dmk

 ശക്തികേന്ദ്രം വിടാതെ ഡി.എം.കെ

 കോൺഗ്രസിൽ തർക്കം തീർന്നില്ല,​ മത്സരിക്കാനൊരുങ്ങി ഖുശ്ബുവും

ചെന്നൈ: പ്രതീക്ഷ തെറ്റിയില്ല; തൂത്തുക്കുടിയിൽ കനിമൊഴിയും ചെന്നൈ സെൻട്രലിൽ ദയാനിധിമാരനും തന്നെ. ശ്രീപെരുമ്പത്തൂരിൽ ടി.ആർ.ബാലു. ഇവരുൾപ്പെടെ ഡി.എം.കെ മത്സരിക്കുന്ന 20 സീറ്റുകളിലെ സ്ഥാനാർത്ഥികളെ പാർട്ടി അദ്ധ്യക്ഷൻ എം.കെ.സ്റ്റാലിൽ പ്രഖ്യാപിച്ചു. അണ്ണാ ഡി.എം.കെയും തങ്ങൾ മത്സരിക്കുന്ന മണ്ഡലങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

എട്ടു സീറ്റുകളിലാണ് ഡി.എം.കെ, അണ്ണാ ഡി.എം.കെ പോരാട്ടം നടക്കുക. മധുരയിലും കോയമ്പത്തൂരും സി.പി.എമ്മിനെതിരെ യഥാക്രമം അണ്ണാ ഡി.എം.കെയും ബി.ജെ.പിയും മത്സരിക്കും. സി.പി.ഐ മത്സരിക്കുന്ന തിരൂപ്പൂരും നാഗപട്ടണത്തും അണ്ണാ ഡി.എം.കെ എതിരാളികളാകും.

ഡി.എം.കെയുടെ നേതൃത്വത്തിലുള്ള മതനിരപേക്ഷ പുരോഗമന മുന്നണിയിലെ സഖ്യകക്ഷികളായ സി.പി.എം കോയമ്പത്തൂരിൽ മുൻ എം.പി പി.ആർ. നടരാജനെയാണ് മത്സരിപ്പിക്കുക. മധുരയിൽ സാഹിത്യ അക്കാഡമി അവാർഡ് ജേതാവായ എസ്.വെങ്കിടേശൻ ജനവിധി തേടും. സി.പി.ഐക്കു കിട്ടിയ തിരുപ്പൂരിൽ മുൻ എം.പിയും എം.എൽ.എയുമായ കെ.സുബ്ബരായനും,​ നാഗപട്ടണത്ത് എം. സെൽവരാജുമാണ് മത്സരിക്കുക. രാമനാഥപുരം ചോദിച്ചുവാങ്ങിയ മുസ്ലിംലീഗ് അവിടെ വ്യവസായിയും പാർട്ടി സംസ്ഥാന ഉപദേശകസമിതി അംഗവുമായ നവാസ് ഗനിയെ കളത്തിലിറക്കും.

ഘടകകക്ഷികൾക്ക് സീറ്റ് നൽകുന്നതിൽ ഉദാരസമീപനം പുലർത്തിയ ഡി.എം.കെ,​ സ്വന്തം ശക്തികേന്ദ്രങ്ങൾ ആർക്കും വിട്ടുകൊടുത്തിട്ടില്ല. വടക്കൻ മദ്ധ്യ ചെന്നൈയിലാണ് പാർട്ടി മത്സരിക്കുന്ന 11 സീറ്റും. അണ്ണാ ഡി.എം.കെയുടെ ശക്തികേന്ദ്രമായ കൊങ്കുനാട്ടിലെ കരൂർ, കോയമ്പത്തൂർ, തിരുപ്പൂർ, നാമക്കൽ ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ ഘടകകക്ഷികൾക്കു വിട്ടു നൽകി സുരക്ഷിതരാവുകയും ചെയ്തു.

കോൺഗ്രസിന് പുതുച്ചേരി ഉൾപ്പെടെ പത്തു സീറ്റാണ് കിട്ടിയത്. എന്നാൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്ന കാര്യത്തിൽ ഇതുവരെ സമവായത്തിലെത്താൻ കഴിഞ്ഞിട്ടില്ല. തിരുച്ചിറപ്പള്ളി സീറ്റിനായി നടി ഖുശ്ബു രംഗത്തുണ്ട്. എന്നാൽ അതിന് കോൺഗ്രസിനകത്തു തന്നെ എതിർപ്പും ഉണ്ട്. പി.സി.സി പ്രസിഡന്റ് കെ.എസ്.അഴഗിരി, മുൻ പ്രസിഡന്റുമാരായ തിരുനാവക്കരശ്, ഇ.വി.കെ.എസ്. ഇളങ്കോവൻ, കെ.വി.തങ്കബാലു എന്നിവർ സീറ്റിനായി രംഗത്തുണ്ട്. മുൻ കേന്ദ്രമന്ത്രി ചിദംബരത്തിന്റെ മകൻ കാർത്തി ശിവഗംഗയിൽ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. മുൻ കേന്ദ്രമന്ത്രി മണിശങ്കർ അയ്യർ മൂന്നു തവണ ജയിച്ച മയിലാടുതുറൈ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നെങ്കിലും കിട്ടിയില്ല.

 ഡി.എം.കെയിലെ മറ്റ് പ്രമുഖരും മണ്ഡലങ്ങളും

ജഗത്‌രക്ഷകൻ - ആർക്കോണം

എ.രാജ - നീലഗിരി

എസ്.എസ്. പളനിമാണിക്യം - തഞ്ചാവൂർ

കലാനിധി വീരമണി - ചെന്നൈ നോർത്ത്

തമിഴാച്ചി തങ്കാപണ്ഡ്യൻ- ചെന്നൈ സൗത്ത്

കതിർ ആനന്ദ്- വേലൂർ

ഗൗതം ശിഖാമണി- കള്ളക്കുറിശ്ശി

എസ്.ആർ.പാർത്ഥിപൻ- സേലം

ജി.സെൽവൻ - കാഞ്ചീപുരം