പുത്തൂർ : ചൂണ്ടയിൽ കോർക്കാൻ കക്കതപ്പി ആറ്റിലിറങ്ങിയ ഗൃഹനാഥൻ മുങ്ങിമരിച്ചു. രണ്ടു മക്കളുടെ കൺമുന്നിലായിരുന്നു ദുരന്തം.
കാരിക്കൽ പള്ളിമുക്കിന് സമീപം ബാബുനിവാസിൽ ബാബുരാജ് (46) ആണ് മരിച്ചത്. പെയിന്റിംഗ് തൊഴിലാളിയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ വീടിനടുത്തുള്ള പുത്തൂർ കാരിക്കൽ വളവിൽ കടവിൽ മീൻ പിടിക്കാൻ മക്കളെയും കൂട്ടി എത്തിയതായിരുന്നു.
ചൂണ്ടയിൽ കോർക്കാനുള്ള കക്കായിറച്ചി തപ്പി ആറ്റിലേക്കിറങ്ങിയതായിരുന്നു. ഉയർന്നുവരാൻ വൈകിയതോടെ കുട്ടികൾ നിലവിളിക്കാൻ തുടങ്ങി. ഓടിയെത്തിയ നാട്ടുകാർ ആറ്റിൽ മുങ്ങിത്തപ്പി പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഫയർ ഫോഴ്സും സഹായത്തിനെത്തി. ഭാര്യ : സിന്ധു. മക്കൾ: ശ്രീരാജ്, ശ്രീലക്ഷ്മി.