ചെന്നൈ: ''വഴിയെങ്ങും പൂത്തു കിടക്കുകയാണ് നീ വരുമെന്ന പ്രതീക്ഷയിൽ"... അച്ഛൻ എം. കരുണാനിധിയുടെ 94-ാം പിറന്നാൾ ദിനത്തിൽ ഡി.എം.കെ നേതാവ് കൂടിയായ കനിമൊഴി കുറിച്ച വരികളാണിത്. അച്ഛന്റെ എഴുത്തു വാസന അതേപടി പകർന്നു കിട്ടിയ മകളാണ് എം.കെ കനിമൊഴി. ആരോഗ്യസ്ഥിതി മോശമായി, സംസാരിക്കാൻ കഴിയാതായ അച്ഛനെ ഓർത്തുള്ള വിഷമമായിരുന്നു കനിമൊഴിയുടെ ആ കവിത നിറയെ. മക്കളോട് എന്നും നിശ്ചിത അകലം പാലിച്ചിരുന്ന കരുണാനിധി പക്ഷേ എന്നും കനിമൊഴിക്കു മുന്നിൽ സ്നേഹലാളനയുള്ള പിതാവായിരുന്നു. അതുകൊണ്ടു തന്നെയാണ് മകളെ അവളുടെ ഇഷ്ടത്തിനനുസരിച്ച് ജീവിതവും ജോലിയും തിരഞ്ഞെടുക്കാൻ അനുവദിച്ചത്.
കരുണാനിധിയുടെ മക്കളിൽ ഏറ്റവും വൈകിയാണ് കനിമൊഴി രാഷ്ട്രീയത്തിലെത്തിയത്. ജേർണലിസം പഠിച്ച കനമൊഴി ഹിന്ദു പത്രത്തിൽ സബ് എഡിറ്ററായും തമിഴിലെ പ്രശസ്ത മാസികയായ കുങ്കുമത്തിൽ എഡിറ്റർ ഇൻ ചാർജായും സിംഗപ്പൂർ ആസ്ഥാനമായുള്ള തമിഴ് പത്രം തമിഴ് മുരസിന്റെ ഫീച്ചർ എഡിറ്ററായും ഒക്കെ ജോലി നോക്കിയിരുന്നു. അപ്പോഴും എഴുത്തിന്റെ ശക്തി കൈവിടാതെ നോക്കിയ കനിമൊഴി 2004 മുതൽ പാർട്ടിയിലുണ്ടെങ്കിലും 2007ൽ രാജ്യസഭാ എം.പിയായതോടെയാണ് മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് എത്തിയത്. ഇപ്പോഴിതാ ആദ്യമായി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു.
തൂത്തുക്കുടിയിൽ നിന്നാണ് കനിമൊഴി ഡി.എം.കെ സ്ഥാനാർത്ഥിയായി ലോക്സഭയിലേക്ക് തന്റെ കന്നി മത്സരത്തിനിറങ്ങുന്നത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷ തമിഴിസൈ സൗന്ദർരാജനാണ് കനിമൊഴിക്ക് എതിരാളിയായെത്തുന്നത്. നാടാർ സമുദായത്തിനു മുൻതൂക്കമുള്ള മണ്ഡലത്തിൽ കനിമൊഴിയെത്തുന്നത് അമ്മ രാസാത്തി അമ്മാളിന്റെ പിന്തുണയോടു കൂടിയാണ്. തമിഴിസൈയും ഈ സമുദായക്കാരിയാണെന്നതും ചെറുതല്ലാത്ത വെല്ലുവിളി ഉയർത്തുന്നു. ഡി.എം.കെയുടെ സ്ഥാനാർത്ഥി പട്ടികയിൽ ഇടംനേടിയ രണ്ട് വനിതകളിൽ ഒന്നാണ് കനിമൊഴി. തമിഴച്ചി തങ്കപാണ്ഡ്യനാണ് മറ്റൊരു വനിത.
രാജ്യസഭാ എം.പിയായി തൊട്ടടുത്ത വർഷം തൊഴിലില്ലായ്മ ദൂരീകരിക്കുന്നതിനായി വമ്പൻ ജോബ് ഫെയറാണ് കനിമൊഴി നടത്തിയത്. നിരവധി ചെറുപ്പക്കാർക്ക് ഈ ഫെയറിലൂടെ ജോലിക്കു കയറാനുമായി. 2013ൽ രണ്ടാം വട്ടവും ഡി.എം.കെ കനിമൊഴിയെ രാജ്യസഭയിലയച്ചു. എന്നാൽ, ഡി.എം.കെയെ ഒന്നാകെ പിടിച്ചുകുലുക്കിയ 2 ജി സ്പെക്ട്രം കേസിൽപെട്ട് കനിമൊഴിയും ഡി. രാജയും ഉൾപ്പെടെയുള്ളവർ പ്രതികളായി. ജയിലിലും കഴിയേണ്ടിവന്നു. എന്നാൽ, 2017ൽ കനിമൊഴി ഉൾപ്പെടെയുള്ളവരെ കോടതി കുറ്റവിമുക്തരാക്കി. ആ വർഷത്തെ തന്റെ പിറന്നാൾ ദിനത്തിൽ കനിമൊഴി കുറിച്ചതിങ്ങനെ 'ഇരട്ടി മധുരം". കനിമൊഴിയുടെ വരവോടെ തൂത്തുക്കുടി മണ്ഡലം ദേശീയ ശ്രദ്ധ ആകർഷിക്കുകയാണ്. കടുത്ത മത്സരമാകും തൂത്തുക്കുടിയിൽ ഇക്കുറി നടക്കുക.