മുംബയ് : അധികസമയത്തേക്ക് നീണ്ട അഞ്ചാം സീസൺ ഫൈനൽ മത്സരത്തിൽ
ബംഗളുരു എഫ്.സി ഏകപക്ഷീയമായ ഒരു ഗോളിന് എഫ്.സി ഗോവയെ കീഴടക്കി തങ്ങളുടെ ആദ്യ
ഐ.എസ്.എൽ കിരീടം സ്വന്തമാക്കി. നിശ്ചിത സമയത്ത് ഇരുടീമുകൾക്കും ഗോളടിക്കാൻ കഴിയാതെ വന്നതിനെ തുടർന്നാണ് കളി എക്സ്ട്രാടൈമിലേക്ക് നീണ്ടത്.117-ാം മിനിട്ടിൽ രാഹുൽ ഭെക്കെയാണ് ബംഗളുരുവിനായി വിജയഗോൾ നേടിയത്.
മുംബയ് ഫുട്ബാൾ അരീനയിൽ ഇരുടീമുകളും 4-2, 3-1 എന്ന ഫോർമേഷനിലാണ് കളിക്കാനിറങ്ങിയത്. സെമി ഫൈനലിൽ പുറത്തിരുന്ന എഡുബേഡിയ ഇന്നലെ ഗോവൻ പ്ളേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തി. ടൂർണമെന്റിലെ ടോപ് സ്കോററായ ഫെറാൻ കോറോമിനാസാണ് ഗോവൻ ആക്രമണത്തിന് ചുക്കാൻ പിടിച്ചത്. ലെന്നി റോഡ്രിഗസ്, അഹമ്മദ് ജഹൗ, ജാക്കി ചന്ദ് സിംഗ്, ബ്രാൻഡൻ ഫെണാണ്ടസ് തുടങ്ങിയവരും ഗോവയുടെ മുന്നണിപ്പോരാളികളായുണ്ടായിരുന്നു.
ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയുടെ നേതൃത്വത്തിലിറങ്ങിയ ബംഗളുരു എഫ്.സി മിക്കു, സിസ്കോ ഹെർണാണ്ടസ് എന്നിവരെയാണ് മുൻ നിരയിൽ ആക്രമണത്തിന് നിയോഗിച്ചത്. ഉദാന്ത സിംഗ്, ദിമാസ് ദെൽഗാഡോ, രാഹുൽ ഭെക്കെ, ഹർമൻ ജ്യോത് ഖബ്ര തുടങ്ങിയവർ പിന്നിൽ അണിനിരന്നു.
ആറാം മിനിട്ടിൽത്തന്നെ സുന്ദരമായൊരു അവസരം ബംഗളൂരുവിനെ തേടിയെത്തിയിരുന്നു. മദ്ധ്യനിരയിൽ നിന്ന് കിട്ടിയ പന്തുമായി ഒാടിക്കയറിയ ഛെത്രി മിക്കുവിന് മറിച്ചുനൽകി. ഒറ്റയ്ക്ക് ബോക്സിനകത്തേക്ക് ഒാടിക്കയറിയ മിക്കു ഗോളടിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും ഗോളി നവീൻ പ്രതിരോധ കവചം തീർത്ത് അപകടമൊഴിവാക്കി.
17-ാം മിനിട്ടിൽ സിസ്കോയുടെ പാസിൽനിന്ന് ഛെത്രിക്ക്പന്ത് ലഭിച്ചെങ്കിലും ഷോട്ട് പുറത്തേക്ക് പോവുകയായിരുന്നു. 23-ാം മിനിട്ടിൽ ഡിമാസും സിസ്കോയും ചേർന്ന് നൽകിയ പന്ത് ഛെത്രി മിക്കുവിന് നൽകിയെങ്കിലും ഗോൾ വലയ്ക്ക് മുകളിലൂടെ പോവുകയായിരുന്നു. 28-ാം മിനിട്ടിൽ ഗോവയുടെ പ്രത്യാക്രമണവും പുറത്തേക്കായിരുന്നു. 40-ാം മിനിട്ടിൽ ഒരു ഫ്രീകിക്കിനെതുടർന്ന് ഗോവൻ തുറുപ്പുചീട്ട് കോറോ ഒരു നീക്കം നടത്തിയെങ്കിലും ബംഗളൂരു പ്രതിരോധം രക്ഷയ്ക്കെത്തി.
രണ്ടാം പകുതിയിൽ ഗോവയ്ക്ക് തുടർച്ചയായി ചാൻസുകൾ കിട്ടിയെങ്കിലും പ്രയോജനമുണ്ടായില്ല. 63-ാം മിനിട്ടിൽ ഒരു ഫ്രീകിക്കിൽ നിന്ന് ഗോവ ഗോളടിച്ചെന്ന് തോന്നിപ്പിച്ചതായിരുന്നു. പക്ഷേ ഭാഗ്യം ബംഗളുരുവിനൊപ്പമായിരുന്നു. 67-ം മിനിട്ടിൽ ഗോവയുടെ മറ്റൊരു ശ്രമം ബംഗളുരു ഗോളി ഗുർപ്രീത് തടുത്തു.
81-ാം മിനിട്ടിൽ ഉദാന്തയുടെ ക്രോസ് നെഞ്ചുകൊണ്ട് തടുത്തശേഷം ഛെത്രി മിക്കുവിന് മറിച്ചുനൽകി. എന്നാൽ മിക്കുവിന്റെ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിക്കുകയായിരുന്നു. ഇരുടീമുകളും സ്കോർ ചെയ്യാനായി ഇൻജുറി ടൈമിലും ശ്രമിച്ചുനോക്കിയെങ്കിലും ഫലമുണ്ടാകാത്തതിനെതുടർന്ന് അധിക സമയത്തേക്ക് നീളുകയായിരുന്നു.