിംഗ് സീറ്റ്, സ്വയം ത്യജിച്ചത് ബെന്നിയെ ഇക്കുറി ചാലക്കുടിയിലേക്ക് പരിഗണിക്കാൻ ഹൈക്കമാൻഡിനെ പ്രേരിപ്പിച്ചു.
കാസർകോട്ട് രാജ്മോഹൻ ഉണ്ണിത്താനെ ഇറക്കുമതി ചെയ്തതിനെതിരെ ഡി.സി.സിയിൽ വികാരം ശക്തമായതും പാർട്ടിയെ അസ്വസ്ഥമാക്കുന്നുണ്ട്. തൽക്കാലം വെടിനിറുത്തലുണ്ടായെങ്കിലും മുറിവ് പൂർണ്ണമായി ഉണക്കൽ എളുപ്പമല്ലെന്ന് കാസർകോട്ടെ കോൺഗ്രസ് നേതൃത്വം തിരിച്ചറിയുന്നു.
2004ൽ കോൺഗ്രസിന്റെ അടിത്തറയിളക്കുന്നതിൽ ഒരു പങ്ക് ഉണ്ണിത്താന് സീറ്റ് നിഷേധിച്ചതായിരുന്നെങ്കിൽ ഇക്കുറി അദ്ദേഹത്തിന് സീറ്റ് നൽകിയത് കലാപത്തിന് വിത്തുപാകുന്നു. ഡീൻ കുര്യാക്കോസിന് സീറ്റ് കിട്ടിയെങ്കിലും പ്രാതിനിദ്ധ്യക്കുറവിൽ യൂത്ത് കോൺഗ്രസിലും മഹിളാ കോൺഗ്രസിലും അമർഷമുണ്ട്. വടകരയിൽ ഒത്തുതീർപ്പെന്ന നിലയിൽ അവസാനം സജീവ് മാറോളി സ്ഥാനാർത്ഥിയായെത്തുമെന്ന സൂചനയുമുയരുന്നു.