തിരുവനന്തപുരം: കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെ തട്ടിക്കൊണ്ട് പോയി കൊന്ന കേസിൽ അവസാന പ്രതിയും പിടിയിലെന്ന് സൂചന. കൃത്യത്തിൽ നേരിട്ട് പങ്കുള്ള പ്രാവച്ചമ്പലം സ്വദേശി സുമേഷിനെ ഇന്നലെ വൈകിട്ടോടെയാണ് പിടികൂടിയത്. ഇയാളെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയേക്കും. ഇതോടെ എല്ലാ പ്രതികളും പിടിയിലായി. എന്നാൽ സുമേഷിനെ പിടിച്ച വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.
അതേസമയം റിമാൻഡിലുള്ള 13 പ്രതികളെയും പൊലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തും. കസ്റ്റഡി അപേക്ഷ ഇന്ന് നൽകും. മൂന്ന് പേരെ വീതം നാലു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വാങ്ങുക. പ്രതികൾ പലരും അരുംകൊലയുടെ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചിട്ടുണ്ട്. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന് പ്രതികളുടെ മൊബൈൽ ഫോണുകൾ സൈബർ വിഭാഗത്തിന് കൈമാറി.
മരണകാരണം രക്തസ്രാവം
അമിത രക്തസ്രാവം കാരണമാണ് അനന്തു മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. ഇരു കൈയിലെയും ഞരമ്പുകളിൽ നിന്നാണ് രക്തസ്രാവമുണ്ടായത്. കഞ്ചാവിന്റെ ലഹരിയിൽ പ്രതികൾ അനന്തുവിനെ ക്രൂരമായി മർദ്ദിച്ച ശേഷം ഞരമ്പ് അറുത്തെന്ന പൊലീസ് നിമഗനം ശരിവയ്ക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പിടിയിലായവരും ഇക്കാര്യം സമ്മതിച്ചിരുന്നു.
പത്ത് പേർക്കെതിരെ കൊലക്കുറ്റം
കേസിൽ പത്ത് പേർക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത സഹോദരങ്ങളായ അനന്തുരാജ്, വിനീത്‌രാജ്, വിജയരാജ് എന്നിവരടക്കമുള്ളവർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. 14 പ്രതികളാണ് കേസിലുള്ളത്. ശേഷിക്കുന്നവർക്കെതിരെ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ വകുപ്പുകളുമാണ് ചുമത്തിയിരിക്കുന്നത്. അനന്തുവിനെ തട്ടിക്കൊണ്ടുപോകാൻ സഹായിച്ച പ്രാവച്ചമ്പലം സ്വദേശി വിപിൻ ഉൾപ്പെടെ മൂന്നു പേർക്കെതിരെയാണ് ഗൂഢാലോചന കുറ്രം ചുമത്തിയത്.