2

പൂവാർ: തിരുപുറം ഗ്രാമപഞ്ചായത്തിലെ ഇരുവൈക്കോണം ആയുർവേദ ആശുപത്രിക്ക് ചികിത്സ ആവശ്യമായിരിക്കുന്നുവെന്ന പരാതിയുമായി നാട്ടുകാർ രംഗത്ത്. എല്ലാ ദിവസവും രാവിലെ മുതൽ ഉച്ചയ്ക്ക് 1വരെയും ഉച്ചയ്ക്ക് ശേഷം 2 മുതൽ 4 വരെയുമാണ് ഒ.പി പ്രവർത്തിക്കുന്നത്. ആരോഗ്യ വകുപ്പിന്റെയോ ഗ്രാമപഞ്ചായത്തിന്റെയോ മീറ്റിംഗുകൾ ഉള്ളപ്പോഴും ഫീൽഡ് വിസിറ്റ് നടത്തുമ്പോഴും ഇവിടെ ഡോക്ടർമാരുടെ സേവനം കിട്ടാതെവരും. പലപ്പോഴും ഇതൊരു പോരായ്മയായി നാട്ടുകാർ ചൂണ്ടി കാട്ടാറുണ്ടെങ്കിലും ആവശ്യത്തിന് മരുന്നുകൾ കിട്ടുന്നതാണ് ഒരു ആശ്വാസം. കിടത്തി ചികിത്സയോടു കൂടിയ ഒരു മുഴുവൻ സമയ ആയുർവേദ ആശുപത്രിയ്ക്കായി കാത്തിരിക്കുകയാണ് നാട്ടുകാർ. ദിനംപ്രതി 50 മുതൽ 70 വരെ ഒ.പി. രജിസ്ട്രേഷൻ നടന്നിരുന്ന ഇവിടെ നിലവിൽ ഒ.പികളുടെ എണ്ണം കുറവാണ്. കെ.എസ്.ആർ.ടി.സിയുടെ ബസ്‌സർവീസ് വെട്ടിക്കുറച്ചപ്പോൾ അതുവഴിയുള്ള വാഹന ഗതാഗതം ഇല്ലാതെയായി. സാധാരണക്കാർക്ക് ഇവിടേക്ക് എത്തിപ്പെടാൻ കഴിയുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

ഇരുവൈക്കോണം ശ്രീകണ്ഠൻ ധർമ്മശാസ്താ ക്ഷേത്രം ട്രസ്റ്റ് സംഭാവനയായി നൽകിയ 25 സെന്റ് ഭൂമിയിൽ 1974 ൽ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ജി. ഭാസകരൻനാടാരാണ് ആശുപത്രിയ്ക്ക് തുടക്കമിട്ടത്.

1976-ൽ പാറശാല ബ്ലോക്ക് ഡെവലപ്മെന്റ് കമ്മിറ്റി ചെയർമാനായിരുന്ന എൻ. സുന്ദരംനാടാർ ആയുർവേദ ആശുപത്രിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. 2006ൽ ആർ. സെൽവരാജ് എം.എൽ.എ ആയിരിക്കുമ്പോഴാണ് ആരോഗ്യമന്ത്രിയായിരുന്ന പി.കെ. ശ്രീമതി ഇന്നു കാണുന്ന ആയുർവേദ ഡിസ്‌പെൻസറിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചത്. അന്നു മുതൽ നാട്ടുകാർ ആവശ്യപ്പെടുന്നതാണ് കിടത്തി ചികിത്സ വേണമെന്നത്. സ്ഥലപരിമിതിയുള്ളതിനാൽ അതിന് കഴിഞ്ഞില്ല. അങ്ങനെയാണ് നിലവിലെ കെട്ടിടത്തിന് മുകളിൽ ഒരു നില കൂടി പണിയാൻ തീരുമാനമെടുത്തത്. 2014ൽ ഡോ. ശശി തരൂർ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ ചെലവഴിച്ച് ഐ.പി. ബ്ലോക്ക് നിർമ്മിച്ചു. വർഷം 5 കഴിഞ്ഞിട്ടും കിടത്തി ചികിത്സ ആരംഭിച്ചിട്ടില്ല.