മാഡ്രിഡ് : പരിശീലകനായുള്ള സിനദിൽ സിദാന്റെ രണ്ടാംവരവ് റയൽ മാഡ്രിഡ് ആരാധകരെ നിരാശരാക്കിയില്ല. സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ റയൽ മാഡ്രിഡ് കഴിഞ്ഞ രാത്രി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സെൽറ്റ ഡി വി ഗോയെ തോൽപ്പിച്ചാണ് സൂപ്പർ കോച്ചിന്റെ രണ്ടാംവരവ് ആഘോഷിച്ചത്.
ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷം ഇസ്കോയും ബെയ്‌ലുമാണ് റയലിനായി സ്കോർ ചെയ്തത്. പഴയ കോച്ച് സാന്റിയോഗോ സൊളാരിക്ക് കീഴിൽ തഴയപ്പെട്ടിരുന്ന ഇസ്കോയെ സിദാൻ ഫസ്റ്റ് ഇലവനിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു. 62-ാം മിനിട്ടിൽ കരിംബെൻ സേമയുടെ പാസിൽനിന്നാണ് ഇസ്കോ സ്കോറിംഗിന് തുടക്കമിട്ടത്. 77-ാം മിനിട്ടിൽ മാഴ്സലോയുടെ പാസിൽനിന്ന് ബെയ്ൽ രണ്ടാം ഗോളും നേടി.
ഇൗ വിജയത്തോടെ 28 മത്സരങ്ങളിൽനിന്ന് 54 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് റയൽ മാഡ്രിഡ്. 27 കളികളിൽനിന്ന് 63 പോയിന്റുള്ള ബാഴ്സലോണയാണ് ഒന്നാമത്. 28 മത്സരങ്ങളിൽനിന്ന് 56 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ടാമതുണ്ട്.
ഇറ്റാലിയൻ സെരി എ
യുവന്റസിന് ആദ്യ തോൽവി
ടൂറിൻ : ഇറ്റാലിയൻ സെരി എ ഫുട്ബാളിൽ നിലവിലെ ചാമ്പ്യൻമാരായ യുവന്റസിന് സീസണിലെ ആദ്യതോൽവി. ഇന്നലെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ജെനോവയാണ് യുവന്റസിനെ തോൽപ്പിച്ചത്. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയടക്കമുള്ള പ്രമുഖർക്ക് വിശ്രമം നൽകിയാണ് യുവന്റസ് ജെനോവയ്ക്കെതിരെ കളിക്കാനിറങ്ങിയത്.
72-ാം മിനിട്ടിൽ സ്റ്റെഫാൻ സ്റ്റുറാറോയും 81-ാം മിനിട്ടിൽ ഗൊരാൻ പാണ്ഡേയുമാണ് ജെനോവയ്ക്കുവേണ്ടി ഗോളുകൾ നേടിയത്.
28 മത്സരങ്ങളിൽനിന്ന് 75 പോയിന്റുകൾ സ്വന്തമാക്കിക്കഴിഞ്ഞ യുവന്റസ് ഇത്തവണയും സെരി എയിൽ കിരീടം ഉറപ്പാക്കിയിട്ടുണ്ട്. രണ്ടാംസ്ഥാനത്തുള്ള നാപ്പോളിക്ക് 27 കളികളിൽനിന്ന് 57 പോയിന്റുകളേ നേടാനായിട്ടുള്ളു.
ഇംഗ്ളീഷ് എഫ്.എ കപ്പ്
യുണൈറ്റഡ് പുറത്ത്,
സിറ്റി സെമിയിൽ
ലണ്ടൻ : ഇംഗ്ളീഷ് എഫ്.എ കപ്പ് ഫുട്ബാൾ ക്വാർട്ടർ ഫൈനലിൽ വോൾവർ ഹാംപ്ടണിനോട് തോറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്തായപ്പോൾ സ്വാൻസീ സിറ്റിയെ തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി സെമിയിലെത്തി.
വോൾവറിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തോറ്റത്. ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷം 70-ാം മിനിട്ടിൽ ജിമിനെസും 76-ാം മിനിട്ടിൽ ഡിയാഗോ ജോട്ടയും വോൾവറിനായി സ്കോർ ചെയ്തു. ഇൻജുറി ടൈമിന്റെ അഞ്ചാംമിനിട്ടിൽ മാർക്കസ് റാഷ് ഫോർഡാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആശ്വാസഗോൾ നേടിയത്.
1997/98 സീസണിനുശേഷം ആദ്യമായാണ് വോൾവർ ഹാംപ്ടൺ എഫ്.എ കപ്പിന്റെ സെമിയിലെത്തുന്നത്.
ആവേശപ്പോരാട്ടത്തിന്റെ അവസാന സമയത്ത് സ്വാൻസീ സിറ്റിയെ 3-2ന് കീഴടക്കിയാണ് മാഞ്ചസ്റ്റർ സിറ്റി സെമിയിലെത്തിയത്. സ്വാൻസീയുടെ തട്ടകത്തിൽനടന്ന മത്സരത്തിൽ 20-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ അവർ മുന്നിലെത്തി. ഗ്രമിസൊണ് സ്കോർ ചെയ്തത്. 29-ം മിനിട്ടിൽ സെലിന ലീഡ് 2-0 ആയി ഉയർത്തി.
69-ാം മിനിട്ടിൽ ബെർനാഡോ സിൽവയാണ് സിറ്റിയുടെ ആദ്യതിരിച്ചടി നൽകിയത്. 78-ാം മിനിട്ടിൽ നോർദ് ഫെൽറ്റ് സെൽഫ് ഗോളടിച്ചതോടെ കളി 2-2 ന് സമനിലയിലായി. 88-ാം മിനിട്ടിൽ അർജന്റീനാ താരം സെർജി അഗ്യൂറോ സിറ്റിക്ക് വേണ്ടി വിജയഗോൾ നേടി.