udf-bjp

കാസർകോട്: സീറ്റ് നിഷേധിക്കപ്പെട്ട അഡ്വ. ബി.സുബയ്യ റൈ പാർട്ടി വിടുമോയെന്ന് കാസർകോട് കോൺഗ്രസിൽ ആശങ്ക. ബി.ജെ.പി ജില്ലാ നേതാക്കൾ മുൻ ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന അഡ്വ. ബാലകൃഷ്ണ ഷെട്ടി മുഖാന്തരം ചില നീക്കങ്ങൾ നടത്തുന്നുണ്ടെന്നാണ് അറിയുന്നത്. ബാലകൃഷ്ണ ഷെട്ടിക്ക് സുബയ്യ റൈയുമായി അടുത്ത ബന്ധവുമുണ്ട്. പ്രശ്‌നങ്ങൾ നേതൃത്വം ഇടപെട്ടു അനുനയിപ്പിച്ചു എന്നറിഞ്ഞതിനാൽ ഇന്നലെ ബി.ജെ.പി നേതാക്കൾ ബന്ധപ്പെട്ടിരുന്നില്ല. എന്നാൽ സുബയ്യ റൈക്ക് പ്രതിഷേധം ഉണ്ടെന്ന് അറിഞ്ഞതോടെ ഇന്ന് രാവിലെ മുതൽ അദ്ദേഹവുമായി ബി.ജെ.പി നേതാക്കൾ ബന്ധപ്പെടുന്നുണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്.

മുൻ എം.പി യും കാസർകോട് ഡി.സി.സി പ്രസിഡന്റുമായിരുന്ന ഐ. രാമറൈയുടെ മകനാണ് സുബയ്യ റൈ. സീറ്റ് തരുമെന്ന് പറഞ്ഞു മോഹിപ്പിച്ചിട്ട് അവസാന നിമിഷം പേര് വെട്ടിക്കളഞ്ഞിട്ട് എന്ത് പ്രശ്‌നം തീർക്കുമെന്നാണ് നേതാക്കൾ പറയുന്നതെന്ന് 'കേരളകൗമുദി ഫ്‌ളാഷി'നോട് സംസാരിക്കവെ അഡ്വ. സുബയ്യ റൈ പൊട്ടിത്തെറിച്ചു.

സീറ്റിന് വേണ്ടി ഞാൻ അങ്ങോട്ട് പോയിട്ടില്ല. പ്രവർത്തകരുടെ അഭ്യർത്ഥന മാനിച്ചു സമ്മതിച്ചതാണ്. പാർട്ടി നേതാക്കളായ കെ.സിയും മുല്ലപ്പള്ളിയും ചെന്നിത്തലയും എല്ലാം വിളിച്ചിരുന്നു. പ്രശ്‌നം തീർക്കാം എന്നും പറയുന്നു. എനിക്ക് മനസിലാകുന്നില്ല എന്ത് പ്രശ്‌നം തീർക്കും എന്നാണ് ഇവർ പറയുന്നതെന്ന്.

ഭാവി പരിപാടികൾ എന്തൊക്കെയാണെന്ന ചോദ്യത്തിന് തീരുമാനിച്ചിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും കാസർകോട് സീറ്റിൽ സുബയ്യ റൈയുടെ പേരിന് മുൻതൂക്കം ലഭിച്ചിരുന്നു. എന്നാൽ അവസാനനിമിഷം തഴയപ്പെട്ടു. അന്നൊന്നും സുബയ്യ റൈ പക്ഷേ പ്രതിഷേധിച്ചിരുന്നില്ല. അതേസമയം, സുബയ്യ റൈ ഈ പ്രാവശ്യവും വലിയ പ്രതിസന്ധികൾ സൃഷ്ടിക്കില്ലെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് നേതൃത്വം.