ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടുന്ന
ആദ്യ ഇന്ത്യൻ അത്‌ലറ്റായി കെ.ടി. ഇർഫാൻ
ന്യൂഡൽഹി : 20 കി.മീ നടത്തയിലെ ദേശീയ ചാമ്പ്യനും മലയാളിയുമായ കെ.ടി. ഇർഫാന് അടുത്തവർഷം ടോക്കിയോയിൽ നടക്കുന്ന ഒളിമ്പിക്സിലേക്ക് യോഗ്യത. ജപ്പാനിലെ നോമിയിൽ നടന്ന ഏഷ്യൻ റേസ് വാക്കിംഗ് ചാമ്പ്യൻഷിപ്പിൽ മൂന്ന് സെക്കൻഡ് വ്യത്യാസത്തിലാണ് ഇർഫാൻ നാലാംസ്ഥാനത്ത് ഫിനിഷ് ചെയ്തത്. ചാമ്പ്യൻഷിപ്പിൽ മെഡലുകളൊന്നും നേടാൻ ഇർഫാന് കഴിഞ്ഞില്ലെങ്കിലും ടോക്കിയോ ഒളിമ്പിക്സിനുള്ള യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റ് എന്ന നേട്ടം സ്വന്തം പേരിൽ കുറിക്കാൻ ഇൗ മലയാളി താരത്തിന് കഴിഞ്ഞു.
1 മണിക്കൂർ 21 മിനിട്ട്
ആയിരുന്നു ഒളിമ്പിക് യോഗ്യതാമാർക്ക്
1 മണിക്കൂർ 20 മിനിട്ട് 57 സെക്കൻഡ്
ഇർഫാൻ ഫിനിഷ് ചെയ്ത സമയം
സെപ്തംബറിൽ ദോഹയിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനും ഇർഫാൻ യോഗ്യത നേടി.
കഴിഞ്ഞമാസം ചെന്നൈയിൽ നടന്ന നാഷണൽ റേസ് വാക്കിംഗ് ചാമ്പ്യൻഷിപ്പിൽ ഇർഫാനായിരുന്നു സ്വർണം.
2012 ഒളിമ്പിക്സിൽ 1 മണിക്കൂർ 20 മിനിട്ട് 21 സെക്കൻഡിൽ 10-മതായി ഫിനിഷ് ചെയ്തതാണ് ഇർഫാന്റെ കരിയർ ബെസ്റ്റ് പ്രകടനവും ദേശീയ റെക്കാഡും.
വനിതകളുടെ 20 കി.മീ നടത്തയിൽ മലയാളിതാരം സൗമ്യ ബേബി നാലാമതായി ഫിനിഷ് ചെയ്തെങ്കിലും ഒളിമ്പിക് യോഗ്യതാമാർക്കും ലോക ചാമ്പ്യൻഷിപ്പ് യോഗ്യതാമാർക്കും മറികടക്കാനായില്ല.
ഗോപിക്ക് 11-ാം സ്ഥാനം
സിയോൾ : ദക്ഷിണകൊറിയയിൽ നടന്ന സിയോൾ മാരത്തോണിൽ മലയാളി താരം ടി. ഗോപി 11-ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. കെനിയയുടെ തോമസ് കിപ്ളഗാട്ടിനാണ് സ്വർണം.