തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് വഴിയിലുപേക്ഷിച്ച സംഭവത്തിൽ പ്രധാനപ്രതിയുൾപ്പെടെ മൂന്നുപേർ പൊലീസ് കസ്റ്റഡിയിലായി. കഴക്കൂട്ടം കരിയിൽ സ്വദേശി ഉണ്ണിക്കുട്ടനെ (24) മർദ്ദിച്ച കേസിലാണ് പഞ്ചായത്ത് ഉണ്ണിയെന്ന രതീഷ്കുമാർ, സിയാഫ്, സാവിയോ എന്നിവർ കഴക്കൂട്ടം പൊലീസിന്റെ പിടിയിലായത്. ഇവരെല്ലാം കഴക്കൂട്ടം സ്വദേശികളാണ്.
പ്രതികളിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്. അയിരൂപ്പാറ സ്വദേശി കുട്ടനാണ് പിടിയിലാകാനുള്ളത്. ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി 7 മണിക്കാണ് മേനംകുളം പാൽക്കര ക്ഷേത്രത്തിനു സമീപത്തുവച്ച് പഞ്ചായത്ത് ഉണ്ണി എന്നറിയപ്പെടുന്ന ഉണ്ണി കരിയിൽ സ്വദേശി ഉണ്ണിക്കുട്ടനെ ബലം പ്രയോഗിച്ച് ബൈക്കിൽ കയറ്റിക്കൊണ്ട് പോയി മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ചത്. ഇരുവരും തമ്മിലുള്ള മുൻവൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
ഉണ്ണിക്കുട്ടനെ പ്രതി മർദ്ദിക്കുന്നതും ബലമായി ബൈക്കിൽ കയറ്റി കൊണ്ടുപോകുന്നതു കണ്ട നാട്ടുകാരാണ് ആദ്യം പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒരു മണിക്കൂറിന് ശേഷം കണിയാപുരം മസ്താൻമുക്കിനടുത്തു വച്ച് ഉണ്ണിക്കുട്ടനെ കണ്ടെത്തുന്നത്. കണിയാപുരത്തെ ഒരു ഗോഡൗണിൽ വച്ചാണ് ഇവർ ഉണ്ണിക്കുട്ടനെ മർദ്ദിച്ചതെന്നാണ് അറിയുന്നത്. ഗോഡൗൺ ഉടമ ഒരു പാർട്ടിയുടെ പ്രാദേശിക നേതാവാണെന്നും ഇയാളാണ് പ്രതികൾക്ക് സഹായങ്ങൾ ചെയ്യുന്നതെന്നുമുള്ള വിവരവുമുണ്ട്. ഉടമയ്ക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മർദ്ദനമേറ്റ് അവശ നിലയിലായിരുന്ന ഇയാളെ പൊലീസ് വാഹനത്തിൽ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉണ്ണിക്കുട്ടന്റെ അമ്മയുടെ പരാതിയിലാണ് കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. മർദ്ദനമേറ്റ ഉണ്ണിക്കുട്ടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.