rajmohan-unnithan

കാസർകോട്: കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ നിന്ന് ജയിക്കാനാണ് താൻ എത്തുന്നതെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ. പെരിയ കല്ല്യോട്ടെ കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റെയും ശവകുടീരത്തിൽ നിന്ന് തുടങ്ങി സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് എതിരെ ആയിരിക്കും തന്റെ പോരാട്ടം എന്നും അദ്ദേഹം 'ഫ്‌ളാഷി'നോട് പറഞ്ഞു. കാസർകോട് മണ്ഡലം യു.ഡി.എഫിനെ സംബന്ധിച്ച് ബാലി കേറാമല അല്ലെന്നും ഉണ്ണിത്താൻ പ്രതികരിച്ചു.

കടന്നപ്പള്ളിയും രാമറൈയും ഇവിടെ നിന്ന് ജയിച്ചിട്ടുണ്ട്. ഞാനും കാസർകോട് നിന്ന് എം.പി ആകാൻ പോവുകയാണ്. തോറ്റുപോകാനല്ല വരുന്നത്. വോട്ടർമാർ ഇപ്പോഴേ എന്നെ സ്വീകരിച്ചു കഴിഞ്ഞു. ഈ ഘട്ടത്തിൽ പാർട്ടി നൽകിയ വലിയ അംഗീകാരം ആണ് ഈ സ്ഥാനാർത്ഥിത്വം. പാർട്ടിയ്ക്കകത്തോ പുറത്തോ എനിക്ക് ഒരു സ്ഥാനാർത്ഥിത്വം നൽകുന്നതിൽ ആർക്കും എതിർപ്പുണ്ടാകില്ല.

എന്നോട് പാർട്ടി നീതി പുലർത്തിയില്ലെന്ന് എല്ലാവരും ഒരേ സ്വരത്തിലാണ് പറഞ്ഞത്. കാസർകോട് മണ്ഡലം ഒറ്റക്കെട്ടായി തന്നോടൊപ്പമുണ്ട്. അമ്പതു വർഷമായി താൻ രാഷ്ട്രീയ പ്രവർത്തന രംഗത്തുണ്ട്. സുബയ്യ റൈയുടെ പ്രതികരണം സീറ്റ് ലഭിക്കാത്തത് മൂലമുള്ള സ്വാഭാവികമായ വികാരപരമായ പ്രകടനം മാത്രമാണെന്നായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താന്റെ പ്രതികരണം.

ഉണ്ണിത്താൻ രാവിലെ ചെന്നൈ മെയിലിൽ കാസർകോട്ടെത്തി. യു.ഡി.എഫ് ചെയർമാൻ എം.സി ഖമറുദ്ദീൻ, കൺവീനർ എ. ഗോവിന്ദൻ നായർ , കെ.പി.സി.സി സെക്രട്ടറി കെ നീലകണ്ഠൻ, ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിൽ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് ഡി.സി.സി ഓഫീസിൽ എത്തി തിരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരണ യോഗം നടത്തുന്നത് സംബന്ധിച്ച് തീരുമാനം എടുത്തു. ഉച്ചക്ക് ശേഷം കല്യോട്ട് ശരത്ത് ലാലിന്റെയും കൃപേഷിന്റെയും ശവകുടീരത്തിൽ എത്തി തിരഞ്ഞെടുപ്പ് പര്യടനത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കും. പിന്നീട് ബന്തടുക്ക, ചീമേനി രക്തസാക്ഷി മണ്ഡപങ്ങളിൽ എത്തി പുഷ്പാർച്ചന നടത്തും.