ബംഗളൂരു: മലയാളികൾക്ക് മഴയെന്നാൽ ക്ലാരയാണ്. ക്ലാരയെന്നാൽ സുമലത. ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടക രാഷ്ട്രീയത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ഉയർന്നുകേൾക്കുന്ന പേരാണ് സുമതലയുടേത്. തന്റെ ഭർത്താവും നടനുമായ അന്തരിച്ച അംബരീഷിന്റെ മണ്ഡലമായിരുന്ന മണ്ഡ്യയിൽനിന്ന് മത്സരിച്ചേ തീരൂ എന്ന ഒരേ പിടിവാശിയിലാണ് സുമലത. 2018 നവംബർ 24ന് ബംഗളൂരുവിൽ വച്ച് ഹൃദയാഘാതത്തെത്തുടർന്നാണ് അംബരീഷ് മരണപ്പെട്ടത്. തുടർന്ന് ഭാര്യയും നടിയുമായ സമുലത രാഷ്ട്രീയത്തിലിറങ്ങണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹം പ്രകടിപ്പിച്ചിരുന്നത് കോൺഗ്രസായിരുന്നു. എന്നാൽ, അത് മൂന്നുതവണ മണ്ഡ്യയിൽ നിന്ന് പാർട്ടിയെ ലോക്സഭയിലേക്ക് വിജയിപ്പിച്ചിരുന്ന നേതാവിന്റെ വിധവയോടുള്ള പെട്ടെന്നുണ്ടായ സഹതാപ പ്രകടനം മാത്രമായിട്ടാണ് ഇപ്പോൾ പലരും കാണുന്നത്. കാരണം, കാര്യത്തോടടുത്തപ്പോൾ കോൺഗ്രസ് കാലുവാരി. കൈവശമുണ്ടായിരുന്ന സീറ്റ് ഒരു മറുചിന്തയുമില്ലാതെ ജെ.ഡി.എസിന് വിട്ടുകൊടുത്തു. ഇതോടെ മത്സരിക്കുന്നെങ്കിൽ മണ്ഡ്യയിൽനിന്ന് മാത്രമായിരിക്കും എന്ന് സുമലത പ്രഖ്യാപിക്കുകയും ചെയ്തു. മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി താൻ മത്സരിക്കുമെന്ന് ഇതിനോടകം അവർ വ്യക്തമാക്കുകയും ചെയ്തു.
രണ്ടും കല്പിച്ച്
മൂന്ന് തവണ അംബരീഷിനെ വിജയിപ്പിച്ച മണ്ഡ്യ തനിക്കൊപ്പം നിൽക്കുമെന്നും വിജയം സുനിശ്ചിതമെന്നും ഉറച്ചുവിശ്വസിക്കുകയാണ് സുമലത. മണ്ഡലത്തിലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഈ താരസുന്ദരി ഇറങ്ങിക്കഴിഞ്ഞു. എന്നാൽ, സുമതലയെ തങ്ങൾക്കൊപ്പം കൂട്ടാൻ ശ്രമിക്കുകയാണ് ബി.ജെ.പി. എന്നാൽ, ഇതേക്കുറിച്ച് വ്യക്തമായ അഭിപ്രായമൊന്നും ചെന്നൈ സ്വദേശിയായ ഈ 55കാരി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ജെ.ഡി.എസിന്റെ പേടി
മണ്ഡ്യയിൽ സുമലത സ്വതന്ത്ര സ്ഥാനാർത്ഥി ആയോ ബി.ജെ.പി പിന്തുണയോടെയോ മത്സരിച്ചാൽ കാര്യങ്ങൾ തങ്ങൾക്കത്ര അനുകൂലമാകില്ലെന്ന് മറ്റാരെയുംകാളും നന്നായി ജെ.ഡി.എസിനറിയാം. എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനും കുമാരസ്വാമിയുടെ മകനുമായ നിഖിൽ കുമാരസ്വാമിയാണ് മണ്ഡ്യയിൽനിന്ന് ജെ.ഡി.എസിനു വേണ്ടി മത്സരിക്കുന്നത്. അച്ഛന്റെ മുഖ്യമന്ത്രിസ്ഥാനവും മുത്തച്ഛന്റെ മുൻ പ്രധാനമന്ത്രി സ്ഥാനവും യുവരക്തമെന്നും നടനെന്നുമുള്ള ഇമേജുമാണ് നിഖിലിന്റെ വിജയസാദ്ധ്യതകളായി പാർട്ടി കണക്കുകൂട്ടുന്നത്.
അതേസമയം, കോൺഗ്രസിലെ ഒരു വിഭാഗം നിഖിലിന്റെ സ്ഥാനാർത്ഥിത്വത്തെ എതിർക്കുന്നതാണ് ബി.ജെ.പിയുടെയും സുമലതയുടെയും പ്രതീക്ഷകൾ കൂട്ടുന്നതും കോൺഗ്രസിന്റെ ക്ഷീണത്തിന് ആക്കം കൂട്ടുന്നതും. എന്നാൽ, മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയ്ക്ക് മണ്ഡ്യയിൽ സുമലതയെ മത്സരിപ്പിക്കുന്നതിൽ എതിർപ്പുണ്ടായതാണ് കൈവശമിരുന്ന സീറ്റ് ജെ.ഡി.എസിന് നൽകാൻ കാരണമായി പറയപ്പെടുന്നത്. കർണാടകയിൽ ആകെയുള്ള 28 സീറ്റിൽ കോൺഗ്രസ് 20 സീറ്റിലും ജെ.ഡി.എസ് എട്ടു സീറ്റിലുമാണ് മത്സരിക്കുന്നത്.
മലയാളത്തിന്റെ ക്ലാര
തെലുങ്ക്, മലയാളം, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലായി 220ചിത്രങ്ങളിൽ അഭിനയിച്ച നടിയാണ് സുമലത. 1987ൽ പത്മരാജൻ സംവിധാനം ചെയ്ത തൂവാനത്തുമ്പികളിലാണ് സമുലത ക്ലാരയായി മലയാളത്തിൽ വേഷമിട്ടത്. 1980ൽ പുറത്തിറങ്ങിയ മൂർഖനാണ് ആദ്യ മലയാളചിത്രം. ശ്യാമ, ന്യൂഡൽഹി, ഇസബെല്ല, നം.20 മദ്രാസ് മെയിൽ, ഈ തണുത്ത വെളുപ്പാൻ കാലത്ത്, പരമ്പര, പുറപ്പാട്, കാണ്ഡഹാർ തുടങ്ങി നിരവധി മലയാളസിനിമകളിൽ വേഷമിട്ടു. 2011ൽ പുറത്തിറങ്ങിയ നായിക എന്ന ചിത്രമാണ് മലയാളത്തിൽ അഭിനയിച്ച അവസാന ചിത്രം. 1991ലാണ് കന്നട നടനും രാഷ്ട്രീയക്കാരനുമായ അംബരീഷിനെ വിവാഹം ചെയ്തത്.