പട്യാല : ദേശീയ ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിൽ വനിതകളുടെ പോൾവാട്ടിൽ മലയാളിതാരം കൃഷ്ണ രചൻ മീറ്റ് റെക്കാഡ് തിരുത്തിക്കുറിച്ചു. ഇന്നലെ പട്യാലയിൽ 4.06 മീറ്റർ ചാടിയ കൃഷ്ണ വി.എസ്. സുരേഖ 2014 ൽ ഇതേ വേദിയിൽ കുറിച്ചിരുന്ന 4.05 മീറ്ററിന്റെ റെക്കാഡാണ് മറികടന്നത്. 3.80 മീറ്റർ ചാടിയ മലയാളിതാരം മരിയ ജയ്സണിന് വെള്ളി ലഭിച്ചു.
വനിതകളുടെ ട്രിപ്പിൾ ജമ്പിൽ കേരളത്തിന്റെ എൻ.വി. ഷീന വെങ്കലം നേടി. പുരുഷ ഹൈജമ്പിൽ കേരളത്തിന്റെ ശ്രീനിഷിന് വെള്ളി ലഭിച്ചു. സ്വർണം നേടിയ കർണാടകയുടെ ചേതനും ശ്രീനിഷും 2.18 മീറ്ററാണ് ക്ളിയർ ചെയ്തത്.