കൊച്ചി: താന്നിക്കലിൽ വൃദ്ധയുടെ ഒന്നര പവൻ സ്വർണമാല കവർന്ന കേസിൽ അറസ്റ്റിലായ അമ്മയും മകളും അടുത്തിടെ മാത്രം നടത്തിയത് അര ഡസൻ കവർച്ച. മാല പൊട്ടിച്ച് തന്ത്രപൂർവം കടന്ന് കളയുന്ന ഇരുവരും പിടിക്കപ്പെട്ടാൽ കാൽക്കൽ വീണ് മാപ്പ് പറഞ്ഞ് തടിതപ്പുകയാണ് ചെയ്യുന്നത്. നോർത്ത് പറവൂർ പെരുവാരം അറക്കപ്പറമ്പിൽ വീട്ടിൽ ജിജി (55), മകൾ വിസ്മയ (23) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച പകൽ സഹായം അഭ്യർത്ഥിച്ച് എത്തിയ ഇവർ 84കാരിയായ വൃദ്ധയുടെ മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഞായറാഴ്ച രാവിലെ 9.45 ഓടെ പറവൂരിലെ വീട്ടിലെത്തിയാണ് എളമക്കര പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കൊച്ചി നഗരത്തിൽ മൂന്ന് കവർച്ചാ ശ്രമങ്ങൾ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ഈ കേസുകളിൽ നാട്ടുകാർ പിടികൂടിയെങ്കിലും കരച്ചിൽ തന്ത്രം പുറത്തെടുത്ത് രക്ഷപ്പെട്ടു. അപഹരിക്കുന്ന മാല തിരിച്ച് കിട്ടുന്നതോടെ പരാതിയുമായി സ്റ്റേഷൻ കയറി ഇറങ്ങാൻ ആരും തയ്യാറാകാത്തതാണ് ഇവർ മുതലെടുത്തിരുന്നത്. ഭർത്താവിന്റെ മൗനാനുവാദത്തോടെയാണ് മോഷണമെന്നാണ് സൂചന. പിടിക്കപ്പെടുമ്പോൾ ഒത്ത് തീർപ്പ് ശ്രമങ്ങൾക്കായി ഇയാളും എത്തിയിരുന്നു.
മകൾക്ക് അസുഖമാണെന്നും സഹായിക്കണമെന്നും പറഞ്ഞ് വീടുകൾ കയറിയിറങ്ങുകയായിരുന്നു ഇവരുടെ രീതി. പ്രായമുള്ള സ്ത്രീകളെ ലക്ഷ്യംവെച്ചാണ് ഇവർ വീടുകളിലെത്തുന്നത്. മാനസികാസ്വാസ്ഥ്യമുള്ളതുപോലെ വിസ്മയ സംസാരിക്കുകയും വിലപിടിപ്പുള്ള വസ്തുക്കൾ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യും.
കിട്ടിയില്ലെങ്കിൽ തട്ടിപ്പറിച്ച് ഇരുവരും സ്ഥലം വിടുകയാണ് രീതിയെന്ന് പൊലിസ് പറഞ്ഞു. എന്നാൽ യുവതിക്ക് ഇത്തരത്തിലുള്ള യാതൊരു അസുഖങ്ങളുമില്ലെന്ന് പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. പത്രങ്ങളിൽ വാർത്ത വന്നതോടെ ലഭിച്ച രഹസ്യ വിവരത്തിെന്റെ അടിസ്ഥാനത്തിലാണ് പൊലിസ് ഇവരുടെ വീട്ടിലെത്തിയത്. തുടർന്ന് മാല നഷ്ടപ്പെട്ട വൃദ്ധ പ്രതികളെ തിരിച്ചറിയുകയും ചെയ്തു.
ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. താന്നിക്കലിൽ വൃദ്ധയുടെ സ്വർണമാല കവർന്ന ഇവർ റോഡിലേക്ക് ഓടിയിറങ്ങിയ അതുവഴി വന്ന കാറിന് കൈകാണിച്ച് കയറി കടന്നുകളയുകയായിരുന്നു. എളമക്കര എസ്.ഐ പി.ടി ബിജോയ്, എസ്.ഐ പ്രേംകുമാർ, എ.എസ്.ഐ രഘുനന്ദൻ, രാകേഷ്, ഡബ്ല്യു.സി.പി.ഓ ബീന എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.