2

വിഴിഞ്ഞം: വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹിക വിരുദ്ധ ആക്രമണം. സ്കൂൾ ബസും ജനാലച്ചില്ലുകളും എറിഞ്ഞുതകർത്തു. ഡെസ്കുകളും ബെഞ്ചുകളും പുറത്തേക്കു വലിച്ചെറിഞ്ഞു. കുടിവെള്ള ടാപ്പുകൾ തകർത്തു. ഇന്നലെ സ്കൂൾ അധികൃതർ എത്തിയപ്പോഴാണ് ആക്രമണവിവരം അറിയുന്നത്.

കഴിഞ്ഞദിവസം സ്കൂൾ പരിസരത്തിരുന്ന് മദ്യപിച്ച സംഘത്തെ പൊലീസ് പിടികൂടിയിരുന്നു. ഇതിന്റെ പ്രതികാരമാണോ ആക്രമണമെന്ന് സംശയിക്കുന്നു. സ്കൂൾ പരിസരം കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധരുടെയും ലഹരിവില്പനക്കാരുടെയും ശല്യം വർദ്ധിക്കുന്നതായി പലതവണ സ്കൂൾ അധികൃതരും രക്ഷിതാക്കളും പൊലീസിൽ പരാതിനല്കിയിരുന്നതാണ്. സ്കൂൾകേന്ദ്രീകരിച്ചു പൂവാല ശല്യവും ബൈക്ക് റേസിംഗ് പെരുകുകയാണ്. വിദ്യാർത്ഥിനികളെ ശല്യം ചെയ്യുന്നതായി നിരവധിതവണ പരാതി ഉണ്ടായിട്ടുണ്ട്. ഈ സമയത്തുമാത്രം ഏതാനും പേരെ പിടികൂടുന്നതൊഴിച്ചാൽ പൊലീസ് ഇവർക്കെതിരെ ശക്തമായ നടപടികൾ എടുക്കുന്നില്ലെന്നാക്ഷേപമുണ്ട്. സ്കൂൾ സമയങ്ങളിൽ പൂവാലന്മാർ ബൈക്കുകളിൽ ചീറിപ്പായുന്ന കാഴ്ച ഇവിടെ പതിവാണ്. ഹെൽമെറ്റുപോലും വയ്ക്കാതെ പൊലീസിനുമുന്നിലൂടെയാണ് സംഘങ്ങൾ ചീറിപ്പായുന്നത്. തുടർച്ചയായി സ്കൂൾ പരിസരത്തു പൊലീസ് പട്രോളിംഗ് നടത്തിയാൽ സാമൂഹിക വിരുദ്ധരുടെയും ലഹരിമരുന്ന് കച്ചവടക്കാരുടെയും ശല്യം ഒഴിവാക്കാനാകുമെന്ന് നാട്ടുകാർ പറയുന്നു. അതേസമയം ആക്രമണത്തെപ്പറ്റി അന്വേഷണം ആരംഭിച്ചതായി വിഴിഞ്ഞം എസ്. ഐ. തൃദീപ്കുമാർ പറഞ്ഞു.