എന്തു പ്രഹസനമാണ് ജെസീ ഇത്... എന്ന് ലോകം ജെസീന്ത ആർഡനോട് ചോദിക്കില്ല. കാരണം, തീവ്രവെള്ള ദേശീയതയുടെയും കടുത്ത മുസ്ലിം വിരുദ്ധതയുടെയും പേരിൽ 49 ജീവനുകൾ പിടഞ്ഞില്ലാതായപ്പോൾ 38 കാരിയായ ജെസീന്ത ന്യൂസിലൻഡ് പ്രധാനമന്ത്രിയായിരുന്നില്ല. കേവലമൊരു മനുഷ്യസ്ത്രീ മാത്രമായിരുന്നു. സർക്കാരാശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകിയ, ലൈംഗികന്യൂനപക്ഷങ്ങൾക്കുവേണ്ടി തെരുവിലിറങ്ങുന്ന, വ്യക്തിപരമായ വിശ്വാസതാത്പര്യങ്ങൾക്ക് മുൻതൂക്കം നൽകുന്ന, പാർശ്വവത്കരിക്കപ്പെടുന്ന ഒരു ജനതയുടെ വേഷത്തിലെത്തി അവരെ ആശ്വസിപ്പിക്കുന്ന ഒരു പ്രധാനമന്ത്രിക്ക് അങ്ങനെയാകാനല്ലേ കഴിയൂ.
ജെസീന്തയെ കാണുമ്പോൾ സങ്കടം കൊണ്ട് ആളുകൾ ആ ചുമലിലേക്ക് ചായുന്നതും ജെസീന്താ ജെസീന്താ എന്ന് ആർപ്പുവിളിക്കുന്നതും മറ്റൊന്നും കൊണ്ടല്ല, അവരുയർത്തുന്ന ആദർശധീരത കൊണ്ടും പറഞ്ഞ രാഷ്ട്രീയത്തിലെ വ്യക്തതയും സത്യസന്ധതയും കൊണ്ടാണ്. യുദ്ധങ്ങളില്ലാതെ, തെളിമയുള്ള രാഷ്ട്രീയം പറഞ്ഞും ക്രിക്കറ്റ് കളിച്ചുമൊക്കെ ജീവിച്ചിരുന്ന ഒരു ചെറുരാജ്യത്തിലേക്ക് ഭീകരതയുടെ കരിനിഴലുകൾ വീഴുമ്പോൾ അവിടുത്തുകാർക്കുണ്ടാകുന്ന എല്ലാത്തരം ഭീതികളെയും നെഞ്ചേറ്റിയായിരുന്നു ഇക്കഴിഞ്ഞ കുറച്ചുദിവസങ്ങളായി ജെസീന്തയുടെ ദിനചര്യകളും വികാരപ്രകടനങ്ങളും. അതിലുപരി വെടിവയ്പ് നടത്തിയ കൊലയാളിയുടെ മാനിഫെസ്റ്റോ ആക്രമം നടത്തിയതിന്റെ തൊട്ടു മുൻപ് ലഭിച്ചുവെങ്കിലും ഒന്നും ചെയ്യാൻ കഴിയാതെ പോയതിന്റെ നിരാശയും കുറ്റബോധവുമായിരുന്നു അവരെ ഭരിച്ചത്. ''ഈ ആക്രമണത്തിന്റെ ഇരകൾ ന്യൂസിലാഡിൽ താമസമാക്കിയ മറ്റ് രാജ്യക്കാരാണ്. ഈ രാജ്യത്ത് താമസിക്കാനായി ആഗ്രഹിച്ച് എത്തിയ അവരുടേതും കൂടിയാണ് ഈ രാജ്യം. എന്നെ സംബന്ധിച്ച് വെടിവയ്പ് നടത്തിയ ആക്രമികളല്ല, ഇവിടെ വെടിയേറ്റുവീണ അഭയാർത്ഥികളാണ് ഈ നാടിന്റെ യഥാർത്ഥ മക്കൾ, അവരാണ് ‘നമ്മൾ’- ലോകമെമ്പാടും മുസ്ളിം വിരുദ്ധത ശക്തമായി പടരുമ്പോൾ അവരാണ് നമ്മൾ എന്ന് ഉറക്കെ ലോകത്തോട് പറയാൻ അവർ കാണിച്ച ആത്മധൈര്യമാണ് ലോകത്തെ സമാധാനകാംക്ഷികൾ ചർച്ച ചെയ്യേണ്ടത്.
