തിരുവനന്തപുരം : ഹാരിസൺ ഭൂമി ഇടപാടിൽ സുപ്രീംകോടതി ജഡ്‌ജിയുടെ നേതൃത്വത്തിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ പറഞ്ഞു. അനധികൃതമായി ഹാരിസൺ മറിച്ച് വിറ്റ ഭൂമിക്ക് കരം സ്വീകരിക്കുന്നതിന് ഒത്താശ ചെയ്‌തവർക്കെതിരെയും രാജമാണിക്യം റിപ്പോർട്ട് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെയും സി.ബി.എെ, എൻഫോഴ്സ്‌മെന്റ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ആദിവാസി ദളിത് മുന്നേറ്റ സമിതി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹാരിസൺ ഭൂമി ഇടപാട് കേസിൽ സി.പി.എമ്മിന്റെയും സി.പി.എെയുടെയും നിലപാട് വ്യക്തമാക്കണമെന്നും രാജമാണിക്യം റിപ്പോർട്ട് അട്ടിമറിക്കപ്പെട്ടെന്നും സുധീരൻ പറഞ്ഞു. എ.ഡി.എം.എസ് പ്രസിഡന്റ് രാമൻ കൊയ്യോൻ അദ്ധ്യക്ഷത വഹിച്ചു. എം. ഗീതാനന്ദൻ, കെ.എ. ഷഫീക്ക്, പി.എം. വിനോദ്, വടകോട് മോനച്ചൻ, പ്രഭാകരൻ നമ്പിലാത്ത്, പരശുരാമൻ, സുലേഖ ബീവി, സതിയമ്മ, വി. രമേശൻ, പുന്നല കുമാരൻ, ഇ.എൻ. രഘു, ബി. വരദരാജൻ, ഷിജോ .എം.ജെ, ശാന്ത കെ. വിജയൻ തുടങ്ങിയവർ പങ്കെടുത്തു.