asian-youth-athletics
asian youth athletics

ഹോംഗ്കോംഗ് : ഏഷ്യൻ യൂത്ത് അത്‌ലറ്റിക്സിൽ ചൈനയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനവുമായി അഭിമാനമുയർത്തി ഇന്ത്യ.

ഇന്നലെ ഹോംഗ്കോംഗിൽ സമാപിച്ച ചാമ്പ്യൻഷിപ്പിൽ എട്ട് സ്വർണവും ഒൻപതുവീതം വെള്ളിയും വെങ്കലവുമടക്കം 26 മെഡലുകൾ നേടിയാണ് ഇന്ത്യ ഒാവറാൾ മെഡൽ വേട്ടയിൽ രണ്ടാമതെത്തിയത്. 12 സ്വർണമടക്കം 31 മെഡലുകളുമായാണ് ഏഷ്യൻ പവർ ഹൗസായ ചൈന വൻകരയുടെ ചാമ്പ്യൻമാരായത്. ജപ്പാൻ, ചൈനീസ് തായ്‌വേയ്, ദക്ഷിണകൊറിയ, ഇറാൻ തുടങ്ങിയ വമ്പൻമാരെ പിന്തള്ളിയാണ് ഇന്ത്യ രണ്ടാംസ്ഥാനം നേടിയെടുത്തത്.

മീറ്റിന്റെ അവസാന ദിനമായ ഇന്നലെ നടന്ന ആൺകുട്ടികളുടെ മെഡ്‌ലേ റിലേയിൽ ഇന്ത്യ സ്വർണം നേടി. മലയാളി താരം അബ്ദുറസാഖ് നേതൃത്വം നൽകിയ റിലേ ടീമിൽ കരൺ ഹെഗിസ്‌തേ, ഷൺമുഖ നാലുബോധു, ശശികാന്ത് അംഗടി എന്നിവരാണ് ഒാടാനിറങ്ങിയത്.

1 മിനിട്ട് 54.4 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഇന്ത്യൻ ബോയ്സ് ടീം സ്വർണം നേടിയത്.

പെൺകുട്ടികളുടെ റിലേയിൽ ഇന്ത്യയ്ക്ക് വെള്ളിമെഡൽ ലഭിച്ചു. ദീപ്തി ജീവൻ, അവന്തിക നരാലെ, സാന്ദ്ര അജിമോൻ, പ്രിയമോഹൻ എന്നിവരടങ്ങിയ ഇന്ത്യൻ ടീം 2 മിനിട്ട് 10.17 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. ചൈന സ്വർണവും കസാഖിസ്ഥാൻ വെങ്കലവും നേടി.

ആൺകുട്ടികളുടെ ഷോട്ട് പുട്ടിൽ അമൻദീപ് സിംഗ് അവസാന ശ്രമത്തിൽ 19.09 മീറ്റർ എറിഞ്ഞ് വെങ്കലം നേടി.

800 മീറ്ററിൽ ഒരു മിനി് 51.48 സെക്കൻഡിൽ ഫിനിഷ് ചെയ്ത മഹേഷ് ബാബുവിന് വെള്ളി ലഭിച്ചു.

200 മീറ്റർ ഷൺമുഖയും വെള്ളി മെഡലിന് അർഹനായി. 21.87 സെക്കൻഡിലാണ് ഷൺമുഖ ഫിനിഷ് ചെയ്തത്.

പെൺകുട്ടികളുടെ 200 മീറ്ററിൽ അവന്തിക സന്തോഷ് വെള്ളി നേടി. നേരത്തെ 100 മീറ്ററിൽ അവന്തികയ്ക്ക് സ്വർണം ലഭിച്ചിരുന്നു. 200 മീറ്ററിൽ ഇന്ത്യയുടെ തന്നെ ദീപ്തിക്ക് വെങ്കലം ലഭിച്ചു.

പെൺകുട്ടികളുടെ 800 മീറ്ററിൽ 2 മിനിട്ട് 09.03 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഇന്ത്യയുടെ പൂജയ്ക്ക് വെള്ളി ലഭിച്ചു.

ആൺകുട്ടികളുടെ 3000 മീറ്ററിൽ അമിത് ജംഗറിനും വെള്ളി ലഭിച്ചു.

വെങ്കലമായി

ചാന്ദ്‌നി

പെൺകുട്ടികളുടെ 1500 മീറ്ററിൽ ഇന്നലെ വെങ്കലം നേടി സി. ചാന്ദ്‌നി കേരളത്തിന്റെ അഭിമാനമായി.

4 മിനിട്ട് 36.04 സെക്കൻഡിലാണ് ചാന്ദ്‌നി ഫിനിഷ് ചെയ്തത്.

പാലക്കാട് കല്ലടി കുമരം പുത്തൂർ സ്കൂളിലൂടെയാണ് ചാന്ദ്‌നി ദീർഘദൂര ട്രാക്കിൽ വിജയങ്ങൾ കൈവരിച്ചുതുടങ്ങിയത്.

അടിച്ചുപൊളിച്ച്

അബ്‌ദുറസാഖ്

ഹോംഗ്കോംഗിൽ നടന്ന ഏഷ്യൻ യൂത്ത് അത്‌ലറ്റിക്സിൽ ഇന്ത്യയുടെ സൂപ്പർ താരമായത് പാലക്കാട്ടുകാരൻ അബ്ദു റസാഖാണ്. രണ്ട് സ്വർണമാണ് അബ്ദുറസാഖ് സ്വന്തം പേരിൽ കുറിച്ചത്. ഇതിൽ ആദ്യത്തേത് 400 മീറ്ററിലെ വ്യക്തിഗത സ്വർണമായിരുന്നു. 48.17 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. മെഡ്‌ലെ റിലേയിലെ സ്വർണ നേട്ടത്തിൽ പ്രധാനപങ്കുവഹിച്ചതും ഇൗ മത്സ്യത്തൊഴിലാളിയുടെ മകനാണ്.