ബ്രിട്ടീഷ് സർക്കാരുകളുടേതിൽ നിന്ന് വിഭിന്നമായി കരുതലും സഹാനുഭൂതിയുമൊക്കെയാണ് തന്റെ രാഷ്ട്രീയമെന്നും രാഷ്ട്രീയപ്രവർത്തനമെന്നും മുമ്പൊരിക്കൽ ജെസീന്ത ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. പ്രതീക്ഷയാണ് തന്റെ ഭരണത്തെ നയിക്കുന്നതെന്നാണ് അവരുടെ പക്ഷം. ജി.ഡി.പിയുടെ സൂചിക ഉയരുന്നതല്ല, ജനങ്ങളുടെ ക്ഷേമമാണ് വികസനമെന്നാണ് അവരുടെ കാഴ്ചപ്പാട്. അമേരിക്ക ഉൾപ്പെടെയുള്ള കുത്തകമുതലാളിത്ത രാഷ്ട്രങ്ങളുടെ മുഖത്തുനോക്കി മുതലാളിത്തം വലിയൊരു പരാജയമാണെന്ന് പറയുന്ന ജെസീന്തയ്ക്ക് രാജാവ് നഗ്നനാണെന്ന് വിളിച്ചുപറഞ്ഞ കാണിയുടെ പരിവേഷമാണ് ലോകരാഷ്ട്രീയനിരീക്ഷകർ നൽകുന്നത്. കൃഷിക്കാരിയായും കുക്കായും സെയിൽസ് ഗേളായുമൊക്കെ ജോലിനോക്കിയിട്ടുള്ള ജെസീന്ത, ഓരോ മേഖലകളിലെയും അസമത്വങ്ങൾ കണ്ടിട്ടാണ് താൻ ജനസേവനത്തിനിറങ്ങിയതെന്നും പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ട്. എവിടെ ആയിരുന്നാലും ഏതു ജോലിയിലായിരുന്നാലും തനിക്ക് സ്വന്തമായി ഒരു ഇടം വേണമെന്നാണ് ജെസീന്ത പറയാറ്. ആ ഇടം നൽകുന്ന ആളെന്ന നിലയിലാണ് മാദ്ധ്യമപ്രവർത്തകനായ ക്ലർക്ക് ഗെയ്ഫോർട്ട് ജീവിതപങ്കാളിയായി അവർക്കൊപ്പം കൂടിയതും.
ഐക്യരാഷ്ട്ര സഭയുടെ സമാധാന ഉച്ചകോടിക്കിടെ കുഞ്ഞിന് മുലയൂട്ടുന്ന ഒരു വനിതാ ലോകനേതാവിന്റെ ചിത്രം ലോകം മുഴുവൻ ആഘോഷിക്കപ്പെട്ടത് ഓർമ്മയില്ലേ... ആ അമ്മ ജെസീന്തയായിരുന്നു. 2017 ഒക്ടോബറിൽ ന്യൂസിലാൻഡ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണ് ഇവർ ഒരു പെൺകുഞ്ഞിന് ജന്മം നൽകുന്നത്. പ്രധാനമന്ത്രി ആയിരുന്ന കാലയളവിൽ തന്നെ ആറ് മാസം പ്രസവാവധിക്കു ശേഷം തിരികെവന്ന് നാടുഭരിക്കുന്ന ആദ്യത്തെ വനിതാ നേതാവ് കൂടിയാണ് ജെസീന്ത. അന്ന് അതേക്കുറിച്ച് ചോദിച്ച മാദ്ധ്യമങ്ങളോട് ജെസീന്ത പറഞ്ഞത്, ഞാൻ ഒരു ‘സൂപ്പർവുമൺ’ ഒന്നുമല്ല. ഒരു ‘അമ്മ മാത്രമാണെന്നായിരുന്നു.
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്കരികിൽ, അവരുടെ സംസ്കാര ചടങ്ങുകളിൽ പരിക്കേറ്റവരുടെ ആശുപത്രിക്കിടക്കയ്ക്ക് അരികിൽ, കണ്ണുനിറഞ്ഞും, ചുണ്ടുകൾ പൂട്ടിയും ആലിംഗനങ്ങളോടെ ആശ്വസിപ്പിക്കുന്ന ജെസീന്തയോട് ലോകം എങ്ങനെ ചോദിക്കാനാണ്, എന്ത് പ്രഹസനമാണ് ജെസീ.. ഇതെന്ന്